ജീവിത യാത്രയില്‍, ദൈവീക വഴിയിലൂടെ ശുശ്രൂഷ ചെയ്ത്, കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷങ്ങളായി ടാമ്പാ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി വികാരിയായി നിസ്തുല സേവനം അനുഷ്ഠിക്കുന്ന ബഹുമാനപ്പെട്ട ജോര്‍ജ് പൗലോസ് കോര്‍ എപ്പിസ്‌കോപ്പ അച്ചന്‍ സപ്തതിയുടെ നിറവിലെത്തി നില്‍ക്കുന്നു.
എറണാകുളം ജില്ലയിലെ ഓണക്കൂര്‍ ഗ്രാമത്തില്‍, ശ്രേഷ്ഠ പുരോഹിതന്മാരുടെ ഒരു നീണ്ട നിരയാല്‍ അനുഗ്രഹീതമായ പൗരാണിക പ്രൗഢിയുടെ പാരമ്പര്യമുള്ള വട്ടക്കാട്ട്, വാളനടിയില്‍ കുടുംബത്തില്‍ പൗലോസ് – ചിന്നമ്മ ദമ്പതികളുടെ മകനായി 1954 ഒക്ടോബര്‍ 22-നാണ് ജോര്‍ജ് പലോസ് എന്ന ശിശുവിന്റെ ജനനം.
കുടുംബ ഇടവകയില്‍, തന്റെ പിതാവിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് അനുഭവിച്ചറിഞ്ഞതും, വട്ടശ്ശേരില്‍ മാര്‍ ദിവന്നീയോസ് തിരുമേനിയുടെ സെക്രട്ടറി മണലില്‍ യാക്കോബ് മണലില്‍ യാക്കോബ് കത്തനാരുടേയും, പിറവം വലിയപള്ളി വികാരി എരുമപ്പെട്ടിയില്‍ തോമസ് കത്തനാരുടേയും മാര്‍ഗനിര്‍ദേശങ്ങളും വൈദീക വൃത്തിയിലേക്കുള്ള വഴികാട്ടിയായി.
മൂവാറ്റുപുഴ നിര്‍മ്മല കോളജിലും, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലുമായി ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയശേഷം 1975-ല്‍ കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ നിന്ന് ബി.ഡി. ബിരുദവും, 1982-ല്‍ ഉദയപൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എസ് .ഡബ്ല്യു ബിരുദവും കരസ്ഥമാക്കി.
ജനീവയിലുള്ള ബോസേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എക്യൂമിനിസത്തില്‍ പഠനം പൂര്‍ത്തിയാക്കി. പതിനഞ്ചാം വയസ്സില്‍ 1969 മെയ് പതിനഞ്ചിന് അഭിവന്ദ്യ മോറാന്‍ മാര്‍ ഔഗന്‍ മെത്രാപ്പോലീത്ത (പരിശുദ്ധ ബസേലിയോസ് ഔഗന്‍ പ്രഥമന്‍ കാതോലിക്കാ ബാവ) കോറൂയോ പട്ടം നല്‍കി പൗരോഹിത്യ പദവിയിലേക്ക് ഉയര്‍ത്തി. അഭിവന്ദ്യ ജോസഫ് മാര്‍ പക്കോമിയോസ് തിരുമേനി
പൂര്‍ണ്ണ ശെമ്മാശ പട്ടം നല്‍കി അനുഗ്രഹിച്ചു.
1987 ഡിസംബര്‍ 26-ന് ഡല്‍ഹി ഭദ്രാസനാപിനായിരുന്ന അഭിവന്ദ്യ ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വൈദീക പട്ടം നല്‍കി അനുഗ്രഹിച്ചു.
ഓര്‍ത്തഡോക്സ് സഭയുടെ വിവിധ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നേതൃസ്ഥാനത്ത് സജീവമായി പ്രവര്‍ത്തിച്ച് തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള കര്‍മ്മനിരതനായ ഒരു വ്യക്തിയാണ് ബഹുമാനപ്പെട്ട ജോര്‍ജ് പൗലോസ് അച്ചന്‍.
