ശബരിമല അയ്യപ്പ ക്ഷേത്രത്തിലേക്ക് പോകുന്ന തീർത്ഥാടകർക്ക് 2025 ജനുവരി 20 വരെ വിമാനങ്ങളിൽ ക്യാബിൻ ബാഗേജിൽ
നെയ് തേങ്ങകൊണ്ടുപോകാൻ ഏവിയേഷൻ സെക്യൂരിറ്റി വാച്ച്‌ഡോഗ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി താത്ക്കാലിക അനുമതി നൽകി.
2025 ജനുവരി 20 വരെ തീർഥാടകർക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് ബിസിഎഎസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ആവശ്യമായ പരിശോധനകൾ
ആവശ്യമായ എക്സ്-റേ, ഇ.ടി.ഡി (എക്‌സ്‌പ്ലോസീവ് ട്രേസ് ഡിറ്റക്ടർ), ശാരീരിക പരിശോധനകൾ എന്നിവയ്ക്ക് ശേഷം മാത്രമേ നാളികേരം ക്യാബിനിൽ കൊണ്ടുപോകാൻ അനുവദിക്കൂ.
രണ്ട് മാസം നീണ്ടുനിൽക്കുന്ന തീർത്ഥാടന കാലയളവിനായി ശബരിമലയിലെ അയ്യപ്പക്ഷേത്രം നവംബർ പകുതിയോടെ തുറക്കും, തീർത്ഥാടനം ജനുവരി അവസാനം വരെ നീണ്ടുനിൽക്കും.
നേരത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിമാനമാർഗ്ഗം ശബരിമലയിലേക്ക് വരുന്നവര്‍ക്ക് അവരുടെ നാട്ടില്‍ നിന്ന് ഇരുമുടിക്കെട്ട് നിറച്ചുകൊണ്ടുവരുന്നത് സാധ്യമായിരുന്നില്ല. ഇതുമൂലം പല ഭക്തരും വിമാനമാർഗം ശബരിമല യാത്ര ഒഴിവാക്കി ട്രെയിൻ അടക്കമുള്ള മാർഗങ്ങളാണ് തിരഞ്ഞെടുത്തിരുന്നത്. പുതിയ തീരുമാനം ഇത്തരം അയ്യപ്പ ഭക്തർക്ക് ഏറെ സഹായകരമാകും. ഇളവ് നിലവിൽ വന്നതോടെ കൂടുതൽ ഭക്തർ വിമാനത്തിൽ യാത്ര ചെയ്യാൻ തയ്യാറായേക്കും. ഇത് വ്യോമയാന മേഖലയ്‌ക്കും ഏറെ ഗുണം ചെയ്യും.