ന്യൂഡൽഹി: മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു തൻ്റെ ആദ്യ ഉഭയകക്ഷി സന്ദർശനത്തിനായി ഞായറാഴ്ച (ഒക്ടോബർ 6) ഇന്ത്യയിലെത്തി. മാലദ്വീപ് പ്രഥമ വനിത സാജിദ മുഹമ്മദും പ്രസിഡൻ്റിനൊപ്പമുണ്ട്. ഇന്ത്യാ സന്ദർശന വേളയിൽ, അദ്ദേഹം ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യൻ ഭാഗത്തുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് പ്രസിഡൻ്റ് മുയിസുവിനെ സ്വാഗതം ചെയ്തു. ഒക്‌ടോബർ 10 വരെ അദ്ദേഹം ഇന്ത്യയിൽ ഉണ്ടാകും. പ്രസിഡൻ്റ് മുർമുവിൻ്റെ ഔദ്യോഗിക ക്ഷണത്തെ തുടർന്നാണ് അദ്ദേഹം രാജ്യത്തെത്തിയത്.
അടുത്തിടെ സമാപിച്ച യുഎൻ ജനറൽ അസംബ്ലിയിൽ (യുഎൻജിഎ) ഇന്ത്യൻ മാധ്യമങ്ങളുമായുള്ള ആശയ വിനിമയത്തിനിടെയാണ് മുയിസു തൻ്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകിയത്. ആ സമയത്ത്, ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ‘വളരെ ശക്തമായ’ ഉഭയകക്ഷി ബന്ധത്തെ അദ്ദേഹം പ്രശംസിച്ചു.
മുയിസുവിൻ്റെ ഇന്ത്യയിലേക്കുള്ള ആദ്യ ഉഭയകക്ഷി സന്ദർശനമാണെങ്കിലും ഇത് രണ്ടാം തവണയാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഈ മാസം ജൂണിൽ പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മിക്കവാറും എല്ലാ മാലദ്വീപ് പ്രസിഡൻ്റുമാരും ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, മുയിസു തൻ്റെ ആദ്യ വിദേശ യാത്ര ആരംഭിച്ചത് തുർക്കിയില്‍ നിന്നാണ്. പിന്നീട് ചൈനയും സന്ദർശിച്ചാണ് ഇന്ത്യയിലെത്തുന്നത്. ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് മുയിസ്സുവിനുള്ളത്.
ഇന്ത്യയും മാലിദ്വീപും പരമ്പരാഗതമായി വളരെ അടുത്ത ബന്ധമാണുള്ളത്, പ്രതിസന്ധി ഘട്ടങ്ങളിൽ ദ്വീപസമൂഹത്തെ സഹായിക്കാൻ ഇന്ത്യ എപ്പോഴും മുന്നിട്ടിറങ്ങിയിട്ടുണ്ട്. എന്നാൽ, മുയിസു അധികാരത്തിൽ വന്നതു മുതൽ പാരമ്പര്യേതരമെന്നു കണ്ട തീരുമാനങ്ങളാണ് അദ്ദേഹം കൈക്കൊണ്ടത്. മാലിദ്വീപിനുള്ളിൽ നിന്ന് ഇന്ത്യൻ സൈനികരെ നീക്കം ചെയ്യണമെന്ന് മുയിസു ശക്തമായി ആവശ്യപ്പെട്ടു. മാലിദ്വീപിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തിൻ്റെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണം ‘ഇന്ത്യ ഔട്ട്’ മുദ്രാവാക്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. തന്നെയുമല്ല, ഇന്ത്യൻ സൈനികരുടെ പ്രശ്നം ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തർക്കം സൃഷ്ടിച്ചിരുന്നു.
എന്നിരുന്നാലും, മുയിസു ഈയിടെയായി അനുരഞ്ജനത്തിന്റെ പാതയിലാണ്. സാമ്പത്തിക സഹായത്തിന് ഇന്ത്യക്ക് നന്ദി പറയുകയും അതിനെ മാലിദ്വീപിൻ്റെ ‘അടുത്ത’ സഖ്യകക്ഷികളിൽ ഒന്നായി കാണുകയും ചെയ്തു.