മെക്സിക്കോ സിറ്റി: മെക്‌സിക്കോയുടെ തെക്കുപടിഞ്ഞാറൻ പസഫിക് തീരത്ത് നടന്ന ഓപ്പറേഷനിൽ 8,400 കിലോഗ്രാം അനധികൃത മയക്കു മരുന്ന് പിടികൂടി. മെക്സിക്കോയുടെ ചരിത്രത്തില്‍ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയിൽ 23 പേരെ അറസ്റ്റ് ചെയ്തതായി മെക്‌സിക്കോ നാവികസേന അറിയിച്ചു.
മൈക്കോക്കൻ സംസ്ഥാനത്തിലെ ലാസാറോ കാർഡനാസിനടുത്തും ഗ്വെറെറോ സംസ്ഥാനത്തിൻ്റെ തെക്കന്‍ തീരത്തും തിരച്ചില്‍ നടത്തിയ നാവികസേന 8,700 ലിറ്റർ ഇന്ധനവും ആറ് ബോട്ടുകളും പിടിച്ചെടുത്ത് അധികാരികള്‍ക്ക് കൈമാറിയതായി നാവിക സേനയുടെ പ്രസ്താവനയില്‍ പറഞ്ഞു. പിടിച്ചെടുത്ത ആസ്തികൾക്ക് കുറഞ്ഞത് രണ്ട് ബില്യൺ പെസോ (100 മില്യൺ ഡോളർ) വിലവരും.
മയക്കുമരുന്ന് കടത്ത് തടയാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ അമേരിക്ക മെക്സിക്കോയെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം മെക്സിക്കോ അതിർത്തി കടന്നുള്ള ക്രിമിനൽ ഗ്രൂപ്പുകളിലേക്ക് തോക്കുകളുടെ ഒഴുക്ക് തടയാൻ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അമേരിക്കയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.