ഖത്തര്‍: തൊഴിലന്വേഷകര്‍ക്കായി പ്രവാസി വെല്‍ഫെയര്‍ എച്ച്.ആര്‍.ഡി വകുപ്പിന്റെ കീഴില്‍ മികച്ച ബയോഡാറ്റകള്‍ തയ്യാറാക്കുന്നതിനുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. ജോലി അന്വേഷണത്തിൽ പ്രധാനപ്പെട്ട ആദ്യ പടി നല്ലൊരു ബയോഡാറ്റ തയ്യാറാക്കുക എന്നതാണ്. പുതിയ സങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ബയോഡാറ്റ ഫിൽട്ടറിംഗും സോർട്ടിംഗും ചെയ്ത് ജോലിക്കാരെ തെരഞ്ഞെടുക്കുന്ന രീതികൾ സ്വീകരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഓരോ ജോലിക്കും അനുയോജ്യമായ ബയോഡാറ്റകള്‍ ആകര്‍ഷകമായ രീതിയില്‍ തയ്യാറാക്കുന്നതിനനുഗുണമായ പരിശീലനം ശില്പശാലയില്‍ നല്‍കി.
സി.ജി ഖത്തര്‍ ചാപ്റ്ററുമായി സഹകരിച്ച് തുമാമ വൈബ്രന്റ് കൺസൾട്ടൻസി ഹാളിൽ നടത്തിയ പരിപാടിയില്‍ സിജി കരിയര്‍ റിസോഴ്സ് പേര്‍സണ്‍ സക്കീര്‍ ഹുസൈന്‍ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. പ്രവാസി വെല്‍ഫെയര്‍ ആക്ടിംഗ് പ്രസിഡണ്ട് റഷീദ് അലി ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫെയര്‍ എഛ്.ആര്‍.ഡി വിംഗ് കണ്‍വീനര്‍ മുനീസ് എ,സി അദ്ധ്യക്ഷത വഹിച്ചു. എഛ്.ആര്‍.ഡി വിംഗ് കോഡിനേറ്റര്‍ അഫീഫ ഹുസ്ന സ്വാഗതവും ഷകീബ് അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു. എഛ്.ആര്‍.ഡി വിംഗ് അംഗങ്ങളായ റാദിയ അബ്ദുറസാഖ്, നിയാസ് കൊല്ലം, ശിബ്‌ലി മഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.