വൃദ്ധാശ്രമത്തിലെ വാനമ്പാടികൾ (ലേഖനം): തൊടുപുഴ കെ ശങ്കർ, മുംബൈ

വാർദ്ധക്യമായവർക്കു സ്വസ്ഥമായും സ്വൈര്യമായും തങ്ങളുടെ വാർദ്ധക്യകാലത്തു, അതുവരെയുണ്ടായിരുന്ന ശബ്ദകോലാഹലങ്ങൾക്കും സുരക്ഷിതത്വരാഹിത്യത്തിനും വിരാമമിട്ടുകൊണ്ട്, വിശ്രമിക്കുവാനുള്ള വിശ്രമ കേന്ദ്രങ്ങളാണ് വൃദ്ധാശ്രമങ്ങൾ!

ഒരു കണക്കിന്, വർദ്ധക്യത്തിലൂടെ വാനപ്രസ്ഥത്തിലേക്കുള്ള പ്രയാണം നടത്തുമ്പോൾ, ലൗകിക ജീവിതത്തോട് വിട പറഞ്ഞു ആത്മീയ കാര്യങ്ങളിൽ മനസ്സ് കേന്ദ്രീകരിക്കുവാൻ ഉതകുന്ന പുണ്യാശ്രമങ്ങളായി വൃദ്ധാശ്രമങ്ങളെ കരുതാം. വാർദ്ധക്യ കാലം വാർദ്ധക്യമായിത്തന്നെ അനുഭവിക്കാനുള്ള സകല സൗകര്യങ്ങളും ഇവിടെ ലഭിക്കുന്നു. ശാന്ത സുന്ദരമായ അന്തരീക്ഷവും പ്രതീക്ഷിക്കാം!

ഈ സംവിധാനങ്ങളൊന്നും നിലവിലില്ലാതിരുന്ന ഒരു കാലത്തു വാർദ്ധക്യം ഒരു ശാപമായി കരുതി ക്ലേശങ്ങൾ സഹിച്ചു കുടുംബങ്ങളിൽ അല്ലെങ്കിൽ ആരുമില്ലാതെ, എത്രയോ പേർ കഴിഞ്ഞിട്ടുണ്ട്. ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും കൊഴിഞ്ഞു വീണ സുദിനദളങ്ങൾ പെറുക്കിയെടുക്കുവാൻ ശ്രമിച്ചുകൊണ്ട്, ആ ദിവസങ്ങളുടെ മധുര സ്മരണകളുടെ മധുകണങ്ങൾ അയവിറക്കിക്കൊണ്ടു ഇവിടെ കഴിയുന്ന ഈ കാലം, മരണം വരെ മനുഷ്യന് ഒഴിവാക്കാൻ കഴിയാത്ത ഒരു കാലഘട്ടമായി കരുതാം! വാർദ്ധക്യത്തിൽ പ്രവേശിച്ചവരെ വൃദ്ധാശ്രമങ്ങളിൽ എത്തിച്ചേരുവാൻ പ്രേരിപ്പിക്കുന്ന കാരണങ്ങളെപ്പറ്റി ആരും ചിന്തിക്കുവാൻ മെനക്കെടാറില്ലല്ലോ. ഒരുപക്ഷെ, വാർദ്ധക്യ കാലത്തു വേണ്ടത്ര ശ്രദ്ധയും പരിരക്ഷയും ലഭിക്കാതെ പലരും കഷ്ടപ്പെടുന്നതുകൊണ്ടു്, സമുദായത്തിലെ നല്ല മനുഷ്യരും സാമൂഹ്യ സംഘടനകളും ചേർന്ന് തുടക്കമിട്ട ഒരു സംരംഭമാണ് വൃദ്ധാശ്രമങ്ങളെന്നു പറയാം. പാശ്ചാത്യ രാജ്യങ്ങളിൽ, വൃദ്ധ സദനങ്ങൾ വന്നിട്ട് എത്രയോ കാലമായി. വൈകിയെങ്കിലും, ഭാരതത്തിലും ഇത് വന്നു തുടങ്ങിയല്ലോ!

സഹൃദയരായ വ്യക്തികളുടെയും സംഘടനകളുടെയും ഏകോപനമായ പ്രവർത്തനം മൂലം നിലവിൽ വരുന്ന ഈ സ്ഥാപനങ്ങൾ വൃദ്ധജനങ്ങൾക്ക് ഒരു അനുഗ്രഹമായി മാറിയിരിക്കുന്നു. സാമ്പത്തികമായി ശേഷിയില്ലാത്ത നിരാലംബരാണ് ഈ ആശ്രമങ്ങളിൽ വരുന്നതെന്ന് പലർക്കും ഒരു ധാരണയുണ്ട്. അത് ശരിയല്ല. അങ്ങനെയുള്ളവർക്കു പ്രത്യേകം സംവിധാനമുണ്ട്. അതുമിതും വെവ്വേറെയാണ്.

വരുമെന്നുള്ളത് സുനിശ്ചിതവും, എന്നാൽ എപ്പോൾ വരുമെന്നുള്ളത് മാത്രം അനിശ്ചിതവുമായ ഒന്നാണല്ലോ മരണം. വാർദ്ധക്യ കാലത്തു സർവ്വ ദുഃഖങ്ങളും മറന്നു മനസ്സമാധാനത്തോടെ ജീവിക്കണം. ഈ വിചാരമുള്ളവർക്കു താമസിക്കുവാൻ വേണ്ടി പടുത്തുയർത്തുന്ന പുണ്യ ക്ഷേത്രങ്ങളാണ് വൃദ്ധാശ്രമങ്ങളെന്നു പറയാം. ഇതൊരു മഹത്തായ സാമൂഹ്യസേവനമാണ്. വർദ്ധക്യമായാൽ വീണ്ടും ശൈശവത്തിലേക്ക് പ്രവേശിക്കുന്ന മനുഷ്യന് ഈ ആശ്രമങ്ങൾ ഒരു പിള്ളത്തൊട്ടിലായി കരുതാം. ഒരു വൃദ്ധാശ്രമം അഥവാ, “ഓൾഡ് ഏജ് ഹോം”ഒന്ന് സൂക്ഷിച്ചു നോക്കിയാൽ അതിലെ അന്തേവാസികൾ വ്യത്യസ്ത ജീവിത രീതികളിൽ കഴിഞ്ഞ പലതരത്തിലുള്ള സംസ്കാരമുള്ളവരാണെന്നു കാണാം. അപരിചിതരായ കുട്ടികൾ കൂടിച്ചേരുന്ന നഴ്സറിയായോ കെ ജി ക്ലാസ്സോ ആയി ഈ ആശ്രമങ്ങളെ കണക്കാക്കാം. പഴക്കം കൊണ്ട് ഇവർ സുഹൃത്തുക്കളാകുന്നു. അതുപോലെ തന്നെ ഇവിടെയുള്ള അന്തേവാസികളും കാലക്രമേണ ഈടുള്ള സുഹൃദ് ബന്ധം സൃഷ്ടിക്കുന്നു.

ഈയടുത്തകാലത്തു വളരെയടുത്ത ബന്ധുക്കളായ ദമ്പദികൾ വിട്ടുമാറാത്ത അനാരോഗ്യം മൂലവും സ്ഥിരമായി ആശ്രയിക്കുവാൻ ആരുംഇല്ലാത്തതിനാലും മദ്രാസിൽ താംബരത്തിലുള്ള “എസ് എസ് എം റെസിഡൻസി” എന്ന വൃദ്ധാശ്രമത്തിൽ സ്ഥിരതാമാസമാക്കി.

