തിരുവനന്തപുരം: പൂജവയ്പ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് മുഖ്യമന്ത്രി അവധി പ്രഖ്യാപിക്കാൻ നിര്‍ദ്ദേശിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ബാങ്കുകൾക്കും അവധി ബാധകമായിരിക്കും.
ഇന്ന് വൈകുന്നേരമാണ് പൂജവെയ്പ്. നാളെ (11,12 തീയതികളിൽ) ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
നവരാത്രിയിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് പൂജവയ്പ്. എല്ലാ വര്‍ഷവും ഒമ്പത് ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന നവരാത്രി മഹോത്സവം ഈ വര്‍ഷം 11 ദിവസമാണ് ഉണ്ടാകുക. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക.
അറിവിനെ ആരാധിക്കുന്നതിന്റെ പ്രാധാന്യത്തെയാണ് നവരാത്രി നാളുകൾ ഉയർത്തിക്കാട്ടുന്നത്. പുസ്തകങ്ങളും പുണ്യഗ്രന്ഥങ്ങളുമാണ് പൂജയ്ക്കു വയ്ക്കുന്നത്. നവമി നാളിൽ കർമ മണ്ഡലങ്ങളുയി ബന്ധപ്പെട്ട പണിയായുധങ്ങളും ദേവിക്കു മുന്നിൽ സമർപ്പിച്ചു പ്രാർഥിക്കുന്നു. ക്ഷേത്രങ്ങൾക്കു പുറമേ വീടുകളിലും പൂജവയ്ക്കാറുണ്ട്.