ചണ്ഡീഗഡ്: ഹരിയാനയിലെ ഹിസാർ നിയമസഭാ സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി സാവിത്രി ജിൻഡാൽ വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ബി.ജെ.പിയുടെ കുരുക്ഷേത്ര എം.പി നവീൻ ജിൻഡാലിൻ്റെ അമ്മയായ ജിൻഡാൽ തൻ്റെ തൊട്ടടുത്ത എതിരാളിയും കോൺഗ്രസ് സ്ഥാനാർഥിയുമായ രാം നിവാസ് റാണയെ 18,941 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
ജിൻഡാൽ 49,231 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി 30,290 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർത്ഥിയും സ്ഥാനമൊഴിഞ്ഞ എംഎൽഎയുമായ കമൽ ഗുപ്ത 17,385 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.
29.1 ബില്യൺ യുഎസ് ഡോളറിൻ്റെ ആസ്തിയുള്ള സാവിത്രി ജിൻഡാലിനെ ഈ വർഷം രാജ്യത്തെ ഏറ്റവും ധനികയായ വനിതയായി ഫോർബ്സ് ഇന്ത്യ പട്ടികപ്പെടുത്തിയിരുന്നു.
ഒക്ടോബർ അഞ്ചിന് ഹരിയാനയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 90 സീറ്റുകളിലേക്ക് പോൾ ചെയ്ത വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ എട്ടിന് ആരംഭിച്ചു.