തിരുവനന്തപുരം: കാറുകളിൽ ചൈൽഡ് സീറ്റ് കർശനമായി നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. അതു സംബന്ധിച്ച് ട്രാൻസ്‌പോർട്ട് കമ്മീഷണർ പറയുക മാത്രമാണ് ചെയ്തതെന്നും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒന്നും നടപ്പാക്കില്ല. താന്‍ സ്ഥലത്തില്ലാതിരുന്ന സമയത്താണ് ഉത്തരവിറക്കിയതെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ മാസം മുതല്‍ കുട്ടികളുടെ സീറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുമെന്നാണ് കേൾക്കുന്നത്. അത് നടക്കാന്‍ പോകുന്നില്ലെന്ന് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
കുഞ്ഞുങ്ങളെ കഴിവതും പുറകിലെ സീറ്റില്‍ ഇരുത്തുന്നതാണ് ഉചിതം എന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ സുരക്ഷ പ്രധാനമാണ്. കുട്ടിയുമായി അമ്മ പുറകിലെ സീറ്റില്‍ ഇരുന്നാൽ മതിയാവും. കുട്ടികളെ പുറകിൽ ഇരുത്തണമെന്നതാണ് നിയമം. പിഴ ചുമത്തില്ല എന്നും നിയമം അടിച്ചേൽപ്പിക്കില്ല എന്നും മന്ത്രി വ്യക്തമാക്കി.
മറ്റൊരു കാര്യം ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന കുട്ടികള്‍ ഹെൽമറ്റ് ധരിക്കുന്നതിനെ കുറിച്ചാണ്. സ്വന്തം കുട്ടികളുടെ ജീവന് പ്രാധാന്യം കൊടുക്കുന്ന എല്ലാ മാതാപിതാക്കളും കുട്ടികളെ ഹെൽമറ്റ് ധരിപ്പിക്കാറുണ്ട്. മാതാപിതാക്കളോടൊപ്പം കുഞ്ഞും കൂടി ഇരുചക്ര വാഹനത്തിൽ പോകുമ്പോൾ പിഴ ഈടാക്കില്ല. പക്ഷെ, ഹെൽമറ്റ് ധരിക്കുന്നത് സുരക്ഷയ്ക്ക് നല്ലതാണ്. ഒന്നും ബലം പ്രയോഗിച്ച് അടിച്ച് ഏൽപ്പിക്കുകയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
നാലു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾ സുരക്ഷാ ബെൽറ്റുള്ള ചൈൽഡ് ബൂസ്റ്റർ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച് ഇരുത്തണമെന്ന ശുപാർശ ഇന്നലെയാണ് ട്രാൻസ്‌പോർട്ട് കമ്മിഷണർ സർക്കാരിന് സമർപ്പിച്ചത്. നവംബറിൽ മുന്നറിയിപ്പ് നൽകി ഡിസംബർ മുതൽ പിഴ ഈടാക്കി നിയമം നടപ്പാക്കാനാണ് വകുപ്പിൻ്റെ ഉദ്ദേശമെന്നും പ്രസ്താവിച്ചു.