തെരഞ്ഞെടുപ്പുവേളയിൽ മത്സരാർത്ഥികൾ പല അവകാശവാദങ്ങളും ഉന്നയിക്കാറുണ്ട്. അവയിൽ നിന്നും മണിയും മങ്കും വേർതിരിക്കുക ദുഷ്ക്കരമാണ്. മാത്രമല്ല, പൊതുജനാഭിപ്രായം ധ്രൂവീകൃതമായിരിക്കുമ്പോൾ എതിരാളികളെ അവിശ്വസിക്കുക എന്നതാണ് രീതി. ആഴ്ചകളായി പത്രപംക്തികളിൽ ഇരുചേരികളെയും തുണക്കുന്നവർ ന്യായവാദങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ നമുക്കാർക്കും ഇരു മത്സരാർത്ഥികളുമായി പ്രവർത്തനപരിചയമോ വ്യക്തിപരമായി അടുത്ത പരിചയമോ ഇല്ലതാനും! ഈ സ്ഥിതിയിൽ കേട്ടുകേൾവികളും നമ്മുടെ മുൻവിധികളുമല്ലേ നമ്മെ നയിക്കുന്നത്? ഇത്തരുണത്തിൽ കരണീയമായിട്ടുള്ളത് മത്സരാർത്ഥികളുടെ കുടുംബാഗങ്ങളുടെയും, ചിരകാലസ്നേഹിതരുടെയും, സഹപ്രവർത്തകരുടെയും അഭിപ്രായത്തെ ആശ്രയിക്കുന്നതല്ലേ?
ട്രമ്പ് കുടുംബത്തിൽനിന്നും തുടങ്ങാം. ഡൊണാൾഡ് ട്രമ്പിന്റെ സഹോദരപുത്രിയായ മേരി ട്രമ്പിന്റെ അഭിപ്രായത്തിൽ “ബഹുമാനം അർഹിക്കത്തക്കരീതിയിൽ പെരുമാറാൻ പഠിച്ചിട്ടില്ലാത്ത വ്യക്തിയാണ് ഡൊണാൾഡ്.” മരിയാൻ ട്രമ്പ് ബാരി, ഡൊണാൾഡ് ട്രമ്പിന്റെ മൂത്ത സഹോദരിയും ഫെഡറൽ ജഡ്ജിയുമായിരുന്നു. വളരെ വിഷമകരമായ പ്രശ്നനങ്ങളിലേക്ക് സഹോദരൻ തന്നെ തള്ളിയിട്ടെന്ന് അവർ വേദനയോടെ പരിതപിക്കുന്നു. ഡൊണാൾഡ് ട്രമ്പിന്റെ സഹോദര പുത്രനാണ് ഫ്രെഡ് ട്രമ്പ് “എനിക്കിഷ്ടമുള്ളതു ഞാൻ ചെയ്യും;” ശരിയാണെങ്കിലും തെറ്റാണെങ്കിലും”-ഇതായിരുന്നു അദ്ദേഹത്തിൻറെ രീതിയെന്ന് ഫ്രെഡ് ട്രംപ് സാക്ഷിക്കുന്നു.