അതെ ആശ്രമത്തിൽ ത്തന്നെ, ഇലെക്ഷൻ കമ്മീഷണർ ആയി വിരമിച്ച ശ്രീ ടി എൻ ശേഷനും ഭാര്യയും താമസിക്കുവാൻ വന്നിട്ടുള്ളതായി അറിഞ്ഞു. അവർക്കു മക്കളില്ലെന്നുമറിഞ്ഞു. കുറെ ദിവസങ്ങൾക്കു മുമ്പ്, എന്റെ ഒരു ബന്ധുവുമായി സംസാരിച്ചപ്പോൾ അവിടുത്തെ അന്തേവാസികളെപ്പറ്റിയും അവരുടെ ജീവിത രീതികളെപ്പറ്റിയും ആഹാരരീതികളെപ്പറ്റിയും പല കാര്യങ്ങളും മനസ്സിലാക്കുവാൻ സാധിച്ചു. ലൗകിക ജീവിതവും ഭൗതിക സുഖ സൗകര്യങ്ങളും വെടിഞ്ഞു, ആത്മീയ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ജീവിക്കുവാനൊരുക്കിയ ഈ ഭവനങ്ങൾക്കു ഒരു പർണ്ണശാലയുടെ പവിത്രതയുണ്ട്. നേരിൽ കണ്ടാൽ ഒരുകണക്കിന് സഹതാപം തോന്നുന്നതും ജീവിതത്തിൽ എല്ലാവർക്കും നിർബന്ധിതമായി നേരിടേണ്ടി വരുന്നതുമായ ഈ ഘട്ടത്തെപ്പറ്റി ആരും ഒരു നിമിഷം ആലോചിച്ചു നിന്നു പോകും.

മുമ്പു പറഞ്ഞതു പോലെ ഇവിടുത്തെ അന്തേവാസികൾ മിക്കവാറും സാമ്പത്തിക ഭദ്രതയിൽ മികച്ച നിലവാരം പുലർത്തുന്നവരും ഔദ്യോഗിക, സാമൂഹ്യ തലങ്ങളിൽ ഉന്നത പദവികളിൽ ശോഭിച്ചിരുന്നവരുമാണെന്നറിഞ്ഞു!വാർദ്ധക്യം ഒരു കുറ്റമല്ല, പകർച്ചവ്യാധിയുമല്ല. പക്ഷെ, കാലപ്പഴക്കത്തിൽ, പ്രകൃതിയുടെ തേയ്മാന പ്രക്രിയകൾക്കു നിർബന്ധിതമായി വിധേയമാകുന്ന മനുഷ്യ ശരീരത്തിന് അഥവാ, എല്ലാം തന്റെ നിയന്ത്രണത്തിനും ശക്തിയ്ക്കും അനുകൂലമെന്ന് അഹങ്കരിക്കുന്ന മനുഷ്യന് നേരിടേണ്ടി വരുന്ന ഒരു ദുർഘട പ്രതിസന്ധിയാണ് വാർദ്ധക്യമെന്നു പറയാം. പല്ലു കൊഴിഞ്ഞു വീഴുമ്പോഴും, മുടി കൊഴിഞ്ഞു കഷണ്ടിയാകുമ്പോഴും, മുടി നരയ്ക്കുമ്പോഴും, ശരീരത്തിലെ തൊലി ചുങ്ങി ചുളിയുമ്പോഴുംകണ്ണിനും കാതിനും പ്രവൃത്തിമാന്ദ്യം അനുഭവിക്കുമ്പോഴും, കൈകാലുകൾക്ക് ബലം ക്ഷയിക്കുമ്പോഴും, നിയന്ത്രിക്കാനാവാതെ മനുഷ്യൻ നിസ്സഹായനായി നോക്കി നിൽക്കേണ്ടി വരുന്ന അവസ്ഥയെ വാർദ്ധക്യ മെന്നു വിശേഷിപ്പിക്കാം. പരിവർത്തനങ്ങളുടെ സമാപനഘട്ടത്തെ സമീപിക്കുന്ന സമയത്തു ഇവിടെയെത്തുന്നവരെ നമുക്ക് വിശകലനം ചെയ്തു നോക്കാം.

