കാസർകോട്: അമ്പലത്തറയിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സിപിഎം പ്രാദേശിക നേതാവും സുഹൃത്തും അറസ്റ്റിൽ. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി എം.വി.തമ്പാനും സുഹൃത്ത് സജിയുമാണ് അറസ്റ്റിലായത്. ഇരുവരും തന്നെ പലതവണ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെ രക്ഷിതാക്കളും എംവി തമ്പാനും ചേർന്നാണ് 16കാരിയെ പരിശോധനയ്ക്ക് കൊണ്ടുവന്നത്. പരിശോധന നടത്തിയതോടെ പെൺകുട്ടി ഗർഭിണിയാണെന്ന വിവരം തെളിഞ്ഞു.
ഇതിനെ തുടർന്ന് വിവരം ആശുപത്രി അധികൃതർ പൊലീസിൽ കൈമാറി. പെൺകുട്ടിയെ അമ്പലത്തറ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് എംവി തമ്പാനും സുഹൃത്ത് സജിയും ചേർന്ന് നിരവധി തവണ പീഡിപ്പിച്ചെന്ന മൊഴി പതിനാറുകാരി നല്കിയത്. തുടർന്ന് രണ്ടുപേരെയും അമ്പലത്തറ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു.