എടവനക്കാട് കിഴക്കേവീട്ടിൽ കാദർ ഹാജി മകൻ ഡോ. ഉസ്മാൻ നിര്യാതനായി. ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൗണ്ടപ്പ് ടീം ലീഡർ ഇസമീറ ഉസ്മാന്റെ പിതാവാണ്.
1939-ൽ വൈപ്പിൻ പ്രദേശത്തെ എടവനക്കാടാണ് ഉസ്മാൻ ജനിച്ചത്. ഇന്ത്യയിലെ പ്രശസ്തമായ മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ അദ്ദേഹം, അമേരിക്കയിലെ ഡിട്രോയ്റ്റ് മെഡിക്കൽ സെൻ്ററിൽ നിന്ന് പോസ്റ്റ് ഗ്രാജ്വേഷൻ എടുത്തു. വൈകാതെ ഉദരരോഗ വിഭാഗത്തിൽ സ്പെഷലൈസ് ചെയ്ത്, അലോപ്പതി ചികിൽസാ മേഖലയിൽ ജനകീയ സേവനമുഖമായി മാറി.
അമേരിക്കയിലും കാനഡയിലും ആതുര ശുശ്രൂഷാ രംഗത്ത് വർഷങ്ങൾ ചെലവിട്ട ഡോ. ഉസ്മാൻ, രണ്ടു പതിറ്റാണ്ടിനു ശേഷം നാട്ടിൽ മടങ്ങിയെത്തി. അലോപ്പതി ചികിത്സയിൽ സജീവമായിരിക്കെത്തന്നെ മത-സാമൂഹ്യ-സാംസ്കാരിക മേഖലകളിലും അദ്ദേഹം നിറഞ്ഞുനിന്നു. എറണാങ്കുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന “ഫോറം ഫോർ ഫെയ്ത്ത് ആൻ്റ് ഫ്രറ്റേണിറ്റി”യുടെ ജീവാത്മാക്കളിൽ പ്രമുഖനാണ് അദ്ദേഹം.