ഏതെല്ലാം വിഭാഗങ്ങളിൽ പെട്ടവരാണ് ഈ ജീവിതത്തിലെ സായാഹ്നങ്ങളിലേക്കു പറിച്ചു നടപ്പെടുന്ന അന്തിമലരിച്ചെടികളെന്നു നമുക്ക് നോക്കാം. ഇവിടെ വയോവൃദ്ധരായ ദമ്പതികൾക്കോ, ഒറ്റ പക്ഷികളായി കഴിഞ്ഞ ബ്രഹ്മചാരികൾക്കോ മാത്രമേ പ്രവേശനമുള്ളൂ. കുടുംബ സമേതം താമസിക്കാനുള്ള സ്ഥലമല്ലെന്നറിയാമല്ലോ.
ദാമ്പത്യ വല്ലരിയിൽ ഒരു പിഞ്ചുകാൽ കാണാനുള്ള സൗഭാഗ്യമില്ലാതെ കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ വാർദ്ധക്യദശയെ പ്രാപിച്ചവർക്ക്, ഇനി തങ്ങളുടെ ജീവിതത്തിൽ ആർക്കുവേണ്ടി ജീവിക്കും അഥവാ, ആരു തങ്ങളുടെ വാർദ്ധക്യ ദശയിൽ സംരക്ഷിക്കുമെന്നുള്ള ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നവർക്ക്, ഈ സംരക്ഷണ സൗധങ്ങൾ ഒരു പ്രത്യാശാ കേന്ദ്രമായി അഭയം നൽകുന്നു.

വളരെ ദുഖങ്ങളും ദുരിതങ്ങളും സഹിച്ചു സ്നേഹവാത്സല്യങ്ങൾ കോരിച്ചൊരിഞ്ഞു ഉന്നത വിദ്യാഭ്യാസവും നൽകി മക്കളെ വളർത്തി വലിയവരാക്കി. അവരെല്ലാം ഇന്ന് സാമാന്യം നല്ല നിലയിലാണ്. സാമ്പത്തിക ഭദ്രത കൈവരിച്ചവരാണ്. അവർ സ്വദേശത്തോ, പരദേശത്തോ ജോലിചെയ്യുന്നവരായിരിക്കാം. തിരക്കുപിടിച്ച ജീവിത യാത്രയിൽ സ്വന്തം മാതാപിതാക്കളെ പരിരക്ഷിക്കുവാൻ മാത്രം സമയമില്ല. അവരെ കൂടെ പാർപ്പിക്കുവാൻ നിർവ്വാഹമില്ല. പക്ഷെ, അവർക്കു വേണ്ടി എത്ര വേണമെങ്കിലും പണം ചെലവഴിക്കുവാൻ നല്ല മനസ്സ് ദൈവം കൊടുത്തിട്ടുണ്ട്. അവരെ പറഞ്ഞു മനസ്സിലാക്കി എങ്ങനെയെങ്കിലും വൃദ്ധാശ്രമങ്ങളിലെത്തിച്ചു ആത്മ സംതൃപ്‌തി നേടുന്നു. നിസ്സഹായരായ മാതാപിതാക്കൾക്ക് മനസ്സില്ലാ മനസ്സോടെയെങ്കിലും വഴങ്ങേണ്ടി വരുന്നു.

ഒട്ടേറെ പ്രതീക്ഷകളോടെ നോമ്പ് നോറ്റും തീർത്ഥയാത്രകൾ ചെയ്തും പിറന്ന മക്കൾ. ജീവിതത്തിൽ സകല സൗഭാഗ്യങ്ങളും നൽകി താഴെ വയ്ക്കാതെ വളർത്തിയ ഓമന മക്കൾ. അവരെല്ലാം ഇന്ന് വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും ജീവിത നിലവാരത്തിലും മികച്ച സ്ഥിതിയിലെത്തിയവർ. ഭാര്യയും മക്കളുമൊത്തു സുഖമായി ജീവിക്കുന്നവർ. പക്ഷെ, അവരുടെ പ്രത്യേകതരത്തിലുള്ള ഈ ജീവിതത്തിൽ സ്വാതന്ത്ര്യം കുറയുമ്പോൾ, മാതാപിതാക്കൾ അധികപ്പറ്റായി തോന്നുന്നു. തടസ്സമായി കരുതുന്നു. ഈ പരിതഃസ്ഥിതിതിക്കു പരിഹാരമായി മുന്നിൽ കാണുന്ന വൃദ്ധാശ്രമങ്ങൾ ആശ്വാസം പകരുന്നു. അങ്ങനെ, അവരുടെ ജീവിതം വീടുകളിൽ നിന്നും ഈ ആശ്രമങ്ങളിലേക്കു മാറ്റേണ്ടി വരുന്നു.

