• ഇന്തോ അമേരിക്ക തന്ത്രപ്രധാന ബന്ധം പ്രവാസികള്‍ ഉപയോഗപ്പെടുത്തണം: സാദിഖലി തങ്ങള്‍
• എച്ച്1 ബി വിസ സ്റ്റാമ്പിംഗ് പ്രശ്‌നത്തില്‍ ഇടപെടുമെന്ന് ഹാരിസ് ബീരാന്‍
എഡിസണ്‍ (ന്യൂജെഴ്‌സി): അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന മുസ്ലിം ലീഗ് ദേശീയ പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും രാജ്യ സഭാംഗവും സുപ്രീം കോടതി അഭിഭാഷകനുമായ ഹാരിസ് ബീരാനും അമേരിക്കന്‍ പ്രവാസി സമൂഹം ഹൃദ്യമായ സ്വീകരണം നല്‍കി.
കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (കെ.എം.സി.സി.), മലയാളി മുസ്ലിംസ് ഓഫ് ന്യൂജെഴ്സി (എം.എം.എന്‍.ജെ), കേരള അസോസിയേഷന്‍ ഓഫ് ന്യൂജെഴ്സി, നന്മ എന്നീ സംഘടനകള്‍ ചേര്‍ന്ന് റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഫൊക്കാന, ഫോമാ, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, വേള്‍ഡ് മലയാളി കൗണ്‍സില്‍, കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സി, കെ.എം.സി.സി തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. യു.എസ് കെ.എം.സി.സി പ്രസിഡന്റ് യു.എ നസീര്‍ അദ്ധ്യക്ഷത വഹിച്ചു.
ശീത സമരകാലാനന്തരമുണ്ടായ ഇന്തോ അമേരിക്ക ബന്ധത്തിലെ തന്ത്രപ്രധാന മുന്നേറ്റത്തിന്റെ അവസരം ഉപയോഗപ്പെടുത്താന്‍ പ്രവാസികള്‍ക്കാവണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. “രാജ്യത്തിന്റെ അതിരുകള്‍ സാങ്കേതികമെന്നതിനപ്പുറം ആഗോള ഗ്രാമമായി വളര്‍ന്നിട്ടുണ്ട്. ഐ.ടി, വ്യവസായം, വ്യാപാരം, ഡിഫന്‍സ്, ശാസ്ത്രം, മെഡിക്കല്‍ എന്നിങ്ങനെ എല്ലാ മേഖലയിലും ഇരുരാജ്യങ്ങളും അന്യോന്യം ആശ്രയിക്കുന്നു. ആ സഹകരണം സൗഹൃദമായി വളര്‍ന്നിരിക്കുന്നു. ചന്ദ്രനില്‍ ചെന്നാല്‍ അവിടെയും ചായക്കടയും ഒരു മലയാളി ഉണ്ടാവുമെന്ന് സഞ്ചാര സാഹിത്യകാരന്‍ എസ്.കെ. പൊറ്റക്കാടിനെ ഉദ്ധരിച്ച് പറയാറുണ്ട്. ചന്ദ്രനില്‍ ചെന്നാല്‍ കാണുക മലയാളി ഐ.ടിക്കാരെയായിരിക്കുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കെഎംസിസി, ഫൊക്കാന, ഫോമാ തുടങ്ങിയ വിവിധ പ്രവാസി സംഘടനകള്‍ നാടിനു വേണ്ടി ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമണ്,” തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഭക്ഷണം, വസ്ത്രം, ഭാഷ എന്നിവയിലെ വൈവിധ്യമാണ് ഇന്ത്യ എന്ന രാജ്യത്തെ അത്ഭുതമാക്കി നിര്‍ത്തുന്നതെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എം.പി പറഞ്ഞു. ആ വൈവിധ്യങ്ങള്‍ ആസ്വദിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന നല്‍കുന്നുണ്ട്. എച്ച്1 ബി വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇന്ത്യയില്‍ പോകണമെന്ന ഇപ്പോഴത്തെ നിയമം മൂലം ഐടി മേഖലയിലുള്ളവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വാഷിംഗ്ടണിലെ ഇന്ത്യന്‍ അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ അധികൃതരുമായി വിഷയം ചര്‍ച്ച ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് അമേരിക്കയിലേക്കും തിരിച്ചും നേരിട്ട് വിമാനം വേണമെന്ന ആവശ്യവും അറിയിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്നുകൊണ്ടുതന്നെ പ്രവാസി ഇന്ത്യക്കാര്‍ക്ക് സ്വന്തം രാജ്യത്തെ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ഉണ്ടാകുന്നതിനു വേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും സമ്മര്‍ദ്ദം ചെലുത്തുമെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.
സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ കലുഷിതമായ അന്തരീക്ഷമാണെങ്കിലും എല്ലാ വിഭാഗത്തിനും പ്രതീക്ഷയും ആശ്രയവും നല്‍കുന്ന പച്ചത്തുരുത്താണ് പാണക്കാട് കുടുംബമെന്നും മുന്‍ഗാമികള്‍ പിന്തുടര്‍ന്ന സൗഹാര്‍ദ്ദത്തിന്റെ പാത പിന്‍പറ്റുന്ന അപൂര്‍വ വ്യക്തിത്വമാണ് സാദിഖലി ശിഹാബ് തങ്ങളെന്നും വേദിയില്‍ സംസാരിച്ചവര്‍ വ്യക്തമാക്കി. സാദിഖലി തങ്ങളുടെ സമയോചിതമായ ഇടപെടലിലൂടെ പല പ്രമാദമായ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കപ്പെട്ടത് മുന്‍ ഡി.ജി.പി ടോമിന്‍ തച്ചങ്കരിയും തന്റെ അനുഭവത്തില്‍ നിന്ന് ചൂണ്ടിക്കാട്ടി. പ്രശസ്ത ന്യൂറോ സയന്‍സ് ഗവേഷകന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ മുനീറിനെ സാദിഖലി തങ്ങള്‍ ആദരിച്ചു. യു.എസ്.എ കെഎംസിസി യുടെ വെബ് സൈറ്റും ഫേസ് ബുക്ക് പേജും തങ്ങള്‍ ചടങ്ങില്‍ വെച്ചു പ്രകാശനം നടത്തി.
ഐ.ഓ.സി. ചെയര്‍ ജോര്‍ജ് എബ്രഹാം, നന്മ – എംഎംഎൻജെ സഹ സ്ഥാപകൻ ഡോ. സമദ് പൊന്നേരി, ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോന്‍ ആന്റണി, ഫോമാ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, നന്മ വൈസ് പ്രസിഡന്റ് ഡോ. സക്കീര്‍ ഹുസ്സൈന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കല്‍, ബോബി ബാല്‍, ജോര്‍ജ് ജോസഫ്, മുന്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍, അസ്‌ലം ഹമീദ്, യു.എ.ഇ കെ.എം.സി.സി സെക്രട്ടറി അന്‍വര്‍ നഹ, ലീലാ മാരേട്ട്, ജിബി തോമസ്, മധു കൊട്ടാരക്കര, തങ്കം അരവിന്ദ്, അനില്‍ പുത്തന്‍ചിറ, ഹനീഫ് എരഞ്ഞിക്കല്‍, മുസ്തഫ കമാല്‍, ഒമര്‍ സിനാപ്, നിരാര്‍ ബഷീര്‍, ഷൈമി ജേക്കബ്, ജിന്‍സ് മാത്യു, അഞ്ചല്‍ ഷാഫി ചാലിയം, അബ്ദുല്‍ഖാദര്‍ പാട്ടില്ലത്ത്, നാസര്‍ കോടൂര്‍, ജംഷാദ് എന്നിവര്‍ സംസാരിച്ചു.
സുല്‍ഫിക്കര്‍ ഹബീബ്, താഹാ മുഹമ്മദ് എന്നിവര്‍ പരിപാടി ക്രമീകരിച്ചു. ഇന്‍തിയാസ് സ്വാഗതവും, ഷെമി അന്ത്രു നന്ദിയും പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് ഡയോസിസ് മെത്രാപ്പോലീത്ത സഖറിയാ മോര്‍ നിക്കോളാവോസിന്റെ ആശംസാ സന്ദേശവും അറിയിച്ചു.
റിപ്പോര്‍ട്ട്: യു.എ. നസീര്‍, ന്യൂയോര്‍ക്ക്