അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: കേരള ഡിബേറ്റ് ഫോറം സം‌വാദത്തില്‍ മലയാളികള്‍ വാശിയോടെ ഏറ്റുമുട്ടി

ഹ്യൂസ്റ്റണ്‍: ആസന്നമായ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സം‌വാദത്തില്‍ ഡമോക്രാറ്റിക് പാര്‍ട്ടി നോമിനി കമലഹാരിസിന് വേണ്ടിയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി നോമിനി ഡോണാള്‍ഡ് ട്രംപിന് വേണ്ടിയും അരയും തലയും മുറുക്കി എത്തിയ ഗ്രേറ്റര്‍ ഹ്യൂസ്റ്റനിലെ മലയാളികള്‍ തെരഞ്ഞെടുപ്പ് സംവാദ ഗോദയില്‍ അതിശക്തമായി ഏറ്റുമുട്ടി. രണ്ടു പാര്‍ട്ടികളുടെയും ആശയങ്ങളും അജണ്ടകളും ട്രാക്കു റിക്കാര്‍ഡുകളും, കൈമുതലാക്കി ഹ്യൂസ്റ്റനിലെ രാഷ്ട്രീയ പ്രബുദ്ധരായ വ്യക്തികള്‍ ഇരുവശവും നിന്ന് അത്യന്തം വീറോടും വാശിയോടും പോരാടി.

കേരള ഡിബേറ്റ് ഫോറം യുഎസ്എ, അതി ചിട്ടയായി സ്റ്റാഫോര്‍ഡിലുള്ള ഡാന്‍ മാത്യൂസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ സംവാദവേദി, രാഷ്ട്രീയ സാമൂഹ്യ ആശയങ്ങളുടെ മാറ്റുരച്ച ഒരു പടക്കളമായി മാറി. സെപ്റ്റംബര്‍ 22, വൈകുന്നേരം ആറുമണി മുതലായിരുന്നു സംവാദം. കേരള ഡിബേറ്റ് ഫോറം യുഎസ്എക്ക് വേണ്ടി സംവാദത്തിന്റെ മോഡറേറ്ററായി എ.സി. ജോര്‍ജ് പ്രവര്‍ത്തിച്ചു രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ മാധ്യമ പ്രതിനിധികളും നേതാക്കളും പ്രവര്‍ത്തകരുമായി ഒട്ടനവധിപേര്‍ പങ്കെടുത്തു.

ഡോക്ടര്‍ ജോസഫ് പോന്നോലി, സന്നിഹിതരായവര്‍ക്ക് സ്വാഗതം ആശംസിച്ചു. തെരഞ്ഞെടുപ്പ് ഗോദയില്‍ കൊമ്പ് കോര്‍ക്കുന്ന ഇരു ചേരികളെയും സദസ്സിനു പരിചയപ്പെടുത്തി. തുടര്‍ന്ന് സംവാദം മോഡറേറ്റര്‍ നിയന്ത്രിച്ചു. ആവേശത്തിരമാലകള്‍ ഇളക്കിമറിച്ചുകൊണ്ട് റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ്, ഇരുപക്ഷവും അവരുടെ ആവനാഴിയിലെ അമ്പുകള്‍ നേര്‍ക്ക് നേരെ തൊടുത്തു വിടാന്‍ ആരംഭിച്ചു എന്നാല്‍ തികച്ചും സഭ്യവും ആശയപരവും സമാധാനപരവുമായ പക്ഷ, പ്രതിപക്ഷ ബഹുമാനത്തോടെ തന്നെയാണ് സംവാദം മുന്നേറിയത്..

റിപ്പബ്ലിക്കെന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിന്റെ പക്ഷത്തിനു വേണ്ടി പാനലിസ്റ്റുകള്‍ ആയി ഡാന്‍ മാത്യൂസ്, ടോം വിരിപ്പന്‍, തോമസ് ഒലിയാന്‍കുന്നേല്‍, ഡോക്ടര്‍ മാത്യു വൈരമണ്‍ എന്നിവര്‍ നിലകൊണ്ടപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലഹാരിസ് പക്ഷത്തിനു വേണ്ടി പൊന്നുപിള്ള, എസ്.കെ.ചെറിയാന്‍, ജോസഫ് തച്ചാറ, മാത്യൂസ് എടപ്പാറ, എന്നിവര്‍ നിലകൊണ്ടു.

