കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ സിനിമ നടിമാരായ സ്വാസിക, ബീന ആന്റണി എന്നിവര്‍ക്കും നടനും ബീനാ ആന്റണിയുടെ ഭര്‍ത്താവുമായ മനോജിനുമെതിരെ കേസ്. നെടുമ്പാശ്ശേരി പൊലീസ് ആണ് കേസെടുത്തത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. പ്രമുഖ നടന്മാര്ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടിയാണ് താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്.
ബീന ആന്റണി ഒന്നാംപ്രതിയും, ഭർത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമർശം നടത്തിയെന്നാണ് നടിയുടെ പരാതി. ഈ പരാതിയിന്മേലാണ് പൊലീസിന്റെ നടപടി. ജാമ്യം ലഭിക്കാവുന്ന വകുപ്പാണിത്.
ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജിന്റെ ഒരു വീഡിയോയ്ക്ക് മറുപടിയായി ബീന ആന്റണിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ ആലുവ സ്വദേശിയായ നടി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ബീന ആന്റണിയും പരസ്യ പ്രതികരണം നടത്തിയിരുന്നു. 33 വര്‍ഷമായി താന്‍ ഇന്‍ഡസ്ട്രിയില്‍ ഉള്ള ആളാണെന്നും ഇത്രയും വർഷം ഒരു ജോലിയുമില്ലാതെ നിന്നിട്ടില്ല. വേറെ എന്തെങ്കിലും വഴികളിൽ കൂടിയൊക്കെ കുടുംബം പോറ്റേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നും ബീന ആന്റണി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
‘ദൈവാനുഗ്രഹം കൊണ്ട് എനിക്ക് ഇപ്പോഴും വർക്ക് കിട്ടുന്നുണ്ട്. ഇതിന്റെ ഇടയിൽ നിന്ന് ഞാൻ എന്തിന് വേറെ കുറുക്കുവഴികളിൽ കൂടി എന്റെ കുടുംബത്തെ നോക്കണം. അത്രയേറെ വർക്കുകളും പ്രോഗ്രാമുകളും ഷോകളും ഒക്കെ ആയിട്ട് ഞാൻ നല്ല അന്തസ്സോടെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരാളാണ്. ഒരു മോശം വഴിയിലും പോയിട്ട് ജീവിക്കേണ്ട ഗതികേട് എനിക്ക് ദൈവം വരുത്തിയിട്ടില്ല. എന്റെ പേരെടുത്ത് പലരും പലതും കുരച്ചിട്ടുണ്ട് അതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. ഏത് ഞരമ്പുകൾ പറഞ്ഞാലും എനിക്കൊന്നുമില്ല. എന്നെ സ്നേഹിക്കുന്ന ഒത്തിരി പേരുണ്ടെന്ന് എനിക്കറിയാം. എനിക്ക് നിങ്ങൾ തരുന്ന ആത്മവിശ്വാസമാണ് എന്റെ ബലം. ബാക്കി ആര് എവിടെ കിടന്ന് എന്ത് കുരച്ചാലും എനിക്ക് ഒരു വിഷയവുമില്ല. എന്റെ കുടുംബം എനിക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ടെന്നും’, ബീന ആന്റണി പറഞ്ഞു.