എഡിഎമ്മിൻ്റെ മരണം: പി പി ദിവ്യയുടെ മുന്‍‌കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാക്കേസിൽ സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പി.പി ദിവ്യ മുൻ‌കൂർ ജാമ്യ ഹർജി നൽകിയത്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിലേക്ക് പൊലീസ് കടന്നേക്കും.

എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഉദ്ദേശിച്ചിരുന്നില്ല. അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താന്‍ സംസാരിച്ചത്. ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നാണ് ഉദ്ദേശിച്ചത്. ജില്ലാ കലക്ടര്‍ ക്ഷണിച്ചിട്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. അന്വേഷണത്തില്‍ നിന്നും ഒളിച്ചോടില്ല. ഗുരുതരമായ രോഗമുള്ള പിതാവ് വീട്ടിലുണ്ട്. അറസ്റ്റ് തടയണമെന്നും പി പി ദിവ്യ മുന്‍ജൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.

ഹർജിയിൽ നവീൻ ബാബുവിന്റെ കുടുംബവും കക്ഷി ചേരും. കുടുംബത്തിന്റെ വാദം കേട്ട ശേഷം പൊലീസ് റിപ്പോർട്ട് ആവശ്യപ്പെടാനാണ് സാധ്യത. വിധി വരും വരെ അറസ്റ്റ് തടയണമെന്ന് ദിവ്യയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടേക്കും. അതിനിടെ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനിൽ നിന്ന് അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കുമെന്നാണ് സൂചന.

മുന്‍കൂട്ടി സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഡെപ്യൂട്ടി കലക്ടര്‍ ക്ഷണിച്ച പ്രകാരമാണ് സംസാരിച്ചത്. ഉത്തരവാദിത്തപ്പെട്ട വ്യക്തികള്‍ ഇരിക്കുന്ന പരിപാടി എന്ന നിലയിലാണ് അഴിമതിക്കാര്യം സംസാരിച്ചതെന്നും ദിവ്യ പറഞ്ഞു. ‘ഇതുവഴിയെ പോയപ്പോള്‍ ഇങ്ങനെ ഒരു പരിപാടി നടക്കുന്നു എന്ന് അറിഞ്ഞാണ് വന്നത്’ എന്നായിരുന്നു ദിവ്യയുടെ പ്രസംഗത്തിലെ വാക്കുകള്‍. എന്നാൽ കലക്ടർ ക്ഷണിച്ചിട്ടാണ് യോ​ഗത്തിന് വന്നതെന്നാണ് ഹർജിയിൽ ദിവ്യ വ്യക്തമാക്കിയിട്ടുള്ളത്.

Print Friendly, PDF & Email

Leave a Comment

More News