നാലു സംവത്സരക്കാലത്തെ വാഴ്ചക്കുശേഷം, കഴിഞ്ഞ മുപ്പതു വർഷക്കാലത്തിനിടയിൽ രണ്ടാമതൊരൂഴം വഴങ്ങാതിരുന്ന രണ്ടു പ്രസിഡണ്ടുമാരിൽ ഒരാളാണ് ഡൊണാൾഡ് ട്രമ്പ് എന്നത് ഒരു പ്രതേകതയാണ്. ട്രമ്പിന്റെ വാഴ്ചക്കാലത്തു് അദ്ദേഹത്തോടൊന്നിച്ചുനിന്ന് സേവനം അനുഷ്ഠിച്ചിരുന്നവരും, അദ്ദേഹത്തിൻറെതന്നെ കക്ഷിയിൽ പെട്ടവരും ഇ പ്പോൾ വിമർശനവും എതിർപ്പുമായി മുന്നോട്ടുവരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. തോളോടുതോൾ ചേർന്നുനിന്ന് പ്രവർത്തിച്ചു്, അദ്ദേഹത്തെ നന്നായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തവർ ഇന്നിതാ അദ്ദേഹത്തിൻറെ രണ്ടാമൂഴത്തിനെതിരെ അണിനിരന്നിരിക്കുന്നു! അദ്ദേഹത്തിൻറെ സ്വഭാവദൂഷ്യവും പെരുമാറ്റവൈകല്യവും മഹത്തായ അമേരിക്കൻ അധ്യക്ഷപദവിക്ക് അദ്ദേഹത്തെ മുച്ചൂടും അനർഹനാക്കുന്നുവെന്ന് അവർ അടിവരയിട്ടു ആവർത്തിക്കുന്നു. മാത്രമല്ല, ഉറ്റസ്നേഹിതരും, ബിസ്സിനസ്സ് സഹകാരികളും, ലോകനായകന്മാരും, ഭരണതലങ്ങളിൽ അദ്ദേഹം നിയമിച്ചവരും എതിർ ശബ്ദവുമായി മുന്നോട്ടുവന്നിരിക്കുന്നു! ട്രമ്പിന് രണ്ടാമതൊരു അവസ്സരം തരമാക്കിക്കൊടുക്കാൻ വെമ്പുന്നവർക്കു അദ്ദേഹത്തോട് അടുത്തുനിന്നു പ്രവർത്തിച്ചവരുടെ പ്രതികരണം പ്രയോജനപ്പെട്ടേക്കാം!
രണ്ടായിരത്തിപത്തൊൻപതു-ഇരുപതുകളിൽ, പ്രസിഡന്റ് ട്രമ്പിന്റെ അറ്റോർണി ജനറൽ ആയിരുന്ന ബിൽ ബാർ പറയുന്നു: “സ്വന്തം താല്പര്യത്തിനുപരിയായി മറ്റൊന്നിനും സ്ഥാനം നൽകാൻ ട്രമ്പ് തയാറായിരുന്നില്ല.” റഷ്യയെയും ചൈനയെയും സംബന്ധിച്ച കാര്യങ്ങളിൽ ട്രമ്പിന്റെ ഉപദേഷ്ട്ടാവായിരുന്നു ഫിയോന ഹിൽ അഭിപ്രായപ്പെടുന്നു:”ട്രമ്പിനെ വശത്താക്കുന്നത് വളരെ എളുപ്പമായിരുന്നു. അദ്ദേഹത്തിൻറെ ഈഗോ വളരെ ലോലമായിരുന്നു. കുഞ്ഞു പുകഴ്ത്തലുകൾ അദ്ദേഹത്തെ വാനമേഘത്തിനുമുകളിൽ എത്തിക്കും. നിസ്സാരമായ വിർശനങ്ങൾപോലും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. പ്രസിഡണ്ട് എന്ന നിലയിൽ അത് ഒരു വലിയ പ്രശ്നമായിരുന്നു.” ഹോം ലാൻഡ് സെക്യൂരിറ്റിക്കാര്യങ്ങളിൽ ട്രമ്പിന്റെ ഉപദേഷ്ടാവായിരുന്നു തോമസ് പി ബെസേർട് നിരീക്ഷിക്കുന്നു : “ട്രമ്പിന്റെ ചില പോളിസികൾ അമേരിക്കൻ ജനാധിപത്യ സമ്പ്രദായത്തിന്റെ അടിത്തറ ഇളക്കാൻ പോരുന്നതായിരുന്നു.” പ്രസിഡൻറ് ട്രമ്പിന്റെ മീഡിയ ഒപ്പറേഷൻസിന്റെ അസിസ്റ്റന്റ് സെക്രട്ടറിയും ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റിന്റെ പ്രസ് സെക്രട്ടറിയുമായിരുന്നു ഡേവിഡ് ലാപ്പ്മാൻ. ട്രമ്പിനെപ്പറ്റിയുള്ള അദ്ദേഹത്തിൻറെ പ്രസ്താവം ശ്രദ്ധിക്കുക: “ചൈനയാണ് അതിന് ഉത്തരവാദികൾ, ഡോക്ടർ ഫൗചിയാണ് തെറ്റുകാരൻ, ഒബാമ വരുത്തിവെച്ച പ്രശ്നമാണത്.” ഇങ്ങനെ ഭരണത്തിന് ദോഷകരമായ എന്തെങ്കിലും വാർത്തകൾ ഉയർന്നുവന്നാൽ അത് മറ്റുള്ളവരുടെ തലയിൽ വെച്ച് നല്ലപിള്ള ചമയാൻ ട്രമ്പ് ഉത്സാഹിച്ചിരുന്നു. ഭരണത്തിനുമേൽ കുറ്റം ചാർത്തുന്നതൊന്നും അദ്ദേഹത്തിന് ദഹിക്കുമായിരുന്നില്ല. അമ്മാതിരി വിഷയങ്ങളിൽ നിന്നും ഒളിച്ചോടാൻ വ്യഗ്രതകാട്ടിയിരുന്നു.
