വയനാട്: വയനാട് ദുരന്തത്തില്‍ മാതാപിതാക്കളേയും പിന്നീട് പ്രതിശ്രുത വരന്റെ വഹനാപകട മരണവും കണ്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ശ്രുതി. മാധ്യമങ്ങളിലൂടെയാണ് തന്റെ ജോലിയെ സംബന്ധിച്ച വിവരം അറിഞ്ഞതെന്നും, സർക്കാർ ജോലി നൽകുമെന്ന മന്ത്രിസഭാ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും ശ്രുതി പറഞ്ഞു. ഈ സന്തോഷം കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദന മാത്രമാണുള്ളതെന്ന് പ്രതികരിച്ച ശ്രുതി, വയനാട്ടിൽ തന്നെ ജോലി ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും പറഞ്ഞു.
വയനാട് ദുരന്തത്തെ തുടർന്ന് മാതാപിതാക്കളടക്കം മുഴുവൻ കുടുംബാംഗങ്ങളെയും ശ്രുതിക്ക് നഷ്ടമായിരുന്നു. ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് കൈത്താങ്ങായി എത്തിയ ജെൻസനെയും വാഹനാപകടത്തിൽ ശ്രുതിക്ക് നഷ്ടമായിരുന്നു. ഈ അവസരത്തിലാണ് ശ്രുതിക്ക് സഹായഹസ്തവുമായി മന്ത്രിസഭ തീരുമാനം ഉണ്ടായിരിക്കുന്നത്. ശ്രുതിയുടെ അവസ്ഥ ദാരുണമാണെന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞ മുഖ്യമന്ത്രി ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് അറിയിക്കുകയും ചെയ്തു.
ഇതുകൂടാതെ ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് ഒരു കുട്ടിക്ക് പത്തുലക്ഷം രൂപ വീതം നൽകുമെന്നും മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട കുട്ടികൾക്ക് ഒരു കുട്ടിക്ക് 5ലക്ഷം രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
രണ്ട് സ്ഥലങ്ങളാണ് പുനരധിവാസവുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുള്ളത്. പുനരധിവാസത്തിനായി കണ്ടെത്തിയ മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്ടോൺ എസ്റ്റേറ്റിലും മോഡൽ ടൗൺഷിപ്പ് നിർമ്മിക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.