തലസ്ഥാന നഗരിക്ക് ഊർജം പകർന്ന് 5000ത്തിലധികം പേരുടെ പങ്കാളിത്തത്തോടെ യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2024 സംഘടിപ്പിച്ചു

വിവിധ വിഭാഗങ്ങളിലായി വിജയികൾക്ക് ആകെ 22 ലക്ഷം രൂപ സമ്മാനമായി നൽകി

തിരുവനന്തപുരം, ഒക്ടോബർ 14, 2024: ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ജീവനക്കാർക്കിടയിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഞായറാഴ്ച സംഘടിപ്പിച്ച ട്രിവാൻഡ്രം മാരത്തൺ, 5000 ത്തിലധികം പേരുടെ പങ്കാളിത്തം കൊണ്ട് വൻ വിജയമായി. ഇനി വരുന്ന വർഷങ്ങളിലെല്ലാം സംഘടിപ്പിക്കാനുദ്ദേശിക്കുന്ന യു എസ് ടി ട്രിവാൻഡ്രം മാരത്തണിന്റെ ആദ്യ പതിപ്പാണ് ഞായറാഴ്ച നടന്നത്. യു എസ് ടി യുടെ ഇരുപത്തി അഞ്ചാം സ്ഥാപക വാർഷികത്തോടനുബന്ധിച്ച് കൂടിയാണ് ഉദ്‌ഘാടന മാരത്തൺ സംഘടിപ്പിച്ചത്. എൻ ഇ ബി സ്പോർട്സ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2024 നടന്നത്.

യു എസ് ടി ട്രിവാൻഡ്രം കാമ്പസിൽ നിന്ന് ആരംഭിച്ച മാരത്തൺ, നിശ്ചിത റൂട്ടുകളിലൂടെ സഞ്ചരിച്ച് യു എസ് ടി കാമ്പസിലേക്ക് മടങ്ങിയതോടെ സമാപിച്ചു. പരിചയ സമ്പന്നരായ മാരത്തണർമാർക്ക് ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ; വേഗതയേറിയ ഓട്ടക്കാർക്കും പുതിയ ഓട്ടക്കാർക്കും 10 കിലോമീറ്റർ റൺ; 5 കിലോമീറ്റർ ഫൺ റൺ; നടത്തക്കാർക്കും, സാധാരണ ഓട്ടക്കാർക്കും 3 കിലോമീറ്റർ ഫാമിലി റൺ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മാരത്തൺ സംഘടിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിന്റെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച മാരത്തണിന്റെ ദൂരം ഒരു എഐഎംഎസ്-സെർട്ടിഫൈഡ് കോഴ്സ് മെഷററിന്റെ സഹായത്തോടെയാണ് നിജപ്പെടുത്തിയിരുന്നത്.

പ്രൊഫഷണൽ അത്‌ലറ്റുമാർക്കും അമച്വർ അത്‌ലറ്റുമാർക്കും അവരുടെ കഴിവുകൾ രേഖപ്പെടുത്താൻ അവസരമൊരുക്കുന്നതിനൊപ്പം, ആരോഗ്യ പരിപാലനം സംബന്ധിച്ച അവബോധം സൃഷ്ടിക്കാനും ഉതകുന്ന പരിപാടിയായി യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2024. യു എസ് ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. ചീഫ് ഓപ്പറേറ്റിങ് ഓഫീസർമാരായ മനു ഗോപിനാഥ്, അലക്‌സാണ്ടർ വർഗീസ്, തിരുവനന്തപുരം കേന്ദ്രം മേധാവി ശില്പ മേനോൻ, ബിസിനസ് ഓപ്പറേഷൻസ് ജനറൽ മാനേജർ ഷെഫി അൻവർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഒളിമ്പ്യനും ദ്രോണാചാര്യ പുരസ്‌ക്കാര ജേതാവും പ്രകാശ് പദുകോൺ അക്കാദമി ഡയറക്ടറുമായ വിമൽ കുമാർ; വായു സേന എയർ മാർഷൽ സിൻഹ, പോലീസ് കമ്മിഷണർ സ്പർജൻ കുമാർ ഐ പി എസ്, ഐ ജി ശ്യാം സുന്ദർ ഐ പി എസ്, ടെക്‌നോപാർക്ക് സി ഇ ഒ സഞ്ജീവ് നായർ, ഓസ്ട്രേലിയ ഡെപ്യൂട്ടി കൗൺസൽ ജെനറൽ ഡേവിഡ് എഗ്ഗ്‌ലെസ്റ്റൺ തുടങ്ങിയവരും പങ്കെടുത്തു.

