നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് മുന്‍‌കൂര്‍ ജാമ്യം ലഭിച്ച നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും. അതിനായി അന്വേഷണ സംഘത്തിന്റെ നോട്ടീസിനായി കാത്തിരിക്കാതെ ഇന്നുതന്നെ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിയമോപദേശം. പരാതിക്കാരിക്ക് ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതിയിൽ നടത്തിയ വാദം ശരിവെക്കുന്ന തെളിവുകൾ ശേഖരിച്ച് നൽകാനും നിർദ്ദേശമുണ്ട്.

കൃത്യമായ തെളിവുകൾ ലഭിച്ചാൽ ഇന്നുതന്നെ അന്വേഷണ സംഘത്തിന് മുന്നിലെത്തും. അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ഹർജി പരിഗണിക്കവേ സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതി നടത്തിയ വിമർശനങ്ങളാണ് സിദ്ദിഖിന് ആത്മവിശ്വാസം.

പരാതിയിൽ പറയുന്ന ആരോപണങ്ങളിൽ സിദ്ദിഖിനെതിരെ കൃത്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ പരാതിക്കാരിക്കെതിരായ തെളിവുകൾ ശേഖരിക്കുക സിദ്ദിഖിന് വെല്ലുവിളിയാകും. രണ്ടാഴ്ച സമയമാണ് അന്വേഷണ സംഘത്തിന്‍റെ മുന്നിലുള്ളത്. ഈ സമയത്തിനുള്ളിൽ ബലാത്സംഗക്കേസില്‍ അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്.

സുപ്രിംകോടതി അറസ്റ്റ് 2 ആഴ്ചത്തേക്ക് തടഞ്ഞതോടെയാണ് ഒളിവ് ജീവിതം അവസാനിപ്പിച്ച് നടൻ സിദ്ദിഖ് പുറത്തിറങ്ങിയത്. കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെയാണ് സിദ്ദീഖ് സുപ്രിം കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യം നൽകുന്നതിനെതിരെ മൂന്ന് തടസവാദ ഹരജികളും സുപ്രിംകോടതിയിൽ ഫയൽ ചെയ്തിരുന്നു‌.

Print Friendly, PDF & Email

Leave a Comment

More News