ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ ഒക്ടോബര്‍ 26 ശനിയാഴ്ച ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.
തുലാമാസത്തിലെ ആയില്യമാണ് മണ്ണാറശാല ആയില്യം എന്നറിയപ്പെടുന്നത്. പൊതുവെ നാഗദൈവങ്ങള്‍ക്ക് പ്രധാന്യമുള്ള ദിനമാണ് ഓരോ മാസത്തിലെയും ആയില്യം. സ്ത്രീകള്‍ പൂജാദികര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചടങ്ങ് എന്ന പ്രത്യേകതയും ചടങ്ങിനുണ്ട്.
മണ്ണാറശാല ആയില്യത്തിന് പിന്നിൽ നിരവധി കഥകളാണ് ഉള്ളത്. അതിൽ ഒന്നാണ് സർപ്പ പ്രീതിയാൽ ശ്രീദേവി അന്തർജ്ജനം ഗർഭവതിയാവുകയും രണ്ടു കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു. ഒരാൾ മനുഷ്യശിശുവും മറ്റെയാൾ അഞ്ചുതലയുളള സര്‍പ്പശിശുവും ആയിരുന്നു. മനുഷ്യശിശു ഗൃഹസ്ഥാശ്രമത്തിലേക്ക് കടന്നു. സർപ്പശിശു ഇല്ലത്തെ നഗരാജാവായി വാഴുകയും ചെയ്തു.
ഇവിടെ നാഗരാജാവ് ചിരംജീവിയായി വാഴുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. നിലവറയില്‍ കുടികൊള്ളുന്ന നാഗരാജാവിനെ വര്‍ഷത്തിലൊരിക്കല്‍ നേരിട്ടുകാണാന്‍ മാതാവിന് അവസരം നല്‍കിയതിന്‍റെ ഓര്‍മയ്ക്കായാണ് ആയില്യം നാളിലെ പൂജ.
ഇവിടുത്തെ പ്രത്യേക വഴിപാടാണ് ഉരുളി കമിഴ്‌ത്തൽ. സന്താനഭാഗ്യത്തിനാണ് ഈ വഴിപാട് നടത്തുന്നത്. വ്രതാനുഷ്ഠാനത്തോടെ ക്ഷേത്രത്തിലെത്തുന്ന ദമ്പതികള്‍ക്ക് ഓട്ടുരുളി ക്ഷേത്രത്തില്‍നിന്നും നല്‍കുന്നു. താളമേളവാദ്യങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് ചുറ്റും മൂന്ന് തവണ പ്രദക്ഷിണം വെച്ച് ഉരുളി നാഗരാജാവിന്‍റെ നടയിൽ സമർപ്പിക്കണം.
തുടര്‍ന്ന് ദമ്പതികള്‍ ഇല്ലത്തു ചെന്ന് അമ്മയെ ദര്‍ശിച്ച് ഭസ്മം വാങ്ങി അനുഗ്രഹം തേടണം. നടയ്ക്കു വച്ച ഉരുളി പിന്നീട് അമ്മ നിലവറയില്‍ കമഴ്ത്തിവെയ്ക്കും. കുട്ടിയുണ്ടായിക്കഴിഞ്ഞാൽ ആറാം മാസം വന്ന് ആ ഉരുളി നിവർത്തണമെന്നാണു വിശ്വാസം.
ഇവിടുത്തെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് സ്ത്രീയാണ് മുഖ്യ പൂജാരിണി എന്നതാണ്. “മണ്ണാറശാല അമ്മ” എന്നറിയപ്പെടുന്ന പൂജാരിണി ഭക്‌തർക്കു നാഗദൈവങ്ങളുടെ പ്രതിരൂപമാണ്. പുലർച്ചെ ഇല്ലത്തെ നിലവറയിലും തെക്കേ തളത്തിലും വിളക്ക് തെളിക്കുന്നത് അമ്മയാണ്. കന്നി, തുലാം, കുംഭ മാസങ്ങളിലെ ആയില്യവും ശിവരാത്രിയുമാണ് ഇവിടുത്തെ പ്രധാന ആഘോഷദിനങ്ങൾ.