മാരത്തണിൽ പങ്കാളികളായവരിൽ 500 ഓളം പേർ യു എസ് ടി യിലെ ജീവനക്കാരും മറ്റുള്ളവർ പൊതു ജനങ്ങളുമായിരുന്നു. ആരോഗ്യകരമായ ജീവിതശൈലിയെപ്പറ്റിയുള്ള അവബോധം വളർത്തുന്നതിനും കമ്പനിയുടെ 25-ാം വാർഷികം ആഘോഷിക്കുന്നതിനും പുറമേ, ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും അശരണരുടെ ജീവിതങ്ങളിൽ മികച്ച സ്വാധീനം ചെലുത്തുന്നതിലും മാരത്തൺ ശ്രദ്ധ കേന്ദ്രീകരിച്ചു. വിവിധ വിഭാഗങ്ങളിലായി ആകെ 22 ലക്ഷം രൂപയാണ് വിജയികൾ സമ്മാനമായി നേടിയത്.

“അസാമാന്യവും മികവുറ്റതുമായ പരിപാടിയായിരുന്നു യു എസ് ടി മാരത്തൺ. പങ്കെടുത്ത ഓട്ടക്കാർക്കും, യു എസ് ടി, എൻഇബി സ്‌പോർട്‌സ് എന്നിവരോടുമുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു. വരും വർഷങ്ങളിൽ നടക്കാനിരിക്കുന്ന ഇതു പോലെയുള്ള പരിപാടികളുടെ മുന്നോടിയായി യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2024 നെ കാണുന്നു. ഞായറാഴ്ച നടന്ന മാരത്തണിലെ പങ്കാളിത്തം ഏറെ പ്രോത്സാഹനാജനകമാണ്, യുഎസ്‌ടിയിൽ നിന്നുള്ള ഓട്ടക്കാരും പൊതുജനങ്ങളും ആരോഗ്യകരമായ ജീവിത ശൈലിയുടെ പ്രാധാന്യം ആവേശത്തോടെ സ്വീകരിക്കുകയും മരത്തണിന്റെ തുടക്കം മുതൽ ആ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു,” യു എസ് ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അലക്‌സാണ്ടർ വർഗീസ് പറഞ്ഞു.

“തിരുവനന്തപുരത്ത് യു എസ് ടി ട്രിവാൻഡ്രം മാരത്തണിന്റെ ആദ്യ പതിപ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. യു എസ് ടി ഒരു നല്ല പാർട്ണർ ആയി, മാരത്തണിൽ മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ ഞങ്ങളുമൊത്ത് പ്രവർത്തിച്ചു. മാരത്തൺ ഓട്ടം ഇന്ത്യയിലുടനീളം കൂടുതൽ പ്രചാരം നേടുന്ന ഈ കാലത്ത്, യു എസ് ടി ട്രിവാൻഡ്രം മാരത്തൺ അതിവേഗം ഒരു ബൃഹത് പരിപാടിയായി ദേശീയതലത്തിൽത്തന്നെ വളരുമെന്ന് ഉറപ്പുണ്ട്,” എൻ ഇ ബി സ്പോർട്സ് റേസ് ഡയറക്ടർ നാഗരാജ് അഡിഗ പറഞ്ഞു.

ശാരീരിക ക്ഷമതയും ആരോഗ്യപരമായ ജീവിത ശൈലിയും വളർതുന്നതിന്റെ ആവശ്യകതയെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുന്നത് ലക്‌ഷ്യം വച്ചുള്ള സന്ദേശവുമായി യു എസ് ടി ട്രിവാൻഡ്രം മാരത്തൺ ഇനി മുതൽ വർഷം തോറും സംഘടിപ്പിക്കും.

Print Friendly, PDF & Email

Leave a Comment

More News