ഏറനാട് മണ്ഡലം 25 ലക്ഷം രൂപയ്ക്ക് വിറ്റു എന്ന രൂക്ഷ വിമര്‍ശനവുമായി സിപിഐയ്ക്കെതിരെ പി വി അന്‍‌വര്‍

സിപിഐയ്ക്കും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. ഏറനാട് മണ്ഡലം 25 ലക്ഷം രൂപയ്ക്ക് വിറ്റ പാർട്ടിയാണ് സിപിഐ’യെന്നും അൻവർ പറഞ്ഞു. രണ്ട് തവണ സിപിഐ സീറ്റ് കച്ചവടം നടത്തിയെന്നും അവർ ആരോപിച്ചു.

ഏറനാട്ടിൽ സിപിഐക്കെതിരെ മത്സരിച്ചത് സിപിഎം ആവശ്യപ്പെട്ടതു കൊണ്ടാണ്. മണ്ഡലത്തിൽ തന്നെ സ്ഥാനാർഥിയാക്കണമെന്ന എൽഡിഎഫ് ധാരണയിൽ നിന്നു സിപിഐ അവസാന നിമിഷം പിൻമാറിയെന്നും അൻവർ തുറന്നടിച്ചു.

സിപിഐ പണം വാങ്ങിയതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ തന്റെ കൈവശം ഉണ്ടെന്നാണ് അന്‍വറിന്റെ ആരോപണം. വെളിയം ഭാര്‍ഗവാനുമായി ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയായിരുന്നു തീരുമാനം. അന്ന് ഇടതുപക്ഷം ദയനീയമായി പരാജയപ്പെട്ടതിന് കാരണം സിപിഐ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ നാട്ടുകാര്‍ക്ക് പോലും അറിയാത്തതുകൊണ്ടായിരുന്നുവെന്നും താന്‍ നിന്നാല് ജയിക്കുമെന്ന് ലീഗിന് നല്ല ബോധ്യമുണ്ടായിരുന്നെന്നും അന്‍വര്‍ പറഞ്ഞു. സീറ്റ് വില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐ എന്നും അന്‍വര്‍ ആഞ്ഞടിച്ചു.

‘കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ വയനാട്ടിൽ ആനി രാജ സ്ഥാനാർഥിയായപ്പോൾ സിപിഐ നേതാക്കൾ കോടികൾ പണം പിരിച്ചു. ഒരു രൂപ പോലും തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കൊടുത്തില്ല. ക്വാറി ഉടമകളിൽ നിന്നും വലിയ ധനികരിൽ നിന്നും സിപിഐ നേതാക്കൾ പണം വാങ്ങി. മന്ത്രി കെ. രാജൻ, സിപിഐ ജില്ലാ സെക്രട്ടറി അടക്കമുള്ളവരാണ് പണം വാങ്ങിയത്’, അൻവർ പറഞ്ഞു.

പിണറായി വിജയന്റെ അനിയനാണ് ബിനോയ് വിശ്വമെന്നു അൻവർ പരിഹസിച്ചു. ഒരച്ഛന്റേയും അമ്മയുടേയും മക്കളാണ് ഇരുവരും. കാണുമ്പോഴുള്ള മാന്യത സിപിഐ നേതാക്കളുടെ പ്രവർത്തനങ്ങളിൽ ഇല്ലെന്നും കാട്ടു കള്ളൻമാരാണെന്നും അൻവർ രൂക്ഷമായ ഭാഷയിൽ ആരോപിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News