വയനാട്: വയാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനം ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ധനസഹായങ്ങള്‍ നൽകാതെ അവഗണിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര ചൊവ്വാഴ്ച (ഒക്‌ടോബർ 29) വയനാട് ഉപതെരഞ്ഞെടുപ്പിൻ്റെ പ്രചാരണം ശക്തമാക്കി.
കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ച നിലപാട് ജനങ്ങളോടും രാജ്യത്തോടും കാണിക്കുന്ന അനാദരവിനേയും അവഹേളനത്തെയുമാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി നമ്മളിത് തുടർച്ചയായി കണ്ടുകൊണ്ടിരിക്കുകയാണ്. ഇതേ രാഷ്ട്രീയമാണ് ഇവർ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരോടും കാണിക്കുന്നത്. ഇത്തരത്തിലുള്ള രാഷ്ട്രീയത്തിന്‍റെ ഏറ്റവും വികൃത മുഖമായ മുഖമാണ് നമ്മൾ ഇതിൽ കണ്ടത്. വയനാട്ടിലെ വിദ്യാഭ്യാസമുള്ള യുവാക്കൾക്ക് ജോലി ലഭിക്കണം. ഫുട്‌ബോൾ കളിക്കുന്ന യുവാക്കൾക്ക് പരിശീലനം ലഭിക്കണം.
കായിക മേഖലയിൽ അടക്കം വലിയ പദ്ധതികൾ വരണം. സ്നേഹത്തോടെയും സൗഹാർദത്തോടെയും എങ്ങനെ ജീവിക്കാമെന്ന് വയനാട്ടുകാർ രാജ്യത്തിന് കാണിച്ചുകൊടുത്തു. ഇന്ത്യയുടെ സ്വത്വത്തിന് വേണ്ടി വയനാട്ടുകാർ നിലകൊണ്ടു. വിദ്വേഷത്തിന്‍റെ അങ്ങാടിയിൽ സ്നേഹത്തിന്‍റെ കട തുറക്കുമെന്ന് എൻ്റെ സഹോദരൻ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു ആ കട ആദ്യം തുറന്നത് വയനാട്ടിലാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഏറനാട് നിയോജക മണ്ഡലത്തിലെ തെരട്ടമ്മലിൽ കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
ഇതേ അവസ്ഥ തന്നെയാണ് ഹിമാചൽ പ്രദേശിലും നമ്മൾ കണ്ടത്. ഇവരുടെ വില കുറഞ്ഞ രാഷ്ട്രീയം മൂലം വലിയ ദുരന്തങ്ങൾ സംഭവിക്കുമ്പോഴും ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ല. രാഹുൽ ഗാന്ധിയെ കുറിച്ച് തെറ്റായ പ്രതിച്ഛായ സൃഷ്‌ടിക്കുന്നതിന് വേണ്ടി ബിജെപി കഴിഞ്ഞ പത്ത് വർഷക്കാലമായി ഏറെ പ്രയത്നിക്കുന്നു.
രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം എടുത്ത് കളഞ്ഞു. ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കി. നുണ പ്രചാരണങ്ങളിലൂടെ പരമാവധി അധിക്ഷേപിക്കാൻ ശ്രമിച്ചു. എന്നിട്ടൊന്നും അദ്ദേഹം സത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ നിന്നും പിന്മാറാൻ തയ്യാറായില്ല.
രാജ്യത്തെ വലിയ അഞ്ചോ ആറോ വ്യവസായികളെ സഹായിക്കുന്നതിന് വേണ്ടിയുള്ള തരത്തിലാണ് ബിജെപി നയങ്ങൾ രൂപീകരിക്കുന്നത്. ഇതുമൂലം രാജ്യത്തെ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങൾ അവഗണിക്കപ്പെടുന്നു. എങ്ങനെയെങ്കിലും രാജ്യത്ത് അധികാരത്തിൽ നിലനിൽക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യമെന്നും പ്രിയങ്ക പറഞ്ഞു.
എന്‍റെ കുടുംബം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇത് നമ്മളെല്ലാവരും കൂടി ചേർന്ന് നടത്തേണ്ട പോരാട്ടമാണ്. ഇപ്പോൾ രാജ്യത്ത് നടക്കുന്ന രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനത്തിലല്ല ഇന്ത്യയെന്ന ആശയം ഉണ്ടായിരിക്കുന്നത്.
ഒരു തുള്ളി രക്തം പോലും ചിന്താതെ അഹിംസയുടെ സ്വാതന്ത്ര്യം നേടിയെടുത്ത ചരിത്രമാണ് നമ്മുടെ രാജ്യത്തിനുള്ളത്. ഇത്രയും വൈവിധ്യമുള്ള രാജ്യത്ത് എല്ലാവരും സൗഹാർദത്തോടെ ജീവിക്കുന്നു. സാധാരണ ജനങ്ങളെ ഏറ്റവും ഉയരത്തിൽ പ്രതിഷ്‌ഠിക്കുന്ന ഭരണഘടനയാണ് നമുക്കുള്ളത്. ജനാധിപത്യം എന്നതുകൊണ്ട് അർഥമാക്കുന്നത് അതാണ്. ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് പ്രാധാന്യം.
എന്നാൽ രാജ്യം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയം ഇതിൽ നിന്നും വ്യത്യസ്‌തമാണ്. രാജ്യത്തിന്‍റെ സത്വത്തെക്കുറിച്ച് അവർക്ക് യാതൊരു ബോധവുമില്ല. അവർ ജനാധിപത്യത്തെ നശിപ്പിക്കാനാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങൾക്കിടയിൽ വിദ്വേഷവും വെറുപ്പും പകയും പ്രചരിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നത്.
കായിക മേഖലകളടക്കം വലിയ പദ്ധതികൾ വരണം. സ്നേഹത്തോടെയും സൗഹാർദത്തോടെയും എങ്ങനെ ജീവിക്കാമെന്ന് വയനാട്ടുകാർ രാജ്യത്തിന് കാണിച്ചുകൊടുത്തു. ഇന്ത്യയുടെ സ്വത്വത്തിന് വേണ്ടി വയനാട്ടുകാർ നിലകൊണ്ടു.
എടവണ്ണ ഫുട്ബോൾ മത്സരം നടക്കുന്ന എടവണ്ണ സീതി ഹാജി മെമ്മോറിയൽ ഫുട്ബോൾ സ്റ്റേഡിയത്തിലേക്ക് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി എത്തിയത് ആവേശമായി. തെരട്ടമ്മൽ പൊതുയോഗത്തിന് ശേഷം മമ്പാടേക്കുള്ള യാത്രാമധ്യേയാണ് ഫുട്ബോൾ മത്സരം നടക്കുന്ന ഗ്രൗണ്ടിൽ പ്രിയങ്ക എത