ബഹ്റൈന്‍: ബഹ്‌റൈനിലെ കൊല്ലം പ്രവാസി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം, സ്റ്റാർ വിഷൻ ഇവെന്റ്‌സുമായി സഹകരിച്ചു സംഘടിപ്പിച്ച പൊന്നോണം 2024 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അധാരി പാർക്കിൽ വച്ചു നടന്ന ആഘോഷ പരിപാടികൾ കൊല്ലം, ചാത്തന്നൂർ നിയോജക മണ്ഡലം എം.എൽ. എ ജയലാൽ ഉത്ഘാടനം ചെയ്തു.
അസ്സോസിയേഷൻ്റെ പത്ത് ഏരിയ കമ്മിറ്റികളും, വനിതാ വിഭാഗം പ്രവാസിശ്രീയും പങ്കെടുത്ത നയന മനോഹരമായ ഘോഷ യാത്ര ഓണാഘോഷത്തിന് മാറ്റുകൂട്ടി. ആയിരത്തില്‍പരം പേർക്കുള്ള വിഭവസമൃദ്ധമായ സദ്യ, ഈ വർഷത്തെ ഓണാഘോഷത്തിന് മികവേകി. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, കേരള ശ്രീമാൻ – മലയാളി മങ്ക മത്സരം, തിരുവാതിര, സഹൃദയ അവതരിപ്പിച്ച നാടൻ പാട്ടുകൾ എന്നിവ കൂടുതൽ ആവേശമാക്കി.
കെ.പി. എ പ്രസിഡന്റ് അനോജ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു. യു.എ. ഇ യിലെ സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി മുഖ്യാഥിതിയായി പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, കൊല്ലം പ്രവാസി അസോസിയേഷൻ രക്ഷാധികാരി പ്രിൻസ് നടരാജൻ, ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഐസിആർഎഫ് ചെയർമാൻ വി. കെ. തോമസ്, ഡോ. പി. വി. ചെറിയാൻ, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പൊന്നോണം 2024 ജനറൽ കൺവീനർ വി.എം. പ്രമോദ് നന്ദി അറിയിച്ചു. ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസി. ട്രഷറർ കൃഷ്ണകുമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു ആശംസകൾ നേർന്നു.