മലങ്കര സഭയുടെ ആന്ധ്രാപ്രദേശ് ശിശുക്ഷേമ പുനരധിവാസ (റീഹാബിലിറ്റേഷന്‍) പ്രവര്‍ത്തനങ്ങളുടെ സെക്രട്ടറി, പരുമല മാര്‍ ഗ്രിഗോറിയോസ് ഹോസ്പിറ്റല്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍, ഡല്‍ഹി ഭദ്രാസന കമ്യൂണിറ്റി വെല്‍ഫെയര്‍ പ്രൊജക്ട് സോഷ്യല്‍ വര്‍ക്കര്‍ എന്നീ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള പൗലോസ് അച്ചന്‍ ലോക പ്രശസ്ത വേദശാസ്ത്ര പണ്ഡിതനും, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പറും ആയിരുന്ന ഡോ. പൗലോസ് മെത്രാപ്പോലീത്തയുടെ സെക്രട്ടറിയായും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1988-ല്‍ ഫരീദാബാദ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി, 1989 മുതല്‍ കോട്ടയം കങ്ങഴ എം.ജി.ഡി.എം ഹോസ്പിറ്റല്‍ ചാപ്ലേയ്ന്‍ എന്നീ തസ്തികകളും അച്ചന്റെ പ്രവര്‍ത്തന മണ്ഡലങ്ങളുടെ ഭാഗമാണ്.
1990-ല്‍ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെ നിര്‍ദ്ദേശ പ്രകാരം അമേരിക്കയിലെത്തിയ ജോര്‍ജ് പൗലോസ് അച്ചന്‍ അന്നു മുതല്‍ ഫ്‌ളോറിഡയിലെ ടാമ്പായിലാണ് താമസം.
അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനി അമേരിക്കന്‍ ഭദ്രാസനാധിപനായിരുന്ന കാലത്ത് സാത്ത് ഈസ്റ്റ് റീജിയന്‍
എം.ജി.ഒ.സി.എസ്.എമ്മിന്റെ പ്രഥമ വൈസ് പ്രസിഡന്റായി അനേക വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുള്ള ജോര്‍ജ് പൗലോസ് അച്ചനായിരുന്നു ആ റീജിയനിലെ പ്രഥമ ഫാമിലി കോണ്‍ഫറന്‍സിന്റെ കോഓര്‍ഡിനേറ്റര്‍ ചുമതലയും. പിന്നീട് സൗത്ത് വെസ്റ്റ്
അമേരിക്കന്‍ ഭദ്രാസന മാര്‍ത്തമറിയം സമാജത്തിന്റെ പ്രഥമ വൈസ് പ്രസിഡന്റായും, മെന്റല്‍ ഹെല്‍ത്ത് ഡയറക്ടറായും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചു.
കഴിഞ്ഞ 35 വര്‍ഷങ്ങളായി ടാമ്പായിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി വികാരിയായി സേവനം അനുഷ്ഠിക്കുന്ന ബഹുമാനപ്പെട്ട അച്ചന്‍, ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളുടേയും ആവശ്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ്,
അവര്‍ക്ക് ആവശ്യമായ സഹകരണവും സഹായവും പിന്തുണയും നല്‍കുന്നു.
ഇടവകയിലെ എല്ലാ ആത്മീയ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെട്ട് അവര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നു. അതുകൊണ്ടുതന്നെ സണ്‍ഡേ സ്‌കൂള്‍, മാര്‍ത്തമറിയം സമാജം തുടങ്ങിയ ഇടവക പ്രസ്ഥാനങ്ങള്‍ ഭദ്രാസന തലത്തില്‍ അംഗീകാരങ്ങള്‍ നേടുന്നു.
ആത്മീയ വളര്‍ച്ചയ്ക്കൊപ്പം ഇടവകയുടെ ഭാതീക ഉന്നമനത്തിനും അച്ചന്‍ പ്രധാന്യം നല്‍കുന്നു. ആരാധനാലയത്തിലും പരിസരത്തും കാലാനുസൃതമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തുന്നു.
സുതാര്യമായ ഒരു പ്രവര്‍ത്തനശൈലിയാണ് ബഹുമാനപ്പെട്ട അച്ചന്‍ സ്വീകരിച്ചിട്ടുള്ളത്. ഇടവകയിലെ ചെറുതും വലുതുമായ ഓരോ വിഷയങ്ങളും യഥാസമയം ഇടവകാംഗങ്ങളെ അറിയിച്ച്, അവരുടെ അഭിപ്രായങ്ങള്‍ മാനിച്ച് മുന്നോട്ട് പോകുന്ന ഒരു ഭരണ സംവിധാനമാണ് സ്വീകരിച്ചിട്ടുള്ളത്.
ബഹുമാനപ്പെട്ട പൌലോസ് അച്ചന്‍ സഭയ്ക്കും, ഇടവകയ്ക്കും, സമൂഹത്തിനും നല്‍കിപ്പോരുന്ന നിസ്തുല സേവനങ്ങള്‍ക്കുള്ള അംഗീകാരമായി, ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന കാണ്‍സിലിന്റെ തീരുമാനം അനുസരിച്ച്, 2020 മാര്‍ച്ച് 14-ന് തൃശൂര്‍ ഭദ്രാസനാദിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ ഉന്നത പദവിയായ ‘കോര്‍എപ്പിസ്‌കോപ്പ’ സ്ഥാനം നല്‍കി ആദരിച്ചു.
