കാർവാർ∙ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ, അനുജൻ അഭിജിത്ത് എന്നിവർ ചേർന്ന് കാർവാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മൃതദേഹം അര്‍ജുന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മൃതദേഹം കൈമാറിയത്. അര്‍ജുന്റെ സഹോദരന് അഭിജിത്തിന്റെ ഡിഎൻഎ സാമ്പിളാണ് താരതമ്യത്തിനായി ശേഖരിച്ചത്. അർജുന്റെ തുടയെല്ലും നെഞ്ചിന്റെ ഭാഗത്തുള്ള വാരിയെല്ലിന്റെ ഒരു ഭാഗവുമാണ് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരുന്നത്.
കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് എന്നിവരുൾപ്പെടെ ആശുപത്രിയിലെത്തി. അർജുന്റെ മൃതദേഹവുമായി മടങ്ങുന്ന ആംബുലൻസിനെ കോഴിക്കോട് വരെ കാർവാർ പൊലീസ് അനുഗമിക്കും. കാർവാർ എംഎൽഎയും ആംബുലൻസിനെ അനുഗമിച്ച് അർജുന്റെ വീട്ടിലേക്ക് വരുമെന്ന് അഷ്റഫ് എംഎൽഎ പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് ആംബുലന്‍സ് അഞ്ച് മിനിറ്റ് നിര്‍ത്തിയിടും. നാളെ രാവിലെയോടെ മൃതദേഹം അര്‍ജുന്റെ വീട്ടിലെത്തിക്കും.
അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് പൂര്‍ണമായും വഹിക്കുന്നത് കര്‍ണാടക സര്‍ക്കാരാണ്. ഇതിന് പുറമേ കര്‍ണാടക സര്‍ക്കാരിന്റെ ധനസഹായമായ അഞ്ച് ലക്ഷം രൂപയും അര്‍ജുന്റെ കുടുംബത്തിന് കൈമാറും. കഴിഞ്ഞ ദിവസമാണ് ഗംഗാവലിപ്പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ കാബിന് ലഭിച്ചത്. ലോറിയില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി.
ലോറി അര്‍ജുന്റേത് തന്നെയെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. കണ്ടെത്തിയത് അര്‍ജുന്റെ മൃതദേഹഭാഗങ്ങളാണെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. അര്‍ജുനെ കാണാതായി എഴുപത്തിരണ്ടാമത്തെ ദിവസമാണ് ലോറിയുടെ ഭാഗങ്ങളും മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയത്.
അർജുന്റെ വാച്ച്, ചെരുപ്പ്, മൊബൈൽ ഫോണുകൾ, പ്രഷർ കുക്കർ, സ്റ്റീൽ പാത്രങ്ങൾ, മകന്റെ കളിപ്പാട്ടം, കുപ്പിവെള്ളം, കവറിൽ സൂക്ഷിച്ചിരുന്ന ധാന്യങ്ങൾ, വാഹനവുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയവയും കാബിനിൽനിന്നു കണ്ടെടുത്തിരുന്നു. ലോറിയുടെ മെക്കാനിക് ഉപകരണങ്ങൾ അടങ്ങിയ ബാഗും കണ്ടെടുത്തിരുന്നു.
അതേസമയം, അർജുന് അന്ത്യയാത്ര നൽകാനുള്ള ഒരുക്കത്തിലാണ് നാട്. കണ്ണാടിക്കലിലെ വീട്ടുപറമ്പിൽ തന്നെയാണ് അർജുന് വേണ്ടി ചിതയൊരുങ്ങുക.