വാഷിംഗ്ടണ്‍: യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) രാജ്യത്ത് അനധികൃതമായി താമസിച്ചിരുന്ന ഇന്ത്യൻ പൗരന്മാരെ ഈയാഴ്ച ഇന്ത്യയിലേക്ക് നാടു കടത്തിയതായി ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ, നാടു കടത്തപ്പെട്ടവരുടെ കൃത്യമായ എണ്ണമോ കൂടുതല്‍ വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (ഐസിഇ) മുഖേന ഡിഎച്ച്എസ് ഒക്ടോബർ 22 ന് പ്രത്യേക വിമാനം വഴി ഈ ഇന്ത്യൻ പൗരന്മാരെ ഇന്ത്യയിലേക്ക് നാടുകടത്തിയതായി പ്രസ്താവനയിൽ പറയുന്നു. അനധികൃത കുടിയേറ്റത്തെ ചെറുക്കുന്നതിനും മനുഷ്യക്കടത്ത് തടയുന്നതിനും ഇന്ത്യൻ സർക്കാരും മറ്റ് അന്താരാഷ്ട്ര പങ്കാളികളും തമ്മിലുള്ള സഹകരണമാണ് ഈ നാടുകടത്തല്‍ പ്രക്രിയയില്‍ പ്രതിഫലിക്കുന്നത്. ഡി എച്ച് എസ് യുഎസ് ഇമിഗ്രേഷൻ നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയും നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്ന വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുന്നു.
പ്രസിഡൻഷ്യൽ ബോർഡർ സെക്യൂരിറ്റി പ്രഖ്യാപനവും അനുബന്ധ ഇടക്കാല നിയമങ്ങളും 2024 ജൂണിൽ അവതരിപ്പിച്ചതിനുശേഷം, തെക്കുപടിഞ്ഞാറൻ പ്രവേശന പോയിൻ്റുകളിൽ അനധികൃത കുടിയേറ്റ കേസുകളിൽ 55% കുറവുണ്ടായി. ജൂൺ മുതൽ, DHS 160,000-ലധികം വ്യക്തികളെ നാടുകടത്തുകയോ മടക്കി അയക്കുകയോ ഇന്ത്യയുൾപ്പെടെ 145-ലധികം രാജ്യങ്ങളിലേക്ക് 495-ലധികം അന്തർദേശീയ റീപാട്രിയേഷൻ ഫ്ലൈറ്റുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. യുഎസിൽ ആവശ്യമായ നിയമപരമായ കാരണങ്ങളില്ലാതെ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ അതിവേഗം നീക്കം ചെയ്യുന്നതായി പ്രസ്താവനയില്‍ എടുത്തു പറഞ്ഞു.
നിയമവിരുദ്ധ കുടിയേറ്റം കുറയ്ക്കുന്നതിനും സുരക്ഷിതവും നിയമപരവും ചിട്ടയായതുമായ മാര്‍ഗങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും മനുഷ്യക്കടത്ത്, ദുർബലരായ വ്യക്തികളെ ചൂഷണം ചെയ്യുന്നതിനും ഉൾപ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലകളെ ചെറുക്കുന്നതിനും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് അധികാരമുണ്ട്. കഴിഞ്ഞ വർഷം കൊളംബിയ, ഇക്വഡോർ, പെറു, ഈജിപ്ത്, മൗറിറ്റാനിയ, സെനഗൽ, ഉസ്ബെക്കിസ്ഥാൻ, ചൈന, ഇന്ത്യ എന്നിവയുൾപ്പെടെ ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ഡിഎച്ച്എസ് നാടുകടത്തിയിട്ടുണ്ട്.
2010 ന് ശേഷമുള്ള ഏതൊരു വർഷത്തേക്കാളും കൂടുതൽ വ്യക്തികളെ 2024-ൽ ഡി എച്ച് എസ് നാടുകടത്തുകയോ തിരികെ അയക്കുകയോ ചെയ്തിട്ടുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. ഈ ശ്രമം ഇനിയും തുടരുമെന്ന് അവര്‍ സൂചിപ്പിച്ചു.