അവരവരുടെ പക്ഷത്തിനും സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി വസ്തുതകള്‍ നിരത്തിക്കൊണ്ട് അതി തീവ്രമായി പ്രാരംഭ പ്രസ്താവനകളില്‍ തന്നെ വാദിച്ചു. ടൗണ്‍ഹാള്‍ പബ്ലിക് മീറ്റിംഗ് ഫോര്‍മാറ്റില്‍ ആയിരുന്നു ഡിബേറ്റ്. തുടര്‍ന്ന് സദസില്‍ നിന്ന് പ്രസ്താവനകളുടെയും പാനലിസ്റ്റുകളോടുള്ള ചോദ്യങ്ങളുടെയും അനസ്യൂതമായ പ്രവാഹവും കുത്തൊഴുക്കുമായിരുന്നു. ഇരുപക്ഷത്തെ പാനലിസ്റ്റുകള്‍ പരസ്പരം സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ആരോപണ പ്രത്യാരോപണങ്ങളുടെ ശരങ്ങള്‍ തൊടുത്തു വിട്ടു ചിലരെല്ലാം ചോദ്യങ്ങള്‍ക്കു മുമ്പില്‍ വിയര്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്തു.

റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ നോമിനി ഡോണാള്‍ഡ് ട്രംപ് ഒരു രാഷ്ട്രീയ തന്ത്രജ്ഞനോ ഭരണപാടവുമോ ഇല്ലാത്ത ഒരു പൊളിഞ്ഞ ബിസിനസുകാരനാണ്. റിപ്പബ്ലിക്കന്‍ നോമിനേഷന്‍ അടിച്ചെടുത്ത ഒരു വ്യക്തിയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തന്നെ ഏകപക്ഷീയമായ ഒരു പിന്തുണ അയാള്‍ക്ക് അവകാശപ്പെടാന്‍ സാധ്യമല്ല,.

വിടുവായത്തരങ്ങളും ജല്പനങ്ങളും എന്താണെന്ന് അയാള്‍ക്ക് പോലും അറിയില്ല ആവര്‍ത്തിച്ചാവര്‍ത്തി തെറ്റുകളും അബദ്ധങ്ങളും വിളിച്ച് സ്ത്രീകളെയും മറ്റും അശ്ലീല പരാമര്‍ശനങ്ങള്‍ നടത്തുന്ന ഇയാള്‍ക്ക് അവയില്‍ നിന്ന് തടി ഊരാന്‍ കഴിഞ്ഞ കാലങ്ങളില്‍ വളരെയധികം തത്രപ്പെടേണ്ടി വന്നു അമേരിക്കന്‍ ജനതയുടെ വിവിധ പ്രശ്‌നങ്ങളെ പറ്റിയുള്ള ന്യായമായ പരിജ്ഞാനമോ അവരെ നയിക്കാനോ ഉള്ള ഒരു യോഗ്യതയും ചങ്കുറപ്പും അറിവും ഡോണാല്‍ഡ് ട്രമ്പിനില്ല. ഇയാളുടെ കയ്യില്‍ അമേരിക്കന്‍ ഭരണം വീണ്ടും ഏല്‍പ്പിച്ചു കൊടുത്താല്‍ കുരങ്ങന്റെ കയ്യില്‍ പൂമാല കൊടുത്തതു പോലെയിരിക്കും

ലോകം മുഴുവന്‍ നശിപ്പിക്കാന്‍ ശക്തമായ ആറ്റംബോംബ് കോഡ് ഇത്തരക്കാരന്റെ കയ്യില്‍ വന്നാല്‍ എന്താകും സ്ഥിതി ഒന്ന് ആലോചിച്ചു നോക്കുക. എന്നെല്ലാം ഡെമോക്രട്ട് പാനലിസ്റ്റുകള്‍ ചോദിച്ചപ്പോള്‍ അതേ നാണയത്തില്‍ തന്നെ റിപ്പബ്ലിക്കെന്‍ പാനലിസ്റ്റുകള്‍ തിരിച്ചടിച്ചു.

