കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കുക: പ്രവാസി വെല്‍ഫെയര്‍

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കുക’ എന്ന ആവശ്യമുന്നയിച്ച് നടന്നുവരുന്ന സമരപരിപാടികള്‍ക്ക് പ്രവാസി വെല്‍ഫെയറിന്റെ ഐക്യദാര്‍ഢ്യം. പോയിന്റ് ഓഫ് കോൾ പദവി ലഭിക്കാത്തതിനഅല്‍ ഒരു വിദേശ വിമാനക്കമ്പനിക്കും നിലവില്‍ കണ്ണൂരേക്ക് സര്‍വ്വീസ് നടത്താന്‍ അനുമതിയില്ല. കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഗ്രാമപ്രദേശത്താണ് എന്നും പുതിയ വിമാനത്താവളങ്ങൾക്ക് പോയിന്റ് ഓഫ് കോൾ നൽകാനാവില്ല എന്നുമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം മുടക്ക് ന്യായം പറയുന്നത്. അതേസമയം വൻ നഗരങ്ങളിലല്ലാത്ത ഒട്ടേറെ വിമാനത്താവളങ്ങൾക്കും കണ്ണൂരിന് ശേഷം മാത്രം പ്രവർത്തനം തുടങ്ങിയവയ്ക്കും പോയിന്റ് ഓഫ് കോൾ നല്‍കിയിട്ടുമുണ്ട്.

കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കിയാൽ കടന്നുപോകുന്നത്. വലിയ വിമാനങ്ങള്‍ക്ക് സുഗമമായി സര്‍വീസ് നടത്താനുള്ള സൗകര്യമുള്ള കണ്ണൂർ വിമാനത്താവളം വഴി ഇതിനോടകം 60 ലക്ഷം യാത്രക്കാർ യാത്ര ചെയ്തു കഴിഞ്ഞു. കൂടുതല്‍ സര്‍വ്വീസുകള്‍ വർദ്ധിച്ചാൽ വിമാനത്താവളമുപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് സാമ്പത്തിക പ്രതിസന്ധിയും പെട്ടെന്ന് തരണം ചെയ്യാന്‍ സാധിക്കും. കണ്ണൂരിലേക്കു സര്‍വീസ് നടത്താന്‍ ഗള്‍ഫ് വിമാനക്കമ്പനികള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍, കേന്ദ്ര വ്യോമയാന മന്ത്രാലയം പച്ചക്കൊടി കാണിക്കുന്നില്ല. ഗള്‍ഫ് മലയാളികളെയാണ് ഇത് ഏറെ ബാധിക്കുന്നത്. സര്‍വ്വീസുകളുടെ എണ്ണം കുറവായതിനാല്‍ സീസണുകളില്‍ പൊന്നും വിലകൊടുത്താണ്‌ ടിക്കറ്റ് എടുക്കേണ്ടി വരുന്നത്. സര്‍വ്വീസ് നടത്തുന്ന എയറിന്ത്യയുറ്റെ കൃത്യ നിഷ്ഠയില്ലായ്മയും ദുരിതത്തിന്റെ ആഴം കൂട്ടുന്നു. ഈ വിഷയത്തില്‍ എത്രയും പെട്ടെന്ന് അനുകൂല തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണാമെന്നും കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇതിനായി സമ്മര്‍ദം ചെലുത്തണമെന്നും പ്രവാസി വെല്‍ഫെയര്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ കൗണ്‍സിലംഗം ഇഖ്ബാല്‍ ഇബ്രാഹിം തേലക്കാട്ട്, കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗം കെ.ടി. ഷരീഫ് തുടങ്ങിയര്‍ സമര പന്തലിലെത്തി ഐക്യദാര്‍ഢ്യം അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News