ഗാസയിലെ മാനുഷിക സാഹചര്യം 30 ദിവസത്തിനകം മെച്ചപ്പെടുത്തണമെന്ന് ഇസ്രയേലിനോട് അമേരിക്ക

വാഷിംഗ്ടൺ : അടുത്ത 30 ദിവസത്തിനകം ഗാസയിലെ മാനുഷിക സ്ഥിതി മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലിന് അയച്ച കത്തിൽ യുഎസ് സ്റ്റേറ്റ് ആൻഡ് ഡിഫൻസ് സെക്രട്ടറിമാർ കഴിഞ്ഞയാഴ്ച ഒപ്പിട്ടതായി ജോ ബൈഡൻ ഭരണകൂടം സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച ഒരു പത്രസമ്മേളനത്തിൽ, സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ, ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനും സ്ട്രാറ്റജിക് അഫയേഴ്സ് മന്ത്രി റോൺ ഡെർമറിനും അയച്ച കത്ത് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ചേർന്ന് ഒപ്പിട്ടതായി സ്ഥിരീകരിച്ചു.

കത്തിന്റെ ഉദ്ദേശ്യം “ഗാസയിലേക്ക് എത്തിക്കുന്ന മാനുഷിക സഹായത്തിൻ്റെ തോത് സംബന്ധിച്ച് ഞങ്ങളുടെ ആശങ്കകൾ വ്യക്തമാക്കാനാണെന്ന്” മില്ലർ പറഞ്ഞു.

CNN-ൻ്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഗസ്സക്കാർക്ക് കൂടുതൽ മാനുഷിക സഹായം ലഭ്യമാക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടാൽ, വിദേശ സൈനിക സഹായത്തെ നിയന്ത്രിക്കുന്ന യുഎസ് നിയമങ്ങൾ ഇസ്രായേല്‍ ലംഘിച്ചതായി കണക്കാക്കുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൽഫലമായി, ഇസ്രായേലിനുള്ള യുഎസ് സൈനിക സഹായം അപകടത്തിലായേക്കാം.

യുഎസ് നിയമങ്ങൾ പ്രകാരം, ഗസ്സയിലേക്കുള്ള സഹായ പ്രവാഹം നിയന്ത്രിക്കില്ലെന്ന ഇസ്രയേലിൻ്റെ ഉറപ്പ് സ്റ്റേറ്റ്, ഡിഫൻസ് ഡിപ്പാർട്ട്‌മെൻ്റുകൾ തുടർച്ചയായി വിലയിരുത്തേണ്ടതുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

യുഎസ് നൽകുന്ന 30 ദിവസത്തെ കാലയളവ് അർത്ഥമാക്കുന്നത്, ഇസ്രായേൽ യുഎസ് മുന്നറിയിപ്പുകൾ ശ്രദ്ധിച്ചില്ലെങ്കിൽ, നവംബർ 5 ന് യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ ഇസ്രായേലിന് ദോഷകരമാകുമെന്നാണ്.

യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി വിശദീകരണത്തിനായി റിപ്പോർട്ടർമാരെ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിലേക്ക് റഫർ ചെയ്തു, ബൈഡൻ ഭരണകൂടവും ഏപ്രിലിൽ ഇസ്രായേലിന് ഒരു കത്ത് അയച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News