കാനഡയിൽ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീ പിടിച്ചു; നാല് ഇന്ത്യൻ പൗരന്മാർക്ക് ജീവന്‍ നഷ്ടപ്പെട്ടു

  ടൊറോന്റോ: കാനഡയിലുണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യൻ പൗരന്മാർ മരിച്ചു. ടൊറൻ്റോയ്ക്ക് സമീപം വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടെസ്‌ല കാർ ഡിവൈഡറിൽ ഇടിച്ചതിനെത്തുടര്‍ന്നുണ്ടായ തീപിടിത്തത്തിലഅണ് നാലു പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ചവരിൽ രണ്ടുപേർ ഗുജറാത്തിലെ ഗോധ്ര സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

30 കാരിയായ കീത ഗോഹൽ, 26 കാരനായ നീൽ ഗോഹൽ എന്നിവർ മറ്റ് രണ്ട് പേര്‍ക്കൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്നു. അപകടത്തെത്തുടർന്ന്, ടെസ്‌ലയുടെ ബാറ്ററിക്ക് തീപിടിച്ചതാണെന്ന് കണ്ടെത്തി.

ചെറി സ്ട്രീറ്റിന് സമീപമുള്ള ലേക് ഷോർ ബൊളിവാർഡ് ഇയിൽ പുലർച്ചെ 12:10 ഓടെയാണ് മാരകമായ അപകടം നടന്നത്.

കാറിൽ കുടുങ്ങിയവരെ രക്ഷിക്കാൻ മോട്ടോർ സൈക്കിളിൽ എത്തിയവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തീ അണയ്ക്കാൻ ശ്രമിച്ചിട്ടും ആരെയും രക്ഷിക്കാനായില്ല, ഇത് നാല് വിലപ്പെട്ട ജീവനുകളുടെ ദാരുണമായ നഷ്ടത്തിലേക്ക് നയിച്ചു.

മരിച്ചവരിൽ രണ്ടുപേർ അടുത്തിടെ കനേഡിയൻ പൗരത്വം നേടിയവരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അകത്ത് മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമുള്ള ടെസ്‌ല കിഴക്കോട്ട് അമിതവേഗത്തില്‍ പോകവേ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഗാർഡ്‌റെയിലിൽ ഇടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് തീപിടിക്കുകയും ചെയ്തതായി ടൊറൻ്റോ പോലീസ് ഡ്യൂട്ടി ഇൻസ്‌പെടര്‍ ഫിലിപ്പ് സിൻക്ലെയർ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയപ്പോൾ കാർ പൂർണമായും കത്തി നശിച്ചിരുന്നുവെന്ന് സിൻക്ലെയറിനൊപ്പം സംസാരിച്ച ഡെപ്യൂട്ടി ഫയർ ചീഫ് ജിം ജെസ്സോപ്പ് പറഞ്ഞു.

തീ അണച്ചതിന് ശേഷം അഗ്നിശമന സേനാംഗങ്ങൾ വാഹനത്തിനുള്ളിൽ നാല് പേരെ കണ്ടെത്തി. നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സിൻക്ലെയർ പറഞ്ഞു. അവർക്ക് 20-നും 30-നും ഇടയിൽ പ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News