രണ്ടായിരത്തിപതിനേഴിലെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ടുമെൻറ് സെക്രട്ടറിയും പിൽക്കാലത്തു് ചീഫ് ഓഫ് സ്റ്റാഫും ആയിരുന്നു ജോൺ കെല്ലി. ഏകാധിപതികളെയും കൊലപാതകികളായ സ്വേച്ഛാധിപതികളേയും പ്രശംസിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു ട്രമ്പിൻറ്റേതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, അമേരിക്കൻ ജനാധിപത്യ പ്രസ്ഥാനങ്ങളെയും, ഭരണഘടനയെയും നിയമവാഴ്ചയേയും അദ്ദേഹം പുച്ഛത്തോടെയാണ് വീക്ഷിച്ചിരുന്നത് എന്ന കാര്യവും കെല്ലി എടുത്തു പറയുന്നു.
മുൻകാല സെനറ്ററും ഇൻറ്റലിജൻസ് ഡിറക്ടറുമായിരുന്നു ഡാൻ കോട്സിന്റെ നിരീക്ഷണത്തിൽ :”പറയുന്നത് കള്ളമാണെന്നുള്ള ബോധ്യം ട്രമ്പിനില്ല. വായിൽ വരുന്നത് വിളിച്ചു പറയുന്നു. കള്ളമേത് സത്യമേത് എന്ന് തിരിച്ചറിയാൻ ട്രമ്പ് മെനക്കെടാറില്ല.” നാടൻ ഭാഷയിൽ പറഞ്ഞാൽ “വായിൽ വരുന്നത് കോതക്കു പാട്ട്.”
ട്രമ്പിൻറെ പ്രധാന നയതന്ത്ര വിദഗ്ദ്ധനായിരുന്നു സ്റ്റീവ് ബാനൻ. “ഒരു കാര്യവും സീരിയസ്സായി എടുക്കുന്ന പ്രകൃതക്കാരനായിരുന്നില്ല” എന്നാണ് അദ്ദേഹം ട്രമ്പിനെ വിശേഷിപ്പിക്കുന്നത്. ട്രമ്പ് യൂണിവേഴ്സിറ്റി അടച്ചുപൂട്ടി. അറ്റ്ലാൻറ്റിക് സിറ്റിയിലെ കസിനോകൾ കടത്തിൽ മുങ്ങി. പല റിസോർട്ടുകളും നഷ്ടത്തിൽ കലാശിച്ചിരുന്നു. ഗത്യന്തരമില്ലാതെ ‘അപ്രൻറ്റിസുമായി’ ട്രമ്പ് രംഗത്ത് വന്നു. അതിന്റെ ആദ്യത്തെ ആറു എപ്പിസോഡുകളുടെ വിജയത്തിനായി അഹോരാത്രം പാടുപെട്ട വ്യക്തിയാണ് ജോനാത്തൻ ബ്രോൻ. ട്രമ്പിന്റെ താളത്തിനൊത്തു തുള്ളിയില്ലെന്ന കാരണത്താൽ ഒരു ദിവസം പുകച്ചു പുറത്താക്കി. അപ്പറന്റ്റിസിലെ ഒരു മത്സരാർത്ഥി ആയിരുന്നു ഒമാറോസ. പ്രസിഡന്റ് ട്രമ്പ് അവരെ വൈറ്റ് ഹൗസിൽ ഒരു സഹായിയായി നിയമിച്ചു. ട്രമ്പിനെ ജാതിവൈരി എന്ന് ആരോപിച്ചുകൊണ്ടാണ് ഒമാറോസ വൈറ്റഹൗസിനോട് യാത്ര പറഞ്ഞത്. റിപ്പബ്ളിക്കൻ പാർട്ടിയിലെ നിരവധി ഉന്നതസ്ഥാനികൾ ട്രമ്പിനെതിരെ സ്വരമുയർത്തുന്നതും പതിവായിരിക്കുന്നു!
രണ്ടായിരത്തി മൂന്നു മുതൽ സൗത്ത് കരോലിനായെ പ്രതിനിധീകരിക്കുന്ന സെനറ്ററായ ലിൻഡ്സേ ഗ്രാം, ട്രമ്പിനെ വർണ്ണവിവേചന വാദിയും, വിദേശികളോട് വിദ്വേഷം പുലർത്തുന്നവനും മത തീവ്രവാദിയുമായിട്ടാണ് കാണുന്നത്. സൗത്ത് കരോലിന ഗവർണർ, ട്രമ്പിനെതിരെ പ്രൈമറിയിൽ മത്സരിച്ച മഹതി, യുനൈറ്റഡ്നേഷനിൽ ട്രമ്പിന്റെ അംബാസഡർ എന്നീ നിലകളിൽ ശോഭിച്ച വ്യക്തിയാണ് നിക്കി ഹേലി. അവർ ട്രമ്പിനെപ്പറ്റി പറഞ്ഞത് ഇങ്ങനെ : “എനിക്ക് ട്രമ്പിനെക്കുറിച്ചു തിളക്കമാർന്ന വാക്കുകൾ ഒന്നും പറയാനില്ല. എന്നെയും കുടുംബത്തേയും അധിക്ഷേപിച്ചത് മറന്നിട്ടില്ല! എന്നെ ‘പക്ഷിബുദ്ധി’ എന്ന് വിളിച്ചിട്ട് എന്റെ ഹോട്ടൽ മുറിയുടെ പുറത്തു് കൂട്ടിലടച്ച പക്ഷിയെ വെച്ച മനുഷ്യനാണ് അദ്ദേഹം”.
രണ്ടായിരത്തി പതിമൂന്നു മുതൽ ടെക്സസിൽനിന്നുമുള്ള സെനറ്റർ ആണ് റ്റെഡ് ക്രൂസ്. ട്രമ്പിനെ “പാത്തോളജിക്കൽ ലയർ” എന്നാണ് റ്റെഡ് ക്രൂസ് വിശേഷിപ്പിച്ചത്. “ട്രമ്പിൻറെ കാര്യത്തിൽ, കള്ളം പറയുക എന്നതു ചികിൽസിച്ചു ഭേദപ്പെടുത്താൻ സാധ്യമല്ലാത്ത വിധത്തിലുള്ള ഒരു കഠിന രോഗമാണ്. പൊരുളും പൊളിയും തമ്മിൽ തിരിച്ചറിയാനുള്ള കഴിവും അദ്ദേഹത്തിനു നഷ്ടപ്പെട്ടിരിക്കുന്നു.” സെനറ്റ് നേതാവായിരുന്ന മിച്ച് മക്കോണൽ ട്രമ്പിനെ വിമർശിച്ചത് ശ്രദ്ധിക്കുക: “ട്രമ്പിൽനിന്നും ഒന്നൊന്നായി ഉയർന്നുവരുന്ന ഉപജാപ മുറവിളികൾ ജനങ്ങളുടെ തീരുമാനത്തെ അട്ടിമറിക്കാനുള്ള കളിയാണ്. വേണ്ടിവന്നാൽ ഇറങ്ങി പോകുന്ന വഴിക്ക് നമ്മുടെ മഹത്തായ സ്ഥാപനങ്ങളെ ചാമ്പലാക്കാനും മടിക്കുകയില്ല.”
