ചിക്കാഗോ: ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷം നവംബർ 3 ന് മൗണ്ട് പ്രോസ്പെക്റ്റില് സ്ഥിതി ചെയ്യുന്ന അസ്സോസിയേഷൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നവംബർ 3 വൈകിട്ട് 5 മണിക്ക് നടക്കുന്ന പരിപാടിയിൽ ധനകാര്യ വിദഗ്ധൻ സാബു തോമസ് മുഖ്യാതിഥി ആയിരിക്കും. റിട്ടയർമെന്റ് ആസൂത്രണം, ധനകാര്യ മാനേജ്മന്റ്, എസ്റ്റേറ്റ് പ്ലാനിംഗ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം ക്ലാസ് എടുക്കുകയും ചോദ്യങ്ങൾക്കുള്ള മറുപടി നൽകുകയും ചെയ്യും.
നേരത്തെ ഒന്നായ തിരു-കൊച്ചി നാട്ടു രാജ്യങ്ങളും പിന്നീട് മലബാറും ചേർന്ന് 1956 നവംബർ 1 ന് രൂപീകൃതമായ കേരളം അന്ന് മുതലാണ് കേരളപ്പിറവി ആഘോഷിച്ചു തുടങ്ങിയത്. ലോകത്തിന്റെ ഏതു കോണിൽ ചേക്കേറിയാലും തങ്ങളുടെ ഭാഷയും സംസ്കാരവും പൈതൃകവും മറക്കാത്ത മറ്റു മലയാളികളെപ്പോലെ തന്നെ അമേരിക്കൻ മലയാളികളും എല്ലാ ആഘോഷങ്ങളും നെഞ്ചിലേറ്റുന്നു.
സംഘടനകളിൽ നിന്ന് നാമെന്താണ് പ്രതീക്ഷിക്കുന്നത്. നിരവധി സംഘടനകളുള്ള ഈ രാജ്യത്ത് ഈ സംഘടനകളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് എന്താണ് എന്ന വിഷയത്തെ അധികരിച്ചുള്ള ഒരു ചർച്ചയും കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്നുണ്ട്.
ഈ ആഘോഷത്തിലേക്ക് എല്ലാ ചിക്കാഗോ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി അസ്സോസ്സിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് ലൂക്കോസ്, സിബിൽ ഫിലിപ്പ്, മനോജ് അച്ചേട്ട്, വിവീഷ് ജേക്കബ് എന്നിവർ അറിയിച്ചു.