തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ദിഖ് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിൽ എല്ലാ സംസ്ഥാന പൊലീസ് മേധാവികൾക്കും സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.
സിദിഖിനെ കുറിച്ച് വിവരം ലഭിക്കുന്നവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, ക്രൈം ബ്രാഞ്ച് എസ് പി എന്നിവരെ ബന്ധപ്പെടണമെന്നാണ് നോട്ടീസിലുളളത്. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കാനാണ് നോട്ടീസ്.
അതേ സമയം, സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. 8 വർഷത്തിന് ശേഷം യുവതി ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമെന്നെന്നാണ് ബലാത്സംഗക്കേസ് പ്രതി സിദ്ദിഖ് സുപ്രീം കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലുളളത്. ഭ
യം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസിനീയമാണെന്നും 2019 സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗമെന്ന് പറഞ്ഞിരുന്നില്ലെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു. അഭിഭാഷക രഞ്ജിത റോത്തഗിയാണ് സിദ്ദിഖിനിയായി മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്.
സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കുന്നതിന്റെ ഭാഗമായി ഇന്നലെ മുതിര്‍ന്ന അഭിഭാഷകരുമായി സിദ്ദിഖുമായി അടുപ്പമുള്ളവര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട്, പരാതിക്കാരിയായ നടി സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്. സിദ്ദിഖിനെതിരെ സര്‍ക്കാരും തടസ്സ ഹര്‍ജിയുമായി കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്.