കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പങ്കെടുത്ത താരങ്ങളില്‍ പ്രയാഗയുടെ പേരും ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് പൊലീസ് വിളിപ്പിച്ചത് പ്രകാരം ലഹരി കേസില്‍ ചോദ്യം ചെയ്യലിന് പ്രയാഗ മാര്‍ട്ടില്‍ എത്തിയത്. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം പ്രയാഗ മറുപടിയും പറഞ്ഞിരുന്നു.
പ്രയാഗയ്‌ക്കൊപ്പം നടന്‍ സാബു മോനും എത്തിയിരുന്നു. പ്രയാഗയ്ക്ക് നിയമസഹായം നല്‍കുന്നതിന് വേണ്ടിയാണ് താന്‍ എത്തിയതെന്ന് സാബുമോന്‍ തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍ പ്രയാഗ മാര്‍ട്ടിന് നിയമസഹായം നല്‍കിയതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളാണ് സാബു മോന് നേരെ വന്നത്. ഇപ്പോഴിതാ വിമര്‍ശനങ്ങളെ എല്ലാം തള്ളിയിരിക്കുകയാണ് സാബു മോന്‍.
പ്രയാഗയ്‌ക്കൊപ്പം വന്നതിനെ കുറിച്ചും സാബുമോന്‍ പറയുന്നു. സാബുമോന്റെ വാക്കുകള്‍:
‘തെറ്റ് ചെയ്യാത്തിടത്തോളം മുഖം മറച്ച് ഓടിരക്ഷപ്പെടരുതെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും പ്രയാഗയോട് താനാണ് പറഞ്ഞത്. രജനീകാന്തിനൊപ്പം അഭിനയിച്ച വേട്ടൈയാന്റെ റിലീസിനിടെ നടി പ്രയാഗ മാര്‍ട്ടിനെ സഹായിച്ചതെന്തിനെന്ന് ചോദിച്ചവരില്‍ വീട്ടുകാരും സുഹൃത്തുക്കളുമുണ്ട്. തനിക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളതെന്നും ചിലര്‍ ഓര്‍മ്മിപ്പിച്ചു. സൗഹൃദങ്ങള്‍ക്ക് വലിയ വിലയാണ് കല്‍പ്പിക്കുന്നത്. പ്രയാഗ തന്റെ കുടുംബസുഹൃത്താണ്. ഫോണ്‍ വിളിച്ചാല്‍ പലരും എടുക്കാതായെന്ന് പ്രയാഗ പറഞ്ഞു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെട്ടുവെന്നതിന്റെ പേരിലുണ്ടാകുന്ന ആരോപണങ്ങളെ താന്‍ ഭയപ്പെടുന്നില്ലെന്നും’ സാബു മോന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കേസില്‍ പ്രയാഗയ്ക്ക് നേരത്തെ പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഓംപ്രകാശിനെ അറിയില്ലെന്നടക്കമുള്ള പ്രയാഗയുടെ മൊഴി സ്ഥിരീകരിച്ച പൊലീസ് അവിടെ നടന്ന മറ്റ് ഇടപാടുകളില്‍ പ്രയാഗയ്ക്ക് പങ്കില്ലെന്നും വ്യക്തമാക്കി. കേസിലെ പ്രതികളില്‍ ഒരാളായ ചോക്ലേറ്റ് ബിനുവുമായുള്ള ശ്രീനാഥ് ഭാസിയുടെ ബന്ധവും ഇടപാടുകളും പൊലീസ് പരിശോധിക്കും. അന്നേ ദിവസം നക്ഷത്രഹോട്ടലില്‍ മറ്റൊരു നടികൂടി എത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.