മുപ്പത് വര്‍ഷത്തോളം ‘Department of Aging Services in Tampa’ യില്‍ സോഷ്യല്‍ വര്‍ക്കറായി പ്രവര്‍ത്തിച്ചിട്ടുള്ള അച്ചന്‍, യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ളോറിഡ, സെന്റ് ലിയോ യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങളിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ഇന്‍സ്ട്രക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അച്ചന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി ഹില്‍സ് ബറോ കൗണ്ടി നിരവധി തവണ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.
ഓര്‍ത്തഡോക്സ് സഭയോടുള്ള കൂറും വിശ്വാസവും എക്കാലവും പുലര്‍ത്തുന്ന ജോര്‍ജ് പൗലോസ് അച്ചന്‍, മറ്റ് സഹോദരീ സഭകളോടും, സാമുദായിക സംഘടനകളോടും സൗഹാര്‍ദ്ദപരമായ ഒരു സമീപനമാണ് സ്വീകരിക്കുന്നത്.
അതിനൊരു മികച്ച ഉദാഹരണമാണ് ഈയടുത്ത കാലത്ത് രൂപീകരിച്ച ‘സീനിയര്‍ വെല്‍നസ് ഫോറം’. മലയാളി സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മുതിര്‍ന്ന പൗരന്മാരുടെ ശാരീരികവും, മാനസികവും, സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും, നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. അതിന്റെ അടുത്ത പടിയായി മലയാളി സീനിയര്‍ സിറ്റിസണ്‍സിനായി ടാമ്പാ ഏരിയായില്‍, ഒരു കമ്യൂണിറ്റി സംവിധാന ശൈലിയില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ലക്ഷ്യമിടുന്നു.
ഈ പ്രവര്‍ത്തനങ്ങളുടെ ഉപദേശക സമിതി ചെയര്‍മാനായി ബഹുമാനപ്പെട്ട പൗലോസ് അച്ചനെയാണ് അംഗങ്ങള്‍ ഐക്യകണ്ഠേന തെരഞ്ഞെടുത്തിട്ടുള്ളത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ജോര്‍ജ് പൗലോസ് അച്ചന്‍ നല്‍കിയിട്ടുള്ളത്. ഇടവക ജനങ്ങളുടെ സഹായ സഹകണത്തോടെ ജാതിമതഭേദമന്യേ നിര്‍ധനരായ അനേകം കുടുംബങ്ങള്‍ക്ക് നിരന്തരം സഹായം നല്‍കി വരുന്നു.
ഡയോസിസ് ഓഫ് സൗത്ത് ഈസ്റ്റ് അമേരിക്ക 2022-ല്‍ ആരംഭിച്ച “സ്നേഹസ്പര്‍ശം” പദ്ധതിക്ക് നാല് വീടുകള്‍ പണിയാനായി ഓണക്കൂറില്‍ തന്റെ സ്വന്തം സ്ഥലം പരിശുദ്ധ സഭയ്ക്ക് ഇഷ്ടദാനമായി നല്‍കി മാതൃകയായി.
1987-ല്‍ വിവാഹിതനായ ജോര്‍ജ് പൗലോസ് അച്ചന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഷീബാ (കൊച്ചമ്മ) താങ്ങും തണലുമായി ഒപ്പമുണ്ട്.
കുടുംബ സമേതം ടാമ്പായില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള അച്ചന് ജിന്‍സി, ബെയ്സില്‍ എന്നീ രണ്ട് മക്കളാണുള്ളത്.
സ്വന്തം ജന്മദേശത്തും, ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും, വിവിധ രാജ്യങ്ങളിലും സേവനം അനുഷ്ഠിക്കുന്നതിനുള്ള അപൂര്‍വ്വ അവസരം ലഭിച്ചിട്ടുള്ള ജോര്‍ജ് പൗലോസ് കോര്‍എപ്പിസ്‌കോപ്പ സഭയുടേയും സമൂഹത്തിന്റേയും ആദരവും അംഗീകാരവും നേടിയ ഒരു വിശിഷ്ട വ്യക്തിത്വത്തിനുടമയാണ്.
സപ്തതിയുടെ നിറവില്‍ എത്തി നില്‍ക്കുന്ന ബഹുമാനപ്പെട്ട ജോര്‍ജ് പൗലോസ് കോര്‍എപ്പിസ്‌കോപ്പ അച്ചന് പ്രാര്‍ത്ഥനാ നിര്‍ഭരമായ ആയുരാരോഗ്യങ്ങള്‍ നേരുന്നു…!