ആലപ്പുഴ: തുടര്‍ച്ചയായി അഞ്ചാം തവണയും നെഹ്രുട്രോഫി വള്ളം കളിയിൽ പള്ളാത്തുരുത്ത് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടന്‍ ജലരാജാവ് കിരീടമണിഞ്ഞു. പതിനാറാം തവണയാണ് കാരിച്ചാല്‍ ചുണ്ടന്‍ കിരീടമണിയുന്നത്. 0.5 മൈക്രോ സെക്കന്റിലായിരുന്നു കാരിച്ചാലിന്റെ വിജയം. കൈനകരി വില്ലേജ് ബോട്ട് ക്ലബിൻ്റ വീയപുരം രണ്ടാമതെത്തി.
ഇതോടെ ഏറ്റവും കൂടുതൽ തവണ കിരീടം സ്വന്തമാക്കുന്ന ടീമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് മാറി. കഴിഞ്ഞ നാല് വർഷവും തുടർച്ചയായി കാരിച്ചാൽ ചുണ്ടൻ തന്നെയാണ് നെഹ്രു ട്രോഫി സ്വന്തമാക്കിയിരുന്നത്. തുടർച്ചയായ അഞ്ചാം തവണയും ആകെ 16ാം തവണയുമാണ് കാരിച്ചാൽ ചുണ്ടൻ കിരീടം സ്വന്തമാക്കുന്നത്.
ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ മത്സരത്തിനെത്തിയത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളാണുളളത്. ചുരുളന്‍-3, ഇരുട്ടുകുത്തി എ ഗ്രേഡ്-4, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ഇരുട്ടുകുത്തി സി ഗ്രേഡ്-14, വെപ്പ് എ ഗ്രേഡ്-7, വെപ്പ് ബി ഗ്രേഡ്-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.
19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മാറ്റുരച്ച മത്സരത്തിൽ നിരണം ചുണ്ടൻ, വീയപുരം ചൂണ്ടൻ, നടുഭാഗം ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ എന്നിവരാണ് ഫൈനലിൽ ആവേശപ്പോരാടിയത്. ഫോട്ടോ ഫിനിഷിലാണ് ഫൈനൽ മത്സരം അവസാനിച്ചത്. കാരിച്ചാലോ വീയപുരമോ എന്ന് മനസ്സിലാകാത്ത വിധമാണ് മത്സരം അവസാനിച്ചതെങ്കിലും മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാൽ ഒന്നാമതെത്തിയത്. 4:29.785 സമയമെടുത്ത് കാരിച്ചാൽ ഫിനിഷ് ചെയ്തപ്പോൾ 4:29.790 സമയമെടുത്ത് വീയപുരം ഫിനിഷ് ചെയ്തു.
ഹീറ്റ്സ് മത്സരങ്ങളിൽ ഏറ്റവും മികച്ച സമയം കുറിച്ച നാല് ചുണ്ടൻ വള്ളങ്ങളാണ് ഫൈനൽ പോരാട്ടത്തിൽ അണിനിരന്നത്. ഏറ്റവും ആവേശം നിറഞ്ഞുനിന്ന നാലാം ഹീറ്റ്സിൽ മത്സരിച്ച മൂന്ന് ടീമുകളാണ് ഫൈനലിലേക്ക് തുഴഞ്ഞുകയറിയത്. പുന്നമട കായലിനെ ഇളക്കിമറിച്ച് ഒൻപത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി മാറ്റുരച്ചത്. ഇതിൽ 19 ചുണ്ടൻ വള്ളങ്ങളാണ് ഹീറ്റ്‌സ് ഇനത്തിൽ മത്സരിച്ചത്. ഇതിൽനിന്ന് നാല് വള്ളങ്ങളാണ് ഫൈനൽ പട്ടികയിൽ ഇടംപിടിച്ചത്.
ഓഗസ്‌റ്റ് 10-ന് നടത്താനിരുന്ന വള്ളംകളി വയനാട് ചൂരല്‍മല ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 28 ലേക്ക് മാറ്റിയിരുന്നു. വളളംകളിയോട് അനുബന്ധിച്ച് നടത്തുന്ന സാംസ്‌കാരിക പരിപാടികൾ റദ്ദാക്കി. കര്‍ശനമായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്‌പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണം ഉറപ്പുവരുത്തിയിരുന്നു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്‍റെ കേരള സന്ദർശനത്തോടനുബന്ധിച്ചായിരുന്നു ആദ്യമായി വള്ളംകളി സംഘപടിപ്പിച്ചത്. 1952 ഡിസംബർ 27നായിരുന്നു ആദ്യ മത്സരം. പിന്നീട്, ഇത് നെഹ്‌റുവിനോടുള്ള ആദരസൂചകമായി 1969ല്‍ നെഹ്‌റു ട്രോഫി വള്ളംകളിയായി മാറി. അങ്ങനെ പിന്നീടത് കേരളത്തിന്‍റെ പ്രധാന ജലമേളയായി.
ആദ്യ വള്ളംകളി അവസാനിച്ചതിന് പിന്നാലെ സുരക്ഷാ ക്രമീകരണങ്ങള്‍ കണക്കിലെടുക്കാതെ, ആവേശം മൂത്ത് ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ നെഹ്‌റു ചാടിക്കയറി. തങ്ങളുടെ വള്ളത്തില്‍ ഒരു പ്രധാനമന്ത്രി കയറിയതിന്റെ ആഹ്ളാദത്തില്‍ വള്ളംകളി പ്രേമികൾ ചുണ്ടൻ വള്ളങ്ങളുടെ അകമ്പടിയോടെ അദ്ദേഹത്തെ കൊച്ചി വരെയെത്തിച്ചാണ് യാത്രയാക്കിയതെന്നത് ചരിത്രം.