അരുതരുത് (കവിത): ജയൻ വർഗീസ്

(അണ്വായുധ ഭീഷണിയിൽ അടിപിണയാനൊരുങ്ങുന്ന ആഗോള മനുഷ്യ രാശിക്ക് വേണ്ടി ഒരുവാത്മീകിത്തേങ്ങൽ)

അരുത് കാട്ടാളന്മാരെ
അതി തീവ്ര ഞാണിൽ നിന്നും
അയക്കല്ലേ ശരമെന്റെ-
യിണയുറങ്ങുന്നു !

ഒരുമര കൊമ്പിൽ ഞങ്ങൾ
ഒരുമിച്ചു കൂടും കൂട്ടി
പ്രണയ മർമ്മരങ്ങളിൽ
ചേർന്നിരിക്കുമ്പോൾ,

ഇടനെഞ്ചു പിളരുവാൻ
ഇടയുള്ള യാഗ്നേയാസ്ത്രം
മതി മതി, വിട്ടയക്കുവാൻ
ക്രൂരനാവല്ലേ ? !

വിരിയുവാൻ വിതുമ്പുന്ന
യരുമകൾ ചൂടും പറ്റി
മൃദുചുണ്ട് തോടിൽ നിന്നും
നിർഗ്ഗമിക്കുമ്പോൾ,

അകലത്തെ യാകാശത്തിൽ
മഴ പെയ്യാൻ തുടി താളം
മുകിലിന്റെ യാശംസകൾ
കൂട്ടിലെത്തുമ്പോൾ,

ഒരു വേള പക്ഷിക്കുഞ്ഞിൻ
ചിറകിന്റെ നിഴൽ പറ്റി
പുലരികൾ വിരിയുവാൻ
കാത്തു നിൽക്കുമ്പോൾ,

കറുകപ്പുൽ വേരിൽ തൂങ്ങി
മഴത്തുള്ളി പ്രപഞ്ചത്തിൻ
തനിഛായ പകർത്തുന്നു
സ്വനഗ്രാഹികൾ !

ഇനിയില്ല യിതു പോലെ
കനവുകൾ തുടിക്കുന്ന
നെബുലകൾ മണ്ണായ്ത്തീരാൻ
കാത്തു നില്പില്ലാ !

അതുകൊണ്ടു വേട്ടക്കാരേ,
അരുത് ! അതി വില്ലിൽ നിന്നും
അയക്കല്ലേ , ശരംവയ്ക്കൂ
ആവനാഴിയിൽ ?

Print Friendly, PDF & Email

Leave a Comment

More News