തിരുവനന്തപുരം, സെപ്റ്റംബർ 30, 2024: ഗ്രാമ പ്രദേശങ്ങളിലെയും, മെട്രോ ഇതര പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങൾ വാങ്ങുന്നത്തിനായുള്ള വായ്പകൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട്, പ്രമുഖ ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനമായ മുത്തൂറ്റ് ക്യാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് ഗ്യാരൻറ്കോയുമായി 100 കോടി രൂപയുടെ ഇംപാക്റ്റ് ഫണ്ടിംഗ് പങ്കാളിത്തം ഉറപ്പാക്കി. അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി സ്വകാര്യ മേഖലയിലെ പ്രാദേശിക കറൻസി നിക്ഷേപം സമാഹരിക്കുന്ന ധനകാര്യ കമ്പനിയാണ് ഗ്യാരൻറ്കോ. മുത്തൂറ്റ് ക്യാപിറ്റൽ അനുവദിക്കുന്ന വായ്‌പാ തുകയ്ക്കായി ആക്‌സിസ് ബാങ്കിന് ഗ്യാരൻ്റ്‌കോ ഗ്യാരൻ്റി നൽകിയിട്ടുണ്ട്. ആക്‌സിസ് ബാങ്ക് വായ്പയുടെ 65 ശതമാനം വരെയുള്ള തുകയ്ക്ക് ഗ്യാരൻ്റ്‌കോ ഗ്യാരൻ്റി നൽകും. 137 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപാപ്പച്ചൻ ഗ്രൂപ്പ് (മുത്തൂറ്റ് ബ്ലൂ) സ്ഥാപനമാണ് മുത്തൂറ്റ് ക്യാപ്പിറ്റൽ സർവീസസ് ലിമിറ്റഡ്.
“ഗ്യാരൻ്റ്‌കോയുമായുള്ള പങ്കാളിത്തം രാജ്യത്തെ ഇലക്ട്രിക് വാഹന ഉപഭോഗം വേഗത്തിലാക്കുന്നതിനും സുസ്ഥിര ഗതാഗത പരിഹാരങ്ങൾ മുന്നോട്ട് നയിക്കുന്നതിനും സഹായകമാകുന്ന സുപ്രധാനമായ ചുവടുവെയ്പ്പാണ്. വൈദ്യുത വാഹനങ്ങൾ കൂടുതൽ വാങ്ങുന്നതിനും ഉപഭോക്താക്കൾക്കും ബിസിനസ്സുകൾക്കും താങ്ങാനാവുന്ന തരത്തിൽ വിപണി പരിവർത്തനം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നൂതന ധനസഹായ മാർഗങ്ങൾ ഒരുക്കാൻ മുത്തൂറ്റ് ക്യാപിറ്റലിനെ ഈ ഫണ്ടിംഗ് സഹായിക്കും. താങ്ങാവുന്ന വിലയും സൗകര്യവും ഉറപ്പാക്കിക്കൊണ്ട് ഇരുചക്ര വാഹനങ്ങൾ സ്വന്തമാക്കാൻ സാധാരണക്കാരെ പ്രാപ്തരാക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 2025 സാമ്പത്തിക വർഷത്തിൽ വൈദ്യുത വാഹന വായ്‌പകൾ 200 കോടിയായി വർധിപ്പിക്കുക എന്ന ലക്ഷ്യം നിറവേറ്റാൻ ഇതു ഞങ്ങളെ സജ്ജരാക്കും,” മുത്തൂറ്റ് ക്യാപിറ്റൽ സി ഇ ഒ മാത്യൂസ് മാർക്കോസ് പറഞ്ഞു
2022 മെയ് മാസത്തിൽ ആക്‌സിസ് ബാങ്കുമായി ഒപ്പിട്ട ഇലക്ട്രിക് വെഹിക്കിൾ ഫ്രെയിംവർക്ക് ഗ്യാരൻ്റി കരാറിന് കീഴിൽ മുത്തൂറ്റ് ക്യാപിറ്റലുമായുള്ള ഇടപാട് പൂർത്തീകരിക്കാനായതിൽ സന്തോഷമുണ്ടെന്ന് ഗ്യാരൻ്റ്‌കോ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് ഓഫീസർ സുരഭി മാത്തൂർ വിസർ പറഞ്ഞു. “ഞങ്ങൾ പൂർത്തീകരിച്ച മൂന്നാമത്തെ ഇടപാടാണിത്. വിവൃതി ക്യാപിറ്റൽ, എവറസ്റ്റ് ഫ്ലീറ്റ് എന്നിവയുമായി ഞങ്ങളുണ്ടാക്കിയ കരാറിന് ശേഷം ഇപ്പോൾ ആകെ 450 കോടി രൂപയാണ് വൈദ്യുത വാഹനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾക്കായി സ്വരുക്കൂട്ടിയിരിക്കുന്നത് . ഒപ്പം, വിപണി പരിവർത്തനത്തിലൂടെ രാജ്യത്ത് കൂടുതൽ ഇലക്ട്രിക് വാഹനങ്ങളുടെ വിന്യാസവും സാധ്യമാകും. ഗ്യാരൻ്റ്‌കോ, പ്രൈവറ്റ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെൻ്റ് ഗ്രൂപ്പിലൂടെ, ആക്‌സിസ് ബാങ്കുമായുള്ള ഗ്യാരൻ്റി മുഖേന ഇ-മൊബിലിറ്റി മേഖല മെച്ചപ്പെടുത്തുക വഴി പരിസ്ഥിതി സംരക്ഷണ മുന്നേറ്റങ്ങൾ തുടരുകയും ചെയ്യും,” സുരഭി മാത്തൂർ വിസർ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ഇ-മൊബിലിറ്റി വിപണിയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും ആക്‌സിസ് ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് ആക്‌സിസ് ബാങ്കിൻ്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ രാജീവ് ആനന്ദ് പറഞ്ഞു. “പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതം ഇല്ലാതാക്കുന്ന സംരംഭങ്ങൾക്കൊപ്പമാണ് ഞങ്ങൾ. ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിലൂടെ, മലിനീകരണം കുറയ്ക്കുന്നതിനും വായുവിൻ്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഗതാഗത സാദ്ധ്യതകൾ ഉറപ്പാക്കുന്നതിനായി ഞങ്ങൾ ശ്രദ്ധിക്കുന്നു. വൈദ്യുത വാഹന ഡീലർമാർ, നിർമ്മാതാക്കൾ തുടങ്ങിയവരുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ശക്തമാക്കുകയും, അത് തുടരുകയും ചെയ്യും. ഈ സഹകരണം ഇന്ത്യയിലെ ഹരിത നയത്തോട് ചേർന്ന്ർ നിൽക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തെ പിന്തുണയ്ക്കുക മാത്രമല്ല, സുസ്ഥിരമായ സമ്പ്രദായങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം ചെയ്യുക എന്ന ലക്‌ഷ്യം പരിപോഷിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ വിശാലമായ കാഴ്ചപ്പാടുമായി യോജിപ്പിക്കുകയും ചെയ്യുന്നു, രാജീവ് ആനന്ദ് പറഞ്ഞു.