നിജ്ജാർ കൊലപാതകം: ഇന്ത്യയ്ക്കെതിരെ “ശക്തമായ തെളിവുകള്‍” ഇല്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: കഴിഞ്ഞ വർഷം ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാർ ഏജൻ്റുമാരുടെ പങ്കുണ്ടെന്ന് ആരോപിച്ചപ്പോൾ തനിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും “ശക്തമായ തെളിവ്” ഉണ്ടായിരുന്നില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സമ്മതിച്ചു.

ഫെഡറൽ തിരഞ്ഞെടുപ്പ് പ്രക്രിയകളിലും ജനാധിപത്യ സ്ഥാപനങ്ങളിലും വിദേശ ഇടപെടലുകളെക്കുറിച്ചുള്ള പൊതു അന്വേഷണത്തിന് മുമ്പാകെ സാക്ഷ്യപ്പെടുത്തിയ ട്രൂഡോ, ഇന്ത്യൻ നയതന്ത്രജ്ഞർ നരേന്ദ്ര മോദി സർക്കാരിനോട് വിയോജിപ്പുള്ള കാനഡക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയും അത് ഇന്ത്യൻ സർക്കാരിലെയും ലോറൻസ് ബിഷ്ണോയി ക്രിമിനൽ സംഘം പോലുള്ളവര്‍ക്ക് കൈമാറുകയും ചെയ്തതായി അവകാശപ്പെട്ടു.

ഫോറിന്‍ ഇന്‍റര്‍ഫിയറന്‍സ് കമ്മിഷന് മുമ്പാകെയാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്. ഫെഡറൽ തെരഞ്ഞെടുപ്പ് പ്രക്രിയകളിലും ജനാധിപത്യ വിഷയങ്ങളിലും വിദേശ ഇടപെടലുകളെക്കുറിച്ചുള്ള അന്വേഷണം നടത്തുന്ന കമ്മിഷനാണ് ഫോറിന്‍ ഇന്‍റര്‍ഫിയറന്‍സ് കമ്മിഷൻ.

‘കാനഡയിൽ ഇന്ത്യൻ നയതന്ത്രജ്ഞര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നതിന് ഫൈവ് ഐസ് സഖ്യകക്ഷികളിൽ നിന്നും രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു. ഇന്ത്യൻ ഗവൺമെന്‍റിന്‍റെ ഏജന്‍റുമാര്‍ കാനഡയില്‍ നടക്കുന്ന ചില കൊലപാതകങ്ങളില്‍ പങ്കാളികളാകുന്നുവെന്നാണ് രഹസ്യാന്വേഷണ വിവരം ലഭിച്ചത്,’ എന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ സർക്കാർ അതീവ ഗൗരവത്തോടെ കാണുന്ന വിഷയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ് എന്നിവ ഉൾപ്പെടുന്ന ഒരു രഹസ്യാന്വേഷണ സഖ്യമാണ് ‘ഫൈവ് ഐസ്’ നെറ്റ്‌വർക്ക്. 5 ലോക രാജ്യങ്ങൾ തങ്ങളുടെ സുരക്ഷയെ ചൂണ്ടിക്കാട്ടി ലോകത്തെവിടെയും ചാരവൃത്തി, ഫോൺ ചോർത്തൽ, രഹസ്യ പ്രവർത്തനങ്ങൾ, സൈനിക, സിവിൽ ഇന്‍റലിജൻസ് പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു. മറ്റ് രാജ്യങ്ങളെ അടിച്ചമര്‍ത്താനും ‘ഫൈവ് ഐസ്’ നെറ്റ്‌വർക്ക് ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവുമുണ്ട്.

തന്‍റെ രാജ്യത്തിന് ഒരു സുരക്ഷാ പ്രശ്‌നം വരുമ്പോള്‍ ഇന്ത്യൻ സര്‍ക്കാരുമായി ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇന്ത്യ ഗവണ്‍മെന്‍റ് സഹകരിക്കാൻ തയ്യാറാകുന്നില്ലെന്നും കനേഡിയൻ പ്രധാനമന്ത്രി വ്യക്തമാക്കി.

നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ ഗവണ്‍മെന്‍റ് തങ്ങളോട് തെളിവുകള്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ തങ്ങളുടെ സുരക്ഷാ ഏജൻസിയുടെ പക്കല്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഉള്ളതെന്നും, ശക്തമായ തെളിവുകള്‍ ഇല്ലെന്നും ഇന്ത്യയ്‌ക്ക് മറുപടി നല്‍കിയതായി ട്രൂഡോ വ്യക്തമാക്കി. ഡൽഹിയിൽ ജി 20 ഉച്ചകോടി അവസാനിച്ചതിന് ശേഷം താൻ പ്രധാനമന്ത്രി മോദിയെ കണ്ടിരുന്നുവെന്നും നിജ്ജാര്‍ കൊലപാതകത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജസ്‌റ്റിൻ ട്രൂഡോ നിലപാട് മാറ്റിയതോടെ വിഷയത്തില്‍ പ്രതികരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി. തങ്ങള്‍ നേരത്തെ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ട്രൂഡോ ആവര്‍ത്തിച്ചതെന്നും, നിജ്ജാര്‍ കൊലപാതകത്തില്‍ ഇന്ത്യൻ ഗവണ്‍മെന്‍റിന് യാതൊരു പങ്കുമില്ലെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു.

2023 ജൂണിൽ നിജ്ജാറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ ആറ് ഇന്ത്യൻ നയതന്ത്രജ്ഞർക്ക് പങ്കുണ്ടെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) തിങ്കളാഴ്ച പറഞ്ഞിരുന്നു. ബിഷ്‌ണോയി സംഘത്തിന് ഇന്ത്യൻ സർക്കാരിൻ്റെ ഏജൻ്റുമാരുമായി ബന്ധമുണ്ടെന്നും ഇത് ദക്ഷിണേഷ്യൻ സമൂഹത്തെ പ്രത്യേകമായി രാജ്യത്തെ “ഖലിസ്ഥാൻ അനുകൂല ഘടകങ്ങളെ” ലക്ഷ്യമിടുന്നുണ്ടെന്നും ആർസിഎംപി ആരോപിച്ചു.

നിജ്ജാർ കേസിൽ ന്യൂഡൽഹിയുമായി തെളിവുകൾ പങ്കിട്ടുവെന്ന ഒട്ടാവയുടെ വാദം ശരിയല്ലെന്ന് പറഞ്ഞുകൊണ്ട് കാനഡയിലെ ക്രിമിനൽ സംഘങ്ങളുമായി ഇന്ത്യൻ ഏജൻ്റുമാരെ ബന്ധിപ്പിക്കാനുള്ള കനേഡിയൻ അധികൃതരുടെ ശ്രമങ്ങളെ ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു.

തൻ്റെ രാജ്യത്തുള്ള കനേഡിയൻ പൗരന്മാരെ ലക്ഷ്യമിട്ട് ഇന്ത്യ രഹസ്യ ഓപ്പറേഷനുകൾ നടത്തുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്ന ട്രൂഡോയുടെ മുൻ ആരോപണങ്ങളും ന്യൂഡൽഹിയിലെ വൃത്തങ്ങൾ തള്ളിക്കളഞ്ഞു.

നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണവുമായി ദൂതനെ ബന്ധിപ്പിച്ച ഒട്ടാവയുടെ ആരോപണങ്ങൾ നിരസിച്ചതിന് ശേഷം ഇന്ത്യ ആറ് കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കുകയും കാനഡയിൽ നിന്ന് ഹൈക്കമ്മീഷണറെ പിൻവലിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലാണ് നിജ്ജാർ വെടിയേറ്റ് മരിച്ചത്.

Print Friendly, PDF & Email

Leave a Comment

More News