അച്ഛനമ്മമാരെ സ്വന്തം ജീവനു തുല്യം സ്നേഹിക്കുന്ന മക്കൾ. എത്രമാത്രം ക്ലേശങ്ങൾ സഹിച്ചാണ് തങ്ങളെ അവർ വളർത്തിയതെന്ന്‌ പരിപൂർണ്ണമായി ബോധമുള്ളവർ . അച്ഛനമ്മമാരും, പെണ്മക്കളെ സംബന്ധിച്ചുള്ള ഉത്തരവാദിത്വങ്ങളെല്ലാം നിർവ്വഹിച്ചവർ. ഇപ്പോൾ, മക്കളുടെ ഭാര്യമാർ തങ്ങളുടെ ഭർത്താവിന്റെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാൻ വിമുഖതയും വൈമനസ്യവും, പ്രത്യക്ഷമായും പരോക്ഷമായും, കാണിക്കുമ്പോൾ, ഭാര്യമാരെ നിയന്ത്രിക്കുവാൻ ധൈര്യമില്ലാതെ അവർ നിസ്സഹായരായി നിൽക്കുന്നു. ചിലപ്പോൾ, കർക്കശക്കാരിയായ അമ്മായിയമ്മ ചമയുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങളും ചില്ലറയല്ല. അപ്പോൾ മാതാപിതാക്കളും വേണം ഭാര്യയും വേണം എന്ന ചിന്തയോടെ സ്വതന്ത്രമായ അന്തരീക്ഷം നൽകുന്ന വൃദ്ധ സദനങ്ങളിലേക്കു അവരെ മാറ്റാൻ മക്കൾ നിർബന്ധിതരാകുന്നു. സർവദാ വാതിൽ തുറന്നിട്ടിരിക്കുന്ന ഈ സദനങ്ങൾ അവരെ സ്വാഗതം ചെയ്യുന്നു.

