പ്രതീക്ഷയോടെ 72 ദിനങ്ങള്‍ കാത്തിരുന്നിട്ടും അര്‍ജുന്‍ വിട പറഞ്ഞത് നൊമ്പരമായി; വൈകാരിക കുറിപ്പുമായി മമ്മൂട്ടിയും മോഹന്‍‌ലാലും

ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്റെ ലോറിയും വണ്ടിക്കുള്ളിൽ നിന്ന് മൃതദേഹവും കണ്ടെത്തിയതിനു പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി മമ്മൂട്ടിയും മോഹന്‍‌ലാലും. മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി. 72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നിട്ടു ഇന്ന് വിട പറയേണ്ടി വന്നു എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്.

’72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു, നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും…ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു..ആദരാഞ്ജലികൾ അർജുൻ’, മമ്മൂട്ടി കുറിച്ചു.

https://www.facebook.com/Mammootty/posts/1095641865259147?ref=embed_post

അര്‍ജുന്‍റെ വാര്‍ത്തയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ വഴി നടൻ മോഹൻലാലും അനുശോചനം രേഖപ്പെടുത്തിയിരുന്നു. ‘മനമുരുകി പ്രാർഥിച്ച നാം എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ. പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളെന്ന്’ മോഹൻലാൽ കുറിച്ചു.

നേരത്തെ നടി മഞ്ജു വാര്യരും വികാരമായ കുറിപ്പ് പങ്കുവച്ചിരുന്നു. അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും എന്ന് പറയുന്നത്. മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും”, മഞ്ജു വാര്യര്‍ തന്‍റെ പോസ്റ്റില്‍ പറയുന്നു.

ഗംഗാവലിപ്പുഴയില്‍ ഡ്രജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. 12 മീറ്റര്‍ ആഴത്തില്‍ നിന്നാണ് നാവിക സേന ലോറി കണ്ടെത്തിയത്. കാണാതായ മറ്റ് രണ്ടുപേര്‍ക്കുള്ള തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലി അര്‍പ്പിച്ചു

അർജുന്‍റെ ട്രക്ക് ഉടമയായ മനാഫ് നടത്തിയ ഇടപെടൽ ഉന്നതമായ മാനവികതയുടെ ഉദാത്ത മാതൃകയാണെന്ന് പരാമര്‍ശിച്ച് കൊണ്ടാണ് മുഖ്യമന്ത്രി പോസ്‌റ്റ് പങ്കുവച്ചത്. തെരച്ചിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കർണാടക സർക്കാരിനും മുഖ്യമന്ത്രി സിദ്ധാരാമയ്യക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ മറന്നില്ല.

“കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ ട്രക്ക് 71 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയിരിക്കുന്നു. തെരച്ചില്‍ ആരംഭിച്ച ആദ്യ നാൾ തൊട്ട് അർജുനെ രക്ഷപ്പെടുത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു നമ്മുടെ നാട്. ഇതോടനുബന്ധിച്ച് വരുന്ന വാർത്തകളെ പ്രതീക്ഷയോടെ കണ്ട് നാം ഒത്തൊരുമിച്ച് അർജുന്‍റെ കുടുംബത്തിന് പിന്തുണ നൽകി.

തെരച്ചിൽ പ്രവർത്തനങ്ങള്‍ ആരംഭിച്ച അന്നു തൊട്ട് അർജുന്‍റെ ട്രക്ക് ഉടമയായ മനാഫ് അടക്കമുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്‌തിരിക്കുകയായിരുന്നു. തെരച്ചിൽ ഊർജ്ജിതപ്പെടുത്തുന്നതിനായി മനാഫ് നടത്തിയ ഇടപെടൽ ഉന്നതമായ മാനവികതയുടെ ഉദാത്ത മാതൃക കൂടിയാണ്. വീണ്ടെടുത്ത ട്രക്കിൽ നിന്നും ലഭിച്ച മൃതദേഹം ഡിഎൻഎ ടെസ്‌റ്റ് അടക്കമുള്ള പരിശോധനകൾക്ക് അയച്ചിരിക്കുകയാണ്.

തെരച്ചിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കർണാടക സർക്കാരിനും മുഖ്യമന്ത്രി സിദ്ധാരാമയ്യക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊണ്ട് കത്തയച്ചു. ഈ ബൃഹദ് ദൗത്യത്തിനായി പ്രയത്നിച്ച കാർവാർ നിയോജക മണ്ഡലം എംഎൽഎ സതീഷ് കൃഷ്‌ണ സെയിലിനും ഉത്തര കന്നഡ ജില്ലാ ഭരണ സംവിധാനത്തിനും കത്തിൽ നന്ദി രേഖപ്പെടുത്തി. തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തിയ കേന്ദ്ര-സംസ്ഥാന സേനകളോട് കേരളം കടപ്പെട്ടിരിക്കുന്നു.”-മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചു.

https://www.facebook.com/share/p/Dn3wv6JzJZGDjtoD/

Print Friendly, PDF & Email

Leave a Comment

More News