രണ്ടാം ലോക മഹായുദ്ധത്തിൽ മുങ്ങിയ ബ്രിട്ടീഷ് അന്തർവാഹിനി 81 വർഷത്തിന് ശേഷം സമുദ്രനിരപ്പിൽ നിന്ന് 770 അടി താഴെയായി കണ്ടെത്തി. ഈ അന്തർവാഹിനിക്കൊപ്പം മൂന്ന് ചാരന്മാരും 64 സൈനികരും മുങ്ങിമരിച്ചു. ഈ ചാരന്മാരെ കലാമോസ് ദ്വീപിലേക്ക് വിടാൻ പോയ അന്തർവാഹിനിയാണ് ജർമ്മനി സ്ഥാപിച്ച കുഴിബോംബുകൾക്ക് ഇരയായത്.
കടലിനടിയിൽ പഴയ കപ്പലുകളും യുദ്ധക്കപ്പലുകളും അന്തർവാഹിനികളും തിരയുന്നവരാണ് 1943 ലെ രണ്ടാം ലോക മഹായുദ്ധത്തിൽ ദുരൂഹമായി അപ്രത്യക്ഷമായ ബ്രിട്ടീഷ് അന്തർവാഹിനി HMS ട്രൂപ്പർ ഗ്രീസിലെ കലാമോസ് ദ്വീപിനടുത്തുള്ള ഈജിയൻ കടലിൽ 770 അടി താഴ്ചയിൽ കണ്ടെത്തിയത്.
N91 എന്നറിയപ്പെടുന്ന HMS ട്രൂപ്പർ 1943 ഒക്ടോബറിൽ ഒരു രഹസ്യ ദൗത്യത്തിനായാണ് പുറപ്പെട്ടത്. മൂന്ന് ഗ്രീക്ക് പ്രതിരോധ ഏജൻ്റുമാരെ കലാമോസ് ദ്വീപിലേക്ക് കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം. അക്കാലത്ത് ഈജിയൻ കടലിൽ പട്രോളിംഗ് നടത്താൻ അന്തർവാഹിനിക്ക് നിർദ്ദേശം നൽകി. പക്ഷേ, ജർമ്മൻ സൈന്യം കടലിൽ കുഴിബോംബുകൾ സ്ഥാപിച്ചത് അവർ അറിഞ്ഞിരുന്നില്ല.
1943 ഒക്ടോബർ 17 ന് 64 സൈനികർക്കൊപ്പം ഈ അന്തർവാഹിനി ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷമായി. ഗ്രീക്ക് അണ്ടർവാട്ടർ വിദഗ്ധനായ കോസ്റ്റാസ് തോക്‌ടെറൈഡസിൻ്റെ സംഘമാണ് ഈജിയൻ ദ്വീപുകളുടെ വടക്ക് ഐക്കേറിയൻ കടലില്‍ ഇത് കണ്ടെത്തിയത്.
കോസ്റ്റാസും സംഘവും രണ്ടാം ലോകമഹായുദ്ധത്തിൻ്റെ രേഖകൾ പരിശോധിച്ചു. പിന്നീട് ട്രൂപ്പറിൻ്റെ അവസാന സ്ഥാനം എന്താണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. 2024 ഒക്ടോബർ 3 ന് അദ്ദേഹത്തിൻ്റെ സംഘം ഈ അന്തർവാഹിനി കണ്ടെത്തി. ആദ്യം സോണാർ ഉപയോഗിച്ച് അന്തർവാഹിനി തിരഞ്ഞു. കടലിൻ്റെ താഴത്തെ ഭാഗത്തിൻ്റെ ഭൂപടം ഉണ്ടാക്കി. അതിനുശേഷം, റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന വാഹനമായ സൂപ്പർ ആഷ്‌ലിയെ കോസ്റ്റാസ് സമുദ്രത്തിൻ്റെ ആഴങ്ങളിലേക്ക് അയച്ചു. അപ്പോഴാണ് അന്തര്‍വാഹിനി കടലിൽ 770 അടി താഴെയാണെന്ന് വെളിപ്പെട്ടത്.
വൻ സ്ഫോടനത്തെത്തുടർന്ന് അന്തർവാഹിനി മൂന്ന് വലിയ കഷണങ്ങളായി തകർന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ജർമ്മനി സ്ഥാപിച്ച കുഴിബോംബുകളാണ് ഈ സ്ഫോടനത്തിന് കാരണമായത്.