ഫ്ലോറിഡയിൽ നിന്നുമുള്ള സെനറ്റർ ആയ മാർക്കോ റൂബിയോ ട്രമ്പിനെ ‘തട്ടിപ്പുവീരൻ’ എന്നാണ് വിശേഷിപ്പിച്ചത്. രണ്ടായിരത്തിഇരുപത്തിമൂന്നിൽ ഹൗസ് സ്പീക്കർ ആയിരുന്ന കെവിൻ മക്കാർത്തി, ജനുവരി ആറിനു നടന്ന കാപ്പിറ്റോൾ ആക്രമണത്തിൻറെ പൂർണ്ണ ഉത്തരവാദിത്തം ട്രമ്പിനാണെന്ന് പറയാൻ മടിച്ചില്ല. രണ്ടായിരത്തി പതിനഞ്ചു-പത്തൊൻപതു കാലഘട്ടത്തിൽ ഹൗസ് സ്പീക്കറായി വർത്തിച്ച ദേഹമാണ് പോൾ റയാൻ. അമേരിക്കൻ പ്രസിഡണ്ടിന് അത്യാവശ്യം വേണ്ട സ്വഭാവഗുണങ്ങൾ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു വ്യക്തിയായിട്ടാണ് ട്രമ്പിനെ അദ്ദേഹം കാണുന്നത്. ഗവർണറും പ്രസിഡണ്ട് സ്ഥാനാർത്ഥിയുമായിരുന്ന മിറ്റ് റോമ്നി ട്രമ്പിനെ അടയാളപ്പെടുത്താൻ കള്ളനാണയം ചതിയൻ എന്നീ രണ്ടു വാക്കുകളാണ് തെരഞ്ഞെടുത്തത്. ട്രമ്പിന്റെ വാഗ്ദാനങ്ങൾ, ട്രംപ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രികളെക്കാൾ വിലകെട്ടതാണെന്നു പറയാനും റോമ്നി മറന്നില്ല. ട്രമ്പ് വളരെയധികം പുകഴ്ത്തുന്ന ഒരു ഏകാധിപതിയാണ് ഉത്തര കൊറിയൻ പ്രസിഡണ്ടായ കിംഗ് ജോങ് ഉന്. കിംഗ് ജോങിന് ട്രമ്പിനെപ്പറ്റിയുള്ള അഭിപ്രായം അറിയുക : “പേടിച്ചരണ്ട പട്ടികളാണ് ഉച്ചത്തിൽ ഓലിയിടുന്നത്. ട്രമ്പ് ചെയ്യുന്നത് അതാണ്.” ജർമ്മൻ ചാൻസലർ ആയിരുന്ന ആൻജലാ മെർക്കൽ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ട്രമ്പ് തോൽവി സമ്മതിക്കാൻ വൈമുഖ്യം കാണിച്ചതിൽ കുറ്റപ്പെടുത്തുകയുണ്ടായി. യൂക്രൈൻ പ്രസിഡണ്ട് സെലൻസ്കിയെ അത്ഭുതപ്പെടുത്തുന്നത് ട്രമ്പ് പുടിനോട് കാണിക്കുന്ന പ്രത്യേക മമതയാണ്.
ട്രമ്പിന്റെ സംസ്ക്കാരരഹിതമായ സംസാരരീതിയും ഗോഷ്ടികളും, അടുക്കും ചിട്ടയുമില്ലാത്ത ഭാഷാപ്രയോഗവും വിദേശ രാഷ്ട്രത്തലവന്മാർക്കിടയിൽ അദ്ദേഹത്തെ അവഹേളനപാത്രമാക്കിയിരുന്നു.
മുകളിൽ നാം വായിച്ച പ്രസ്താവങ്ങളും നിരീക്ഷണങ്ങളും വിലയിരുത്തലുകളും വെറുതെ തള്ളിക്കളയാവുന്നതാണോ? നാം ഓരോരുത്തരുമാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്!
ചിന്തിപ്പിൻ! സോദരീ, സോദരാ:
വൃദ്ധനും, ക്രുദ്ധനും, ബുദ്ധിക്ഷയം തനിക്കല്ലെന്നു
നിനച്ചു തട്ടിപ്പുവീരനായ് വിലസും കള്ളനാണയം ട്രമ്പിനെ,
നമ്പുവതു നന്നോ?ചിന്തിപ്പൂ! സോദരീ,സോദരാ!
2024 സെപ്റ്റംബർ 26 -ലെ ന്യൂയോർക് ടൈംസ് എഡിറ്റോറിയലിനോട് കടപ്പാട്.