ദാമ്പത്യ ജീവിതവും അരുമ സന്താനങ്ങളും സുഖ സംവിധാനങ്ങളുമെല്ലാം ഒരുപാട് സ്വപ്നം കണ്ടു കണ്ടു പങ്കാളിയെ കണ്ടുപിടിക്കാനുള്ള പ്രയാണത്തിൽ യൗവ്വനം വിരിച്ച പച്ച പുല്തകിടിയിലൂടെ നടക്കുമ്പോൾ, ഗതി മാറിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ കാറ്റടിച്ചു തേടിയത് ലഭിക്കാതെ, വാർദ്ധക്യത്തിന്റെ സഹ്യസാനുവിലെത്തിച്ചേർന്ന ഒറ്റപ്പക്ഷികളും, ആരും ആശ്രയമില്ലാതെഅവസാനം എത്തിച്ചേരുന്നത് സർവ്വഥാ വാതിൽ തുറന്നിട്ടിരിക്കുന്ന ഈ സായാഹ്‌ന സദനങ്ങളിലാണ്‌. ഇതിൽപ്പെടാതെ, ദാമ്പത്യ ജീവിതമോ കുടുംബമോ മറ്റുത്തരവാദിത്യങ്ങളോ ഒന്നും താല്പര്യമില്ലാത്തവരും വിരളമല്ല.
ഇതിലൊന്നും ഉൾപ്പെടാതെ, മക്കളും മരുമക്കളും പരിചരിക്കുവാൻ സന്മനസ്സുള്ളവരും എല്ലാ സുഖസൗകര്യങ്ങളും മറ്റുമുള്ള ചിലരുണ്ട്. ശബ്ദമുഖരിതവും, തിരക്കുപിടിച്ചതുമായ ജീവിതത്തിനു സമ്പൂർണ്ണ വിരാമമിട്ടുകൊണ്ട് ആത്മീയകാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ശേഷിച്ച ജീവിതം ചെലവഴിക്കുവാൻ ആഗ്രഹിക്കുന്നവർ. നിലവിലുള്ള ഗാർഹികാന്തരീക്ഷത്തിൽ അതിനൊന്നും സൗകര്യമില്ല. മക്കളുടെ ഉത്തരവാദിത്വങ്ങൾ തീർന്നല്ലോ എന്ന് സമാധാനിക്കുന്നവർ, പേരക്കുട്ടികളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കാനുള്ള കെല്പില്ല. ‘ഞങ്ങളുടെ മക്കളെ ഞങ്ങൾ ഞങ്ങളുടെ രീതിയിൽ വളർത്തി, ഇനി നിങ്ങൾ നിങ്ങളുടെ മക്കളെ നിങ്ങളുടെ രീതിയിൽ വളർത്തുക’എന്ന സന്ദേശം നൽകിക്കൊണ്ട് ഞങ്ങൾക്കും ജീവിതം ആസ്വദിക്കണമെന്ന അഭിലാഷത്തോടെ, സ്വയം വാനപ്രസ്ഥത്തിനു വഴിയൊരുക്കി വൃദ്ധാശ്രമങ്ങളിൽ വന്നു ചേരുന്നവരും വിരളമല്ല. ആരോഗ്യം എന്നും ആരുടെയും ചൊൽപ്പടിക്ക് നിന്നുകൊള്ളണമെന്നില്ല. വാർദ്ധക്യമായാൽ, ദമ്പതികളിൽ ഒരാൾ പിരിയുകയോ, ചലനശേഷി നശിക്കുകയോ മറാത്താ രോഗം ബാധിച്ചു ശയ്യാവലംബരാവുകയോ ചെയ്താലും ഭയപ്പെടാനില്ല. ഇന്ന് അവരെയും പരിചരിക്കുവാൻ സന്നദ്ധമായ സ്ഥാപനങ്ങളുണ്ട്. പണം മുടക്കുവാൻ കഴിവുണ്ടായിരുന്നാൽ മാത്രം മതി. ഇങ്ങനെ വൃദ്ധാശ്രമങ്ങളിൽ ചേക്കേറുന്ന സമാധാനകാംക്ഷികളായ ഈ വാനമ്പാടികളെപ്പറ്റിയോ അവർ അവിടെ പാർക്കാൻ എത്തുന്ന സാഹചര്യങ്ങളെപ്പറ്റിയോ ആരും ചിന്തിച്ചു തല പുണ്ണാക്കാറില്ല. ശേഷിച്ച ജീവിതം ആത്മീയകാര്യങ്ങളിൽ മാത്രം മുഴുകി ജീവിക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം.

