തൃശ്ശൂര്‍: തൃശൂർ നഗരത്തിന് സമീപമുള്ള മൂന്ന് എ.ടി.എമ്മുകളിൽ നിന്ന് 65 ലക്ഷം രൂപ മോഷ്ടിച്ച കൊള്ള സംഘം ‘തീരൻ അധികാരം ഒൻട്ര്’ എന്ന തമിഴ് സിനിമാ സ്റ്റൈലിലാണെന്ന് പോലീസ്. മുഖം മൂടി ധരിച്ചാണ് കാറിലെത്തിയ സംഘം പണം കവർന്നത്. നാമക്കലില്‍ വെച്ച് പിടികൂടിയ കവർച്ചാ സംഘാംഗങ്ങളെ കുമാരപാളയം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാമക്കൽ പള്ളിപാളയത്ത് അറസ്റ്റിലായ ഇവർക്കെതിരെയുള്ള അന്വേഷണത്തിന് നാമക്കൽ എസ്.പി.യുടെ കീഴിൽ നാലുസംഘങ്ങളെ നിയോഗിച്ചതായി പോലീസ് വ്യക്തമാക്കി.
പോലീസുമായുള്ള ഏറ്റുമുട്ടലിൽ ലോറി ഡ്രൈവർ ജമാലുദ്ദീൻ വെടിയേറ്റുമരിക്കുകയും മറ്റൊരു പ്രതി അസർ അലിക്ക് ഇരുകാലുകൾക്കും വെടിയേൽക്കുകയും ചെയ്തിരുന്നു. ഇയാൾ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശേഷിക്കുന്ന അഞ്ചുപേരെയും വെപ്പടൈ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അന്വേഷണ സംഘങ്ങളിൽ ഒരു ടീം പ്രതികളുടെ നാടായ ഹരിയാനയിൽ പോയി തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട ജമാലുദ്ദീന്റെ ബന്ധുക്കൾ ശനിയാഴ്ച രാവിലെ നാമക്കലിലെത്തി. സങ്കഗിരി സർക്കാർ ആശുപത്രയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പോലീസിന്റെ ഏറ്റുമുട്ടൽ കൊലപാതകത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മജിസ്‌ട്രേറ്റ്തല അന്വേഷണവും തുടങ്ങി. ഹരിയാനയിലെ പൽവൽ, നൂഹ് ജില്ലകളിൽ നിന്നുള്ള പ്രതികൾ എ.ടി.എം. കവർച്ച പതിവാക്കിയവരാണ്.
മാസങ്ങളുടെ തയ്യാറെടുപ്പിലാണ് കൊള്ളസംഘം കേരളത്തിലെത്തിയത്. തൃശൂർ നഗരത്തിന് സമീപത്തെ മൂന്ന് എ.ടി.എമ്മുകളിൽ നിന്നായി 65 ലക്ഷം രൂപയാണ് മുഖം മൂടി ധരിച്ച് കാറിലെത്തിയ സംഘം കവർന്നത്. എ.ടി.എമ്മിലെ ക്യാമറകളിൽ സ്പ്രേ അടിച്ച് കാഴ്ച തടസ്സപ്പെടുത്തിയായിരുന്നു കവർച്ച. സമീപത്തുള്ള സി.സി.ടി.വി ക്യാമറകളിൽ നിന്നാണ് മുഖം മൂടി സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.