തിരുവനന്തപുരം: മുന്‍ ധാരണ പ്രകാരം എന്‍ സി പിയിലെ മന്ത്രി സ്ഥാനത്തിന് മാറ്റമില്ല. ഇപ്പോള്‍ മന്ത്രിസ്ഥാനം വഹിക്കുന്ന എ കെ ശശീന്ദ്രൻ തന്നെ മന്ത്രിയായി തുടരുമെന്ന് എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷന്‍ പി സി ചാക്കോ പറഞ്ഞു.
മന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ കൂടുതല്‍ ആലോചന വേണമെന്നും കാത്തിരിക്കണമെന്നും മുഖ്യമന്ത്രി എൻസിപി നേതാക്കൾക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ഈ തീരുമാനമെന്നും, പാർട്ടിയാണ് തോമസ് കെ തോമസ് മന്ത്രി ആകണമെന്ന് തീരുമാനിച്ചതെന്നും പിസി ചാക്കോ പറഞ്ഞു.
മന്ത്രി എ കെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള എൻസിപി ദേശീയപാർലമെന്ററി ബോർഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും തീരുമാനം പാർട്ടി സംസ്ഥാന അധ്യക്ഷൻ മുഖ്യമന്ത്രിയെ അറിയിക്കുകയും കാത്തിരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും ആയിരുന്നു.
ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി ആണ് പിസി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രൻ, തോമസ് കെ തോമസ് എംഎൽഎ എന്നിവരടങ്ങുന്ന സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പാർട്ടിയുടെ കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും കൈവിട്ടതോടെ മന്ത്രിസ്ഥാനം ഒഴിയാൻ നിർബന്ധിതനായ എ കെ ശശിന്ദ്രൻ മന്ത്രിമാറ്റത്തെ മുഖ്യമന്ത്രിയും ഘടകകക്ഷികളും പ്രോത്സാഹിപ്പിക്കില്ല എന്ന പ്രതീക്ഷയിൽ ആയിരുന്നു.