ക്രൈസ്തവ സെമിനാരികളെയും മതപഠന കേന്ദ്രങ്ങളെയും വലിച്ചിഴയ്ക്കരുത്: ഷെവലിയർ അഡ്വ. വി സി സെബാസ്റ്റ്യൻ

കൊച്ചി: സര്‍ക്കാര്‍ സഹായം പറ്റുന്ന മദ്രസ്സ ബോര്‍ഡുകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തിന്റെ പേരില്‍ കത്തോലിക്കാ സെമിനാരികളെയും ക്രൈസ്തവ മതപഠനകേന്ദ്രങ്ങളെയും ഈ വിഷയത്തിലേയ്ക്ക് വലിച്ചിഴയ്ക്കവാൻ ചിലർ ബോധപൂര്‍വ്വം നടത്തുന്ന കുത്സിതശ്രമങ്ങള്‍ വിലപ്പോവില്ലെന്നും വിശ്വാസിസമൂഹത്തിനു മാത്രമായുള്ള സെമിനാരി-മതപഠന വിദ്യാഭ്യാസത്തിന് ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് സര്‍ക്കാരുള്‍പ്പെടെ ആരുടെയും ഔദാര്യവും സഹായവും വേണ്ടെന്നും ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

കത്തോലിക്കാ സെമിനാരികളെയും മതപഠനകേന്ദ്രങ്ങളെയുംകുറിച്ച് അറിവില്ലാത്തവര്‍ നടത്തുന്ന ജ്വല്പനങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ പുച്ഛിച്ചുതള്ളുന്നു. എങ്കിലും ചില ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും വസ്തുതകള്‍ വളച്ചൊടിച്ച് പച്ചക്കള്ളങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ സമൂഹത്തിലിത് അനാവശ്യ ചര്‍ച്ചകൾക്ക് ഇടയാക്കും. സെമിനാരികള്‍ പ്രാഥമിക വിദ്യാഭ്യാസകേന്ദ്രങ്ങളല്ല; സഭാശുശ്രൂഷകള്‍ക്കായി വൈദികരെ വാര്‍ത്തെടുക്കുന്ന ആത്മീയകേന്ദ്രങ്ങളും അതോടൊപ്പം അവർക്കായി ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുന്ന സഭാസ്ഥാപനങ്ങളുമാണ്. ക്രൈസ്തവ മതപഠനശാലകള്‍ വിശ്വാസികളുടെയും സഭാസംവിധാനങ്ങളുടെയും ഭാഗമാണ്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് യാതൊരു പങ്കുമില്ല.

ഏതു മതത്തില്‍ വിശ്വസിക്കാനും മതംപഠിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന പൗരന് ഉറപ്പുനല്‍കുന്നുണ്ട്. ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങളില്‍ ഉറച്ചുനിന്നുള്ള വിശ്വാസപരിശീലനവും സാക്ഷ്യവുമാണ് ഭാരതത്തില്‍ ക്രൈസ്തവര്‍ നടത്തുന്നത്.

ജനക്ഷേമത്തിനായുള്ള സര്‍ക്കാര്‍ പൊതുഖജനാവിലെ പണം രാജ്യത്തെ ഒരു മതത്തിന്റെയും പഠനത്തിനായി ദുരുപയോഗിക്കുന്നത് നീതീകരിക്കാനാവില്ല. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് 2006 ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മറവിലാണ് ഖജനാവിലെ പണം മദ്രസ്സകള്‍ക്ക് ഒഴുക്കുവാനുള്ള സാഹചര്യമുണ്ടായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടിയാണ് അന്നിത് ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിന്റെ പേരില്‍ സംസ്ഥാനത്ത് പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ മദ്രസ്സകള്‍ക്ക് വന്‍ സാമ്പത്തിക സഹായം നല്‍കിയ രേഖകളുണ്ട്. ജാതിസംവരണത്തെ അട്ടിമറിക്കുന്ന ഭരണഘടനാവിരുദ്ധമായ മതസംവരണം തുടരുന്നതും തിരുത്തപ്പെടണം. ന്യൂനപക്ഷ അവകാശങ്ങളുമായി മദ്രസ്സകളെ കൂട്ടിച്ചേര്‍ക്കരുത്. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിരോധാഭാസങ്ങളും പൊരുത്തക്കേടുകളും ക്രൈസ്തവ സമൂഹം കഴിഞ്ഞ നാളുകളില്‍ ഉയര്‍ത്തിക്കാട്ടിയത് ശരിയാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നുവെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News