ഇവിടെ 1 B H K, 2 B H K, 3B H K എന്ന വിധത്തിൽ ഫ്ലാറ്റുകൾ ലഭ്യമാണ്. ബാച്ചലേഴ്സിന് ഡോർമിറ്ററിയും. എട്ടു ലക്ഷം പത്തു ലക്ഷം(അതിൽ കൂടുതലും) എന്ന തോതിൽ ദീർഘകാല ഡെപ്പോസിറ്റ് കൊടുത്തു തങ്ങൾക്കു ആവശ്യമുള്ള രീതിയിലുള്ള ഫ്ലാറ്റ് വാങ്ങാം. ഡെപ്പോസിറ്റുകൾ പത്തു വർഷം, ഇരുപതു വർഷം എന്ന കാലാവധിക്കുള്ളതാണ്. ആവശ്യമുള്ള ഫർണിച്ചർ, ഫ്രിഡ്ജ്, മേശ, കസേര എല്ലാം സ്വയം വാങ്ങി ഉപയോഗിക്കാം. ഭക്ഷണത്തിനും, വിനോദത്തിനും ആത്മീയ കാര്യങ്ങൾക്കും എല്ലാം സൗകര്യമുണ്ട്. ആഹാരമെല്ലാം പൊതുവെ എല്ലാവർക്കും നൽകുന്നു. അസുഖങ്ങൾ മൂലം ആഹാരകാര്യത്തിൽ നിയന്ത്രണമുള്ളവർക്ക്‌ അതിനനുസരിച്ചു നൽകുവാനുള്ള സംവിധാനമുണ്ട്. സമയാസമയങ്ങളിൽ ഭക്ഷണം കോമൺ ഡൈനിങ്ങ് ഹാളിൽ പോയി കഴിക്കാം. അതിനു കഴിയാത്തവർക്ക് അവരവരുടെ മുറിയിൽ എത്തിച്ചു കൊടുക്കും. സ്വന്തമായി കരുതാവുന്ന ഈ വീടിന്റെ എലെക്ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ, പ്രത്യേക പരിചരണത്തിന് വേലക്കാരെ നൽകിയാൽ അവരുടെ ചെലവുകൾ, (ഭക്ഷണമോ, പണമോ കൊടുത്തു അവരെ പ്രലോഭിപ്പിക്കരുതെന്നു നിർദ്ദേശമുണ്ട്. അങ്ങനെ ഉണ്ടായാൽ അവരെ ജോലിയിൽ നിന്നും നീക്കം ചെയ്യും) എല്ലാം അന്തേവാസികൾ സ്വയം വഹിക്കണം.മാനേജർ മുതൽ തൂപ്പുകാരൻ വരെ വളരെ സേവന സന്നദ്ധതയോടെ ദിവസം മുഴുവൻ ശ്രദ്ധാ പൂർവ്വം ജോലി ചെയ്യുന്നു. വൈദിക സഹായം, വൈദ്യ സഹായം തുടങ്ങി എല്ലാറ്റിനും സൗകര്യമുണ്ട്. ഏത് ആടിയന്തരാവസ്ഥയിലും തികഞ്ഞ അർപ്പണബോധത്തോടെ അന്തേവാസികൾക്ക് അവർ സേവനം ചെയ്യുന്നു.

കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, ഗുരുവായൂർ എന്നിവിടങ്ങളിൽ ഈ സ്ഥാപനങ്ങൾ നന്നായി പ്രവർത്തിക്കുന്നതായി അറിയുന്നു. ഇതുപോലെ കേരളത്തിലും തമിഴ് നാട്ടിലും മറ്റു സ്ഥലങ്ങളിലും വൃദ്ധാശ്രമങ്ങൾ പ്രവൃത്തിച്ചു വരുന്നുണ്ട്. മുംബയിലെ വാഷിയിലും, ഇതുപോലെയുള്ള സംവിധാനമുണ്ട്. ബാംഗ്ലൂരിൽ ആദർശനീയമായ രീതിയിൽ നടത്തുന്നു.

ഈ വിധത്തിൽ നടത്തുന്ന വൃദ്ധാശ്രമങ്ങൾക്ക് ഉദാരമതികളായ മനുഷ്യർ പണമായും മറ്റു വസ്തുക്കളെയും സംഭാവനകൾ നൽകുന്നു. കഴിവുള്ളവർ ഇതുപോലുള്ള നല്ല കാര്യങ്ങൾക്കു സംഭാവന ചെയ്യേണ്ടതാണ്. ചെറുപ്പക്കാർ പ്രത്യേകിച്ചും ഇതിൽ താൽപ്പര്യം കാണിക്കേണ്ടതാണ്. പൊന്നോണത്തിനു വിഭവസമൃദ്ധമായ സദ്യയുണ്ണുമ്പോൾ അകലെ എല്ലാ ബന്ധുക്കളെയും പിരിഞ്ഞു തനിയെ കഴിയുന്ന വയോവൃദ്ധരുടെ കാര്യം സ്മരിക്കുകയും ഒരു പക്ഷെ, തങ്ങൾക്കും നാളെ ഇത് ബാധകമാകാമല്ലോ എന്ന് ചിന്തിക്കുകയും ചെയ്യേണ്ടതാണ്. “ഇന്നത്തെ ബാലൻ നാളത്തെ പൗരൻ, നാളത്തെ പൗരൻ, മറ്റെന്നാളത്തെ വൃദ്ധൻ” എന്ന് മറക്കാതിരിക്കുക. പഴുത്തില വീഴുമ്പോൾ ചിരിക്കുന്ന പച്ചിലയായി മാറരുത്.

എന്തായാലും ഇത്തരം പ്രസ്ഥാനം വളരെ കാമ്യവും അഭിനന്ദനീയവും തികഞ്ഞ അർപ്പണ മനോഭാവം പ്രതീക്ഷിക്കാവുന്നതുമായ ഒന്നാണ്. എല്ലാം ഉണ്ടായിട്ടും, ഒന്നുമില്ല, എല്ലാവരുമുണ്ടായിട്ടും ആരുമില്ല എന്ന് സ്വയം കരുതി വാർദ്ധക്യം ഒരു ശാപമായി കരുതി കഴിയുന്നവർക്ക് വൃദ്ധാശ്രമങ്ങൾ ശാന്തി നികേതനങ്ങളാണ്. ഇതുപോലെയുള്ള സദനങ്ങൾ ഭാരതത്തിലുടനീളം വരേണ്ട ആവശ്യം വർദ്ധിച്ചിരിക്കുന്നു. ഇത് മനുഷ്യരിൽ സുരക്ഷാബോധം വളർത്തുന്നു. നിലവിലുള്ള ഭരണ കൂടങ്ങളിൽ നിന്നും ഇതിനൊരു പ്രതിവിധി വരുമെന്ന് പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്. ‘സോഷ്യൽ സെക്യൂരിറ്റി’- ഇതാണ് ഏറ്റവും ആവശ്യം. ഇത് മുന്നിൽ കണ്ടുകൊണ്ടു സാമൂഹ്യ സംഘടനകളും മറ്റും ഇനിയും രൂപം കൊള്ളുമെന്നാശിക്കാം. ഒരു ആശ്രമത്തിന്റെയോ മുനിശ്രേഷ്ഠന്മാർ പാർത്തിരുന്ന പർണ്ണശാലയുടെയോ പവിത്രത പൂർണ്ണമായും പരിപാലിക്കുന്ന ഈ സദനങ്ങളെയും നമുക്ക് ആശ്രമങ്ങളായിത്തന്നെ കരുതാം. വെറുതെ കുറെ വൃദ്ധജനങ്ങൾ പാർക്കുന്ന സ്ഥലമെന്നു വിലയിരുത്തുന്നത് ശരിയല്ല. അതുകൊണ്ടു തന്നെയാണ് ഈ സ്ഥാപനങ്ങൾക്ക് വൃദ്ധാശ്രമങ്ങൾ(ലേഖകന്റെ ഭാഷയിൽ)എന്ന് നാമകരണം ചെയ്യാൻ കാരണം.

യൗവ്വനകാലം മുഴുവൻ പാടി വളർന്നു, പാടി തളർന്ന വാനമ്പാടികളാണിവർ. ഇനിയും ഈ വൈകിയ സായാഹ്നത്തിലും എല്ലാം മറന്നു പാടാനാഗ്രഹിക്കുന്നവർ. ഓണവും ദീപാവലിയുമെല്ലാം മറ്റു കുടുംബാംഗങ്ങൾ കൊണ്ടാടുമ്പോൾ, അതിൽ പങ്കു ചേരുവാൻ ഇവർക്ക് അവസരം ലഭിക്കുന്നില്ല. അങ്ങനെ പങ്കുചേരുവാൻ കഴിയാത്ത, വൃദ്ധാ ശ്രമങ്ങളിലെ വയോവൃദ്ധരായ ഈ അന്തേവാസികൾക്കെല്ലാം നമുക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേരാം!

 

 

 

 

Print Friendly, PDF & Email

Leave a Comment

More News