ഫിലഡല്‍ഫിയ: പ്രാര്‍ത്ഥനാപൂര്‍വ്വമായ ആഘോഷപരിപാടികളോടെ വെള്ളിയാഴ്ച്ച ഫിലാഡല്ഫിയയില്‍ സമാരംഭിച്ച സീറോമലബാര്‍ കുടൂംബകൂട്ടായ്മയുടെ സംഭവബഹുലമായ രണ്ടാം ദിവസം വിവിധ പരിപാടികളോടെ കടന്നു പോയി. 3 വൈദിക മേലദ്ധ്യക്ഷډാരും, 4 വൈദികരും കൂടി അര്‍പ്പിച്ച ദിവ്യബലിയെ തുടര്‍ന്ന് വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ചര്‍ച്ചാസമ്മേളനങ്ങളും, സെമിനാറുകളും, ബിസിനസ് മീറ്റും നടന്നു. ഉച്ചക്കുശേഷം വിവിധ സീറോമലബാര്‍ ദേവാലയ ഗായകസംഘങ്ങള്‍ അവതരിപ്പിച്ച ക്വയര്‍ഫെസ്റ്റ്, കാണികളുടെ നിരന്തര കയ്യടി കരസ്ഥമാക്കിയ ഫണ്‍ റാമ്പ് വാക്ക്, കുട്ടികളുടെ പ്രെയര്‍ ഡാന്‍സ്, സീറോമലബാര്‍ പയനിയേഴ്സിന്‍റെ മുതിര്‍ന്ന മക്കളുടെ ഡാന്‍സ്, മാതാ ഡാന്‍സ് അക്കഡമി കുട്ടികളുടെ സംഘനൃത്തം, നസ്രാണിതനിമയിലുള്ള ഘോഷയാത്ര എന്നിവ കാണികളൂടെ മനം കവരുന്നതായിരുന്നു.
അന്നേദിവസം വൈകിട്ട് ബാങ്ക്വറ്റ് സമയത്തു നടന്ന സായാഹ്നസംഗീതം അവിസ്മരണീയമായിരുന്നു. പാടും പാതിരി റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സി. എം. ഐ, അനുഗൃഹീത ഗായകരായ ബ്രിസ്റ്റോ സേവ്യര്‍, സുഷമ പ്രവീണ്‍ എന്നിവര്‍ നയിച്ച സംഗീതവിരുന്ന് രുചികരമായ ഭക്ഷണത്തിനൊപ്പം എല്ലാവരും ആസ്വദിച്ചു.
ഞായറാഴ്ച്ച ഒമ്പതരക്കു ആഘോഷമായ ദിവ്യബലി. ചിക്കാഗോ രൂപതാ മെത്രാന്മാരും, വൈദികരും കാര്‍മ്മികരാവുന്ന ദിവ്യബലി മധ്യേ വിവാഹജീവിതത്തിന്‍റെ 25, 50 വര്‍ഷങ്ങള്‍ പിന്നിടുന്ന ജൂബിലി ദമ്പതിമാരെ ആശീര്‍വദിച്ചനുഗ്രഹിക്കും. ബിസിനസ് മീറ്റിനു ശേഷം മൂന്നുദിവസത്തെ സമ്മേളനത്തിനു കര്‍ട്ടന്‍ വീഴും.
ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ രൂപതയിലെ അത്മായസംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന സീറോമലബാര്‍ കുടുംബസംഗമത്തിനു സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച്ച തിരശീല ഉയര്‍ന്നിരുന്നു.
ഫോട്ടോ: ജോസ് തോമസ്