മലപ്പുറം: രാജ്യത്തെ മദ്രസകൾക്ക് നല്‍കുന്ന ധനസഹായം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിർത്തലാക്കണമെന്നും മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നും ഉത്തരവിട്ട ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ (എൻസിപിസിആര്‍) ഉത്തരവിനെതിരെ കേരളത്തില്‍ വ്യാപക പ്രതിഷേധം. കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ മദ്രസകള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രസകള്‍ക്ക് നല്‍കുന്ന സംസ്ഥാന ധനസഹായം നിര്‍ത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടത്. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും എൻസിപിസിആര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇതിനെതിരെ സംസ്ഥാനത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും മുസ്ലീം സംഘടനകളും രംഗത്ത് വന്നിരിക്കുകയാണ്.
വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമങ്ങള്‍ക്ക് എതിരായാണ് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ദേശീയ ബാലവകാശ കമ്മിഷൻ മേധാവി പ്രിയങ്ക് കനൂംഗോ അഭിപ്രായപ്പെട്ടു. 2009ലെ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമപ്രകാരം സമത്വം, സാമൂഹിക നീതി, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങൾ നേടിയെടുക്കാൻ എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസമാണ് നല്‍കേണ്ടത്. എന്നാല്‍ മദ്രസകളില്‍ മുസ്ലിങ്ങളുടെ അവകാശങ്ങളെ കുറിച്ച് മാത്രമാണ് പഠിപ്പിക്കുന്നതെന്നും ഇവര്‍ക്ക് പൊതുവിദ്യാഭ്യാസം നഷ്‌ടപ്പെടുന്നുവെന്നും പ്രിയങ്ക് കനൂംഗോയുടെ കത്തിൽ വ്യക്തമാക്കുന്നു.
RTE നിയമത്തിൻ്റെ പരിധിക്ക് പുറത്ത് പ്രവർത്തിക്കുന്ന മദ്രസകൾ പോലുള്ള മത സ്ഥാപനങ്ങൾ പ്രതികൂലമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ‘വിശ്വാസത്തിൻ്റെ സംരക്ഷകർ അല്ലെങ്കിൽ അവകാശങ്ങളുടെ പീഡകർ’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ NCPCR പറയുന്നു. മദ്രസകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നാണ് അതിൽ പറയുന്നത്. സംസ്ഥാനങ്ങൾ മദ്രസകൾക്ക് സഹായം നൽകുന്നത് നിർത്തണമെന്നും മദ്രസകൾ അടച്ചുപൂട്ടണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
കേന്ദ്ര സർക്കാരിൻ്റെയും അതിൻ്റെ ഏജൻസികളുടെയും വർഗീയ അജണ്ടയുടെ ഏറ്റവും പുതിയ പ്രദർശനമാണിതെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) പറഞ്ഞു. മൗലികാവകാശങ്ങളെയും ഇന്ത്യൻ ഭരണഘടനയെയും തകർക്കാനാണ് മദ്രസകൾക്കെതിരായ നീക്കമെന്ന് ഐയുഎംഎൽ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
“നല്ല മനുഷ്യനെ വാർത്തെടുക്കാൻ സഹായിക്കുന്ന മൂല്യങ്ങൾ മദ്രസകൾ വാഗ്ദാനം ചെയ്യുന്നു. മദ്രസകൾ ഒരിക്കലും ദേശവിരുദ്ധ ആശയങ്ങളുടെ കേന്ദ്രമല്ല. മദ്രസകൾക്കെതിരെയുള്ള നീക്കങ്ങൾ വർഗീയ ലക്ഷ്യത്തോടെയാണ്.” കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലീം സമുദായത്തെ അകറ്റാനാണ് കേന്ദ്രത്തിൻ്റെ നീക്കമെന്ന് ഐയുഎംഎൽ നേതാക്കളായ ഇ ടി മുഹമ്മദ് ബഷീർ എംപിയും എം കെ മുനീർ എംഎൽഎയും പറഞ്ഞു.
മദ്രസകൾക്കെതിരായ എൻസിപിസിആർ ശുപാർശ ഭരണഘടനാ വിരുദ്ധമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല വിശേഷിപ്പിച്ചു. “ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ വ്യക്തമായ ലംഘനമാണിത്. എൻസിപിസിആർ നിർദ്ദേശം നമ്മുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 29, 30 എന്നിവയുടെ ലംഘനമാണ്, ”ചെന്നിത്തല പറഞ്ഞു.
മദ്രസകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഒരിക്കലും ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. മദ്രസ കാമ്പസുകളിൽ ഔപചാരിക വിദ്യാഭ്യാസം വേണമെന്ന് ശഠിക്കുന്നത് പ്രായോഗികമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സംഘപരിവാർ അജണ്ട’
മദ്രസകൾ അടച്ചുപൂട്ടാനുള്ള നീക്കം മുസ്ലീം സമുദായത്തെ കൂടുതൽ അകറ്റുമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുന്നറിയിപ്പ് നൽകി. ഇത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാർ ചിന്തകളുടെ ചുവടുപിടിച്ചാണ് എൻസിപിസിആർ നടത്തുന്നതെന്നും വിശ്വം പറഞ്ഞു. അപകടകരമായ നീക്കത്തിൽ നിന്ന് എൻസിപിസിആർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എൻസിപിസിആർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കേരള മുസ്‌ലിം ജമാത്ത് (കെഎംജെ) വിശേഷിപ്പിക്കുകയും ഇത് ഇന്ത്യയിലെ ജനങ്ങൾക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പറഞ്ഞു. നാശമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഒരു മതവിഭാഗത്തിൻ്റെ സ്ഥാപനങ്ങളുമായി ഇടപെടുന്നത് രാജ്യത്തിനും ജനങ്ങൾക്കും ദോഷകരമാകുമെന്ന് മുസ്ലിം ജമാത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി പറഞ്ഞു. ബിജെപി സർക്കാരിൻ്റെ വർഗീയ അജണ്ടയെ ചെറുക്കാൻ മതേതര ശക്തികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
എൻസിപിസിആർ നടപടിയെ അപലപിച്ചുകൊണ്ട് കേരളത്തിലെ മദ്രസകളെ ഇത് ബാധിക്കില്ലെന്ന് സുന്നി യുവജന സംഘം (എസ്‌വൈഎസ്) സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കൂട്ടൂർ പറഞ്ഞു. കേരളത്തിലെ മദ്രസകൾക്ക് സർക്കാർ സഹായമൊന്നും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.