തങ്ങളുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപ് കഴിവ് തെളിയിച്ചു കഴിഞ്ഞിട്ടുള്ള ഒരു മുന്‍കാല അമേരിക്കന്‍ പ്രസിഡണ്ട് തന്നെയാണ്. അദ്ദേഹം നാലുവര്‍ഷം അമേരിക്കന്‍ പ്രസിഡണ്ട് ആയിരുന്നപ്പോള്‍ അമേരിക്കയിലും ലോകത്തെമ്പാടും ഒരുവിധം സമാധാനം ഉണ്ടായിരുന്നു. ഒരിടത്തും ഒരു ശിദ്ര ശക്തികളോ, നിക്ഷിപ്ത താല്പര്യക്കാരോ ഭീകരവാദികളോ തലപൊക്കിയില്ല. റഷ്യയിലെ പുട്ടിനും, വടക്കന്‍കൊറിയയിലെ കിംഗ് ജോങ്ങും അമേരിക്കയുടെയും, ഡൊണാള്‍ഡ് ട്രംപിന്റെയുംയും മുമ്പില്‍ വാലു ചുരുട്ടി ഓച്ഛാനിച്ചുനിന്നു. അമേരിക്കന്‍ നികുതി ദായകരുടെപണം എടുത്ത് യുദ്ധം ചെയ്യാതെ തന്നെ രാജ്യ തന്ത്രജ്ഞതയോടെയോ, അല്ലെങ്കില്‍ ഇത്തരക്കാരെ വിരട്ടിയോ നിര്‍ത്തി. ഇന്ന് ലോകത്തിന്റെ അവസ്ഥയെന്താണ്.

മിഡില്‍ ഈസ്റ്റിലും, യൂക്‌റൈനിലും, യുദ്ധത്തിന്റെ പെരുമഴയല്ലേ? അമേരിക്കന്‍ നികുതി ദായകരുടെ പണം എത്രയാണ് ഈ ഡെമോക്രാറ്റിക് പ്രസിഡണ്ട് ഇപ്പോള്‍ അവിടെ കൊണ്ടുപോയി കൊടുത്തു പൊട്ടിച്ചു കളയുന്നത്? ഇപ്പോള്‍ വൈസ് പ്രസിഡണ്ട് ആയ കമലഹാരിസ് കൂടി അതിന് ഉത്തരവാദിയാണ്. അപ്പോള്‍ പിന്നെ ഈ വ്യക്തി പ്രസിഡണ്ട് ആയാല്‍ അമേരിക്കയ്ക്ക് എതിരായി ഈ വികട ശക്തികള്‍ എല്ലാം ഇളകിയാഡും. ഡോണാള്‍ഡ് ട്രംപിന്റെ ചില പ്രസ്താവനകളോ ചില കഴമ്പില്ലാത്ത ഭൂതകാല ചെയ്തികള്‍ പൊക്കിയെടുത്ത് പാര്‍ട്ടിയെയും ട്രംപിനെയും താര്‍അടിക്കാനോ സദാചാര പോലീസ് ചമഞ്ഞ് രാഷ്ട്രീയ സദാചാരം പഠിപ്പിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മഞ്ഞുകൊണ്ട് തുനിയേണ്ടതില്ലെന്ന് റിപ്പബ്ലിക്കന്‍ പാനല്‍ കൈചൂണ്ടി ഡെമോക്രാറ്റിക് പാനലിനെ താക്കീത് ചെയ്തു.

റൊണാള്‍ഡ് ട്രംപും റിപ്പബ്ലിക്കനും ഒക്കെ ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡനെ പ്രായത്തിന്റെ പേരിലും ഓര്‍മ്മക്കുറവിന്റെ പേരിലും എടുത്തിട്ട് വാരി അവഹേളിച്ചില്ലേ? ഒന്ന് ചോദിക്കട്ടെ, ഈ ട്രംപിന്റെ പ്രായവും, ട്രംപിന്റെ ഓര്‍മ്മക്കുറവും, പലപ്പോഴും അങ്ങേരുടെ പുലഭ്യം പറച്ചിലും കേള്‍ക്കുമ്പോള്‍ രണ്ട് കാലിലും മന്തുള്ള ഒരു വ്യക്തി ഒരു കാലില്‍ മാത്രം മന്തുള്ള വ്യക്തിയെ ‘ മന്താ മന്താ ‘ എന്ന് വിളിച്ച് അവഹേളിക്കുന്ന മാതിരി തോന്നും. ഡോണാള്‍ഡ് ട്രംപിന് ഒരു നല്ല മോറല്‍ ക്യാരക്ടര്‍ ഉണ്ടോ? എത്ര കുറ്റങ്ങളാണ് അയാളില്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്?

അങ്ങനെ ഉള്ള ഒരു വ്യക്തിയാണോ അമേരിക്കന്‍ പ്രസിഡണ്ട് ആകേണ്ടത്? അദ്ദേഹം പല ബിസിനസിലും നികുതി വെട്ടിച്ചില്ലേ, നികുതി കൊടുക്കാതിരിക്കാന്‍ പല അടവുകളും പ്രയോഗിച്ചില്ലെ. സമൂഹത്തിലെ ഉയര്‍ന്ന വരുമാനക്കാര്‍ക്കും വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്കും സബ്‌സിഡിയും നികുതി ആനുകൂല്യങ്ങളും നല്‍കി സാധാരണക്കാരെയും പാവപ്പെട്ടവരെയും ഞെക്കിപ്പിഴിയാനാണ് ട്രംപിന്റെ വിവിധ പ്ലാനുകള്‍. കമ്പനികളും തൊഴിലുകളും വിദേശത്തേക്ക് പോകുന്നു, ഔട്‌സോഴ്‌സ് ചെയ്യപ്പെടുന്നു എന്നും പറഞ്ഞ് മുതലക്കണ്ണീര്‍ ഒഴുക്കുന്ന ട്രംപ് തന്നെ താങ്കളുടെ ജോലികള്‍ വിദേശത്തേക്ക് പറിച്ചു നട്ടില്ലേ?. ഇങ്ങേരുടെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക അജണ്ടകളും പോളിസികളും പരസ്പരവിരുദ്ധങ്ങളാണ്. പലതിലും ഒരു യുക്തിയില്ലായ്മ വിരോധാഭാസം ഡെമോക്രാറ്റിക് പാനലിസ്റ്റുകള്‍ പറഞ്ഞു.

ഡെമോക്രാറ്റായ ജോ ബൈഡന്‍ ഭരണം കൊണ്ട് അമേരിക്ക ഒരര്‍ത്ഥത്തില്‍ കീഴോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയ്ക്ക് ശരിയായ ഒരു വിദേശ നയമില്ല. വിദേശത്തും അമേരിക്കയുടെ വില ഇടിഞ്ഞു കൊണ്ടിരിക്കുന്നു. ഡെമോക്രാറ്റുകളുടെ ഫെഡറല്‍ നയങ്ങള്‍ തുടര്‍ന്നാല്‍ യുഎസ് ട്രഷറി താമസിയാതെ കാലിയാകും. സോഷ്യല്‍ സെക്യൂരിറ്റി മെഡികെയര്‍ കാലക്രമേണ നിലയ്ക്കും. യാതൊരു ലക്കും ലഗാനുമില്ലാതെയാണ് യുഎസ് ഡോളര്‍ പ്രിന്റ് ചെയ്യുന്നത്. നാഷണല്‍ കടബാധ്യത ഉച്ചകോടിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

തൊഴിലില്ലായ്മയും പണപ്പെരുപ്പവും വിലക്കയറ്റവും അതിവേഗം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ ഗണ്‍ വയലന്‍സ് കണ്‍ട്രോള്‍ നിയമങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ കമലഹാരിസിന്റെ ഭരണത്തില്‍ സാധിക്കുകയില്ല. അവരുടെ ഗര്‍ഭചിദ്ര നയങ്ങളും അവ്യക്തത നിറഞ്ഞതാണ് അതിനാല്‍ ഒരു ഭരണ മാറ്റം റിപ്പബ്ലിക്കന്‍ ട്രമ്പിലേക്കു , ഉണ്ടാകണം. റിപ്പബ്ലിക്കന്‍ പാനലിസ്റ്റുകള്‍ വാദിച്ചു.

തുല്യശക്തികളുടെ ഒരു വാക്മയ, വാചക കസര്‍ത്ത് പോരാട്ടം ആയിരുന്നു ഈ ഡിബേറ്റ്.ലഭ്യമായ സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ട് രണ്ടു പാര്‍ട്ടിക്കും തുല്യ പരിഗണനയും ചിട്ടയും ഓര്‍ഡറും നിലനിര്‍ത്താന്‍ കേരള ഡിബേറ്റ് ഫോറത്തിനു വേണ്ടി ഡിബേറ്റ് മോഡറേറ്റ് ചെയ്ത എ.സി. ജോര്‍ജിന് കഴിഞ്ഞു.

ഏതാണ്ട് രണ്ടര മണിക്കൂര്‍ ദീര്‍ഘിച്ച ഈ ഡിബേറ്റില്‍ സജീവമായി പങ്കെടുത്തു കൊണ്ട് ചോദ്യങ്ങള്‍ ചോദിച്ചവര്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടന തലങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരും പ്രമുഖരുമായ എബ്രഹാം തോമസ്, മേരിക്കുട്ടി എബ്രഹാം, ജീവാ സുഗതന്‍, സ്റ്റീഫന്‍ മാത്യു, സി. ജി. ഡാനിയല്‍, ക്രിസ് മാത്യൂസ്, ഡെയ്‌സി മാത്യൂസ്, സെന്നി ഉമ്മന്‍, ആന്‍ഡ്രൂസ് ജേക്കബ്, ബിജു ചാലക്കല്‍, ജോര്‍ജ് ജോസഫ്, ജോമോന്‍ ഇടയാടി, ജോഷി ചാലിശ്ശേരി, ഡാനിയല്‍ ചാക്കോ, ഡോക്ടര്‍ ജോസഫ് പൊന്നോലി, പ്രൊഫസര്‍ സക്കറിയ ഉമ്മന്‍, പ്രൊഫസര്‍ സിസി സക്കറിയ, ആന്‍ ജോണ്‍, തങ്കപ്പന്‍ നായര്‍, മേഴ്‌സി ജോര്‍ജ്, ജയ്‌സണ്‍ ജോര്‍ജ്, തുടങ്ങിയവരാണ്. ഡിബേറ്റിന്റെ ക്ലോസിങ് പ്രസ്താവനയായി പാര്‍ട്ടി ഏതായാലും അവരവരുടെ സമ്മതിദാനാവകാശം എല്ലാവരും വോട്ട് ചെയ്ത് പ്രകടിപ്പിക്കണമെന്ന് കേരള ഡിബേറ്റ് ഫോറം യു എസ് എ അടിവരയിട്ടു കൊണ്ട് പറഞ്ഞു.

Print Friendly, PDF & Email

One Thought to “അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: കേരള ഡിബേറ്റ് ഫോറം സം‌വാദത്തില്‍ മലയാളികള്‍ വാശിയോടെ ഏറ്റുമുട്ടി”

  1. Trump is commenting and advertising that “Foreigners are cooking and eating DOGS AND CATS “. SHAMELESS PRESIDENT DONALD TRUMP.
    He was trying to FLESHOUT UNITED STATES OF AMERICA FILES OF NATIONAL INTEREST AND NATIONAL SECRET which he stolen from CAPITAL HILL and exported to MARLAGO, FLORIDA.
    US Federal Investigators and Prosecutors captured those files from his bathroom before FLUSHOUT.
    Heim is charged with 34 count of FELONY, FELON.
    DO YOU WANT A FELONY US PRESIDENT?

Leave a Comment

More News