മാവേലിക്കര ഓണാട്ടുകര സാഹിതി ഒരുക്കുന്ന ദേശീയ സാഹിത്യ സംഗമം വൈഖരി 2024 നു പുന്നമൂട് ജീവാരാമിൽ തുടക്കമായി

മാവേലിക്കര : ഓണാട്ടുകര സാഹിതി ഒരുക്കുന്ന ദേശീയ സാഹിത്യ സംഗമം വൈഖരി 2024 നു പുന്നമൂട് ജീവാരാമിൽ തുടക്കമായി. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഓൺലൈൻ ആയി സംഗമം ഉദ്ഘാടനം ചെയ്തു. ഓണാട്ടുകരയുടെ സാഹിത്യ, സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ടെന്നു പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ജ്‌ഞാനപീഠ ജേതാവ് ഡോ. ദാമോദർ മൗസോ ഭദ്രദീപം തെളിച്ചു. സാഹിതി പ്രസിഡൻ്റ് ഡോ മധു ഇറവങ്കര അധ്യക്ഷത വഹിച്ചു. നിർഭയ സംഭവത്തിനു ശേഷവും ക്രിയാത്മകമായ മാറ്റങ്ങൾ വരാത്തതിനാൽ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽ സ്ത്രീകൾക്കു നേരെയുള്ള അക്രമം തുടരുകയാണ്. മതസൗഹാർദം സ്വന്തം വീടുകളിൽ നിന്നാണ് ആരംഭിക്കണ്ടതെന്നും ഡോ. ദാമോദർ മൗസോ പറഞ്ഞു.

സരസ്വതി സമ്മാൻ ജേതാവ് ശരൺകുമാർ ലിം ബാള പ്രഭാഷണം നടത്തി. സാഹിത്യ സംഗമത്തിൻ്റെ സ്‌മരണിക , സാഹിതി ജോയിൻ്റ് സെക്രട്ടറി ശശികുമാർ മാവേലിക്കരയ്ക്കു നൽകി ദാമോദർ മൗസോ പ്രകാശനം ചെയ്‌തു. ഡോ ജോർജ് ഓണക്കൂർ, കെ.പി.രാമനുണ്ണി, സാഹിതി സെക്രട്ടറി സുരേഷ് വർമ, ട്രഷറർ ജോർജ് തഴക്കര, മീഡിയ കോഓർഡിനേറ്റർ ബിനു തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. പ്രഫ. മാമൻ വർക്കി, ഡോ.എ.വി. ആനന്ദരാജ് എന്നിവർ ഉപഹാര സമർപ്പണം നടത്തി. പ്രതിഭ റായ്, ഡോ.ദാമോദർ മൗസോ, ശരൺ കുമാർ ലിംബാളെ എന്നിവരുടെ പുസ്‌തകങ്ങൾ മലയാളത്തിലേക്കു വിവർത്തനം ചെയ്‌ത സരോജിനി ഉണ്ണിത്താൻ, രാജേശ്വരി നായർ, ഡോ.എൻ.എം.സണ്ണി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

നോവൽ നവ സഞ്ചാരം സർഗസംവാദത്തിൽ കെ.പി. രാമനുണ്ണി, ബന്യാമിൻ, ടി.ഡി.രാമകൃഷ്‌ണൻ, ഇന്ത്യൻ സാഹിത്യം-ബഹുസ്വരതയുടെ പ്രകാശനം എന്ന സംവാദത്തിൽ എൻ. എസ് മാധവൻ, ഡോ. ദാമോദർ മൗസോ, ശരൺകുമാർ ലിംബാളെ, പ്രഫ.വി.സി.ജോൺ, ബി, സോമശേഖരൻ ഉണ്ണിത്താൻ, കഥയും കാലവും സർഗവേദിയിൽ ഡോ.മനോജ് കുറൂർ, ഐസക് ഈപ്പൻ, കെ.രേഖ, ഫ്രാൻസിസ് നെറോണ, പോക്കാട്ട് രാമചന്ദ്രൻ, സന്തോഷ് ഇറവങ്കര എന്നിവർ പ്രസംഗിച്ചു.

27ന് വൈകിട്ടു 4 നു സാഹിത്യ സംഗമം സമാപിക്കും. രാവിലെ 9.30 ന് ഇന്ത്യൻ സാഹിത്യം, അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും എന്ന വിഷയത്തിൽ സെമിനാർ, 11.30 നു ഓണാട്ടുകര ദേശം സാഹിത്യം സംവാദം. 2 ന് അതിരുകൾ മായുന്ന കവിത സെമിനാർ എന്നിവ നടക്കും. 3.30 നു സമാപന സമ്മേളനം ദാമോദർ മൗസോ ഉദ്ഘാടനം ചെയ്യും. ഡോ.മധു ഇറവങ്കര അധ്യക്ഷനാകും. ഇന്നു നടക്കുന്ന സംവാദങ്ങളിൽ ഡോ.എം.ജി. ശശിഭൂഷൺ, ആർ ഉണ്ണി, പ്രഭാവർമ, കെ.രാജഗോപാൽ, ലോപാ മുദ്ര, ഡോ.ഷീജ വക്കം എന്നിവർ പങ്കെടുക്കും.

Print Friendly, PDF & Email

Leave a Comment

More News