ഐഎൻഎൽ നിന്നും പുറത്താക്കപ്പെട്ടതിനെ തുടർന്ന് ഒരുവർഷമായി ‘ നാഷണൽ ലീഗ് ‘ എന്ന പേരിൽ പ്രവർത്തിച്ചുവരുന്ന വഹാബ് വിഭാഗം പി വി അൻവറിന് പരസ്യപിന്തുണയുമായി രംഗത്ത്. മലപ്പുറം ജില്ലാ ജനറൽ സിക്രട്ടറി മുജീബ് ഹസ്സനാണ് തൻ്റെ FB പേജിൽ പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയത്.
അൻവർ ഉയർത്തിയ പരാതി ന്യായമായിരുന്നു എന്നും, അതിനെ ചവറ്റുകുട്ടയിൽ എറിഞ്ഞപ്പോൾ അൻവറിന് പരസ്യമായി ഏറ്റുമുട്ടലല്ലാതെ മാർഗ്ഗം ഉണ്ടായില്ല. പിണറായി പോലീസിലെ സംഘ്പരിവാർ വത്കരണം അങ്ങാടി പാട്ടാണ്. ഇതിന് നേതൃത്വം നൽകുന്നത് ADGP യാണ്. ഈ സത്യം ഇനിയും മറച്ചുവെച്ചിട്ട് കാര്യമില്ല . RSS ന് കപ്പംകൊടുക്കുന്ന രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയ ജനാധിപത്യബദൽ ഉയർന്നുവരുമെന്നും പോസ്റ്റിൽ പറയുന്നു.
നിലവിൽ LDF ൻ്റെ ഭാഗമല്ലാതെ സഹകരിപ്പിക്കുന്ന പാർട്ടികളിൽപ്പെട്ട ‘ വഹാബ് വിഭാഗം ‘ അൻവറിൻ്റെ നേതൃത്വത്തിൽ പുതുതായി രൂപപ്പെടുന്ന ഇടതു വിരുദ്ധ ചേരിയുടെ ഭാഗമാഗാൻ തയ്യാറായി എന്നാണ് വാർത്തകൾ. മുഖ്യമന്ത്രിയും, പാർട്ടി സിക്രട്ടറിയും അൻവറിനെ പരസ്യമായി തളളിപ്പറഞ്ഞതിന് ശേഷം, മുഖ്യമന്ത്രിക്കും, പാർട്ടിക്കുമെതിരെ അതിരൂക്ഷമായ ഭാഷയിൽ അൻവർ കടന്നാക്രമണം നടത്തിയ ശേഷമാണ് ജില്ലാ ജനറൽ സിക്രട്ടറിയുടെ FB പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്. വ്യക്തിഗത പിന്തുണക്കപ്പുറം ഒരു സംഘടന എന്ന നിലയിൽ ചെറുതാണെങ്കിലും അൻവറിന് ലഭിക്കുന്ന ആദ്യപിന്തുണയാണ് വഹാബ് പക്ഷം നാഷണൽ ലീഗിൻ്റെത്.