മലപ്പുറം: വിവാദ പ്രസ്താവനകളിറക്കി മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കിയ പി വി അന്‍വര്‍ എം എല്‍ എ പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നു. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും തള്ളിപ്പറഞ്ഞതോടെയാണ് സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് പി.വി അൻവർ രംഗത്തെത്തിയിരിക്കുന്നത്. താന്‍ പാര്ട്ടിക്കകത്തായിരുന്നതിനാല് പല പ്രതിസന്ധികളും നേരിടേണ്ടി വന്നു, പുറത്താക്കിയ സ്ഥിതിക്ക് ഇനിയേതായാലും ഞാന്‍ വെറുതെ ഇരിക്കില്ല, തീപ്പന്തം പോലെ കത്തും’ എന്നാണ് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
‘തനിക്കൊരാളെയും ഇനി പേടിക്കേണ്ട കാര്യമില്ല. ഇനി ജനങ്ങളോട് സമാധാനം പറഞ്ഞാൽമതി. പണ്ടെനിക്ക് പരിമിതിയുണ്ടായിരുന്നു. അതിൽനിന്ന് തന്നെ ഫ്രീയാക്കി വിട്ടിരിക്കുകയാണ്. ജനങ്ങളെ വച്ച് സംസാരിക്കും, പ്രതിരോധിക്കും. നിയമം ജനങ്ങൾക്കുള്ളതാണ്. അത് കേന്ദ്രമായാലും സംസ്ഥാനമായാലും ജനങ്ങളെ സംരക്ഷിക്കുംവിധം കാലികമായി മാറ്റം വരുത്തണം. ഇതൊരു വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുന്നു. ജനങ്ങൾക്ക് നീതിയില്ല. ജനങ്ങൾക്ക് മിണ്ടാൻ പാടില്ല. ആ നക്സസിനെ കുറിച്ചാണ് തനിക്ക് സംസാരിക്കാനുള്ളത്. സംസാരിച്ചുകൊണ്ടേയിരിക്കും. എന്തായാലും പുറത്താക്കി. വാച്ച്മാന്റെ പണിയും പോയി’, എന്നും അദ്ദേഹം പറഞ്ഞു.
റിദാൻ കൊലപാതക കേസ് അന്വേഷണം അട്ടിമറിച്ചത് എഡിജിപി അജിത് കുമാർ ആണെന്ന ആരോപണവും അൻവർ ആവർത്തിച്ചു. കേസിൽ ഇനി SIT ക്ക് അന്വേഷണം നടത്താൻ കഴിയില്ല. കേസ് അട്ടിമറിച്ച എടവണ്ണ പോലീസ് തന്നെയാണ് വീണ്ടും കേസ് അന്വേഷിക്കാൻ പോകുന്നത്. അതിന് കോടതി അനുമതി നേടി എടുത്തു. പൂരം കലക്കിയതിൽ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും അൻവർ പറഞ്ഞു.
പാർട്ടി ഭരണഘടനയിൽ മാത്രമാണ് വിമർശിക്കാൻ സ്വാതന്ത്ര്യം ഉള്ളത്. ഇവിടെ പ്രവർത്തകർക്ക് തീരുമാനം എടുക്കാനാകില്ല. കോക്കസായി പ്രവർത്തിക്കുന്ന നേതാക്കളാണ് തീരുമാനങ്ങൾ എടുക്കുന്നത്. നാടിന് വേണ്ടിയാണ് താൻ ശബ്ദിക്കുന്നത്. എന്റെ എല്ലാ പരിമിതിയും ഇപ്പോള്‍ ഒഴിവായി. മുഖ്യമന്ത്രി തള്ളി പറഞ്ഞാൽ പിന്നെ എന്തിന് കാത്തിരിക്കണം.
പുതിയ രാഷ്ട്രീയനീക്കത്തെ കുറിച്ചും അൻവർ വിശദീകരിച്ചു. ഞായറാഴ്ച നിലമ്പൂരിലും തിങ്കളാഴ്ച കോഴിക്കോട്ടും പൊതുയോഗം നടത്തും. ജനങ്ങൾ തയാറാണെങ്കിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും അൻവർ പറഞ്ഞു. പരിപൂർണമായ മതേതര സ്വഭാവമുള്ള പാർട്ടിയായിരിക്കും അത്. ഈ ഭരണത്തിൽ കമ്യൂണിസ്റ്റുകൾക്ക് ഒരു നീതിയും കിട്ടുന്നില്ല. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും താൻ പ്രസംഗിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു.