ആലപ്പുഴ: നാളെ (28.09.2024) ആലപ്പുഴ ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. നെഹ്റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തിലാണ് ആലപ്പുഴ ജില്ലയിൽ കലക്ടർ ശനിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി സെപ്റ്റംബർ 28 ലേക്ക് മാറ്റി വെക്കുകയായിരുന്നു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വർഷവും സാംസ്കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരാറുള്ള സാംസ്കാരിക ഘോഷ യാത്രയും വിവിധ പരിപാടികളും വഞ്ചിപ്പാട്ട് ഉൾപ്പെടെയുള്ള മത്സരങ്ങളും ഒഴിവാക്കിയിട്ടുണ്ട്. സെപ്റ്റംബർ 28 ശനിയാഴ്ച ഉച്ച കഴിഞ്ഞ് നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി ഒരുക്കങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
സെപ്റ്റംബർ 28 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരും ജില്ലയിലെ എം പിമാർ എം എൽ എമാർ തുടങ്ങി നിരവധി പേർ പങ്കെടുക്കും. 70ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങള്‍ മത്സരത്തിനുള്ളത്. ക്ലബുകള്‍ ലക്ഷങ്ങള്‍ മുടക്കി പരിശീലനം ഉള്‍പ്പെടെ നടത്തിയ സാഹചര്യത്തിലാണ് വള്ളം കളി നടത്താനുള്ള തീരുമാനം ഉണ്ടായത്.
വള്ളംകളി ഈ മാസം 28 ന് നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പടെ നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് വള്ളം കളി നടത്താനുള്ള തീരുമാനം ഉണ്ടായത്.