കോഴിക്കോട് :ചുരുങ്ങിയ സമയം കൊണ്ട് ലോകശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മ ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമിട്ട ‘സ്റ്റോപ്പ് ബോഡി ഷെയിമിംഗ് ക്യാമ്പയിൻ’ സമാപിച്ചു. ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിക്കുവാൻ അറബി കടലിന്റെ തിരമാലകളെയും അസ്തമയ സൂര്യന്റെ സായാഹ്ന കിരണങ്ങളെയും സാക്ഷിയാക്കി മൊട്ടകൾ കൈകോർത്തപ്പോൾ അത് ഒരു ചരിത്ര സംഭവമായി മാറി. പ്ലക്കാര്‍ഡുകള്‍ പിടിച്ച മൊട്ടകൾ ബീച്ചിലൂടെ നടന്നു നീങ്ങിയപ്പോൾ കാണികൾക്ക് കൗതുകം പകർന്നു. കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങിൽ മൊട്ട ഗ്ലോബൽ ഫൗണ്ടർ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ ജി നായർ ആമുഖ സന്ദേശം നല്‍കി. പ്രവർത്തക സമിതി അംഗം ജയ് ഗോപാൽ ചന്ദ്രശേഖരന്‍, ട്രഷറാർ നിയാസ് പാറയ്ക്കൽ, ജോ. സെക്രട്ടറി യൂസഫ് കൊടുഞ്ഞി, പ്രവർത്തക സമിതി അംഗം മുജീബ് ചോയിമഠം എന്നിവർ പ്രസംഗിച്ചു. ഡോ. ജോൺസൺ വി. ഇടിക്കുള മൊട്ട ഗ്ലോബൽ ആർട്ടിക്കിൾ പ്രകാശനം ചെയ്തു.
ആദ്യ തവണ ഒന്നിച്ചത് വെറും 25 മൊട്ടകൾ മാത്രമായിരുന്നെങ്കില്‍ കുറവിലങ്ങാട് സ്വദേശിയും ആസ്ട്രേലിയയിൽ സേവനമനുഷ്ഠിക്കുന്ന വൈദികനായ റവ. ഫാദർ സിജോ ജോസഫ് ഉൾപ്പെടെ എഴുന്നൂറിലധികം അംഗങ്ങളുമായി വളർച്ചയുടെ പാതയിലാണ് ‘മൊട്ട ഗ്ലോബൽ’. മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവർക്കിടയിൽ ആത്മവിശ്വാസം പകരുകയും ചിട്ടയായ പ്രവർത്തന ശൈലി അവലംബിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള ആഗോള തലത്തിൽ മികച്ച കൂട്ടായ്മയായി മാറ്റുകയെന്നതാണ് പരമപ്രധാനമായ ലക്ഷ്യം. മത സൗഹാർദ്ദത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നൽ നല്‍കി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരാണ് ഇതിനോടകം മൊട്ട ഗ്ലോബലിലേക്ക് എത്തിയത്.
ചില ആഴ്ചകൾക്ക് മുമ്പ് തൃശൂരില്‍ നടന്ന സമ്മേളനത്തില്‍ നൂറോളം മൊട്ടകൾ സംഗമിച്ചു. കറുത്ത ഷർട്ടും കറുത്ത കണ്ണടയും ചുവപ്പ് നിറത്തിലുള്ള മുണ്ടും ധരിച്ച് ഓരോരുത്തര്‍ തൃശൂര്‍ നഗരത്തിൽ പുലിക്കളിയിൽ ചുവട് വെച്ചത് ജനലക്ഷങ്ങളുടെ ഹൃദയം കവർന്നു. ഇതിനോടകം വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ പല ഇടങ്ങളിലും അംഗങ്ങൾ ഒരുമിച്ച് യോഗങ്ങൾ നടത്തി.
‘ദേഹ നിന്ദ’ അഥവാ ബോഡി ഷെയ്മിംഗ് എന്നത് ലോകത്താകമാനം പടർന്നിരിക്കുന്ന വിപത്താണെന്നും ദേഹ നിന്ദയെന്നത് കൂട്ടായ പ്രവർത്തനം വഴി ചെറുക്കേണ്ടുന്ന ഒന്ന് തന്നെയാണെന്നും രൂപഭാവങ്ങളല്ല, ശരീരപ്രകൃതിയല്ല മറിച്ച് മനസ്സും പ്രവർത്തിയുമാവണം ബഹുമാനിക്കപ്പെടേണ്ടത്തിൻ്റെയും മൂല്യ നിർണ്ണയത്തിൻ്റെയും അളവുകോലുകൾ എന്ന് മൊട്ട ഗ്ലോബൽ സ്റ്റോപ്പ് ബോഡി ഷെയിമിംഗ് ക്യാമ്പയിൻ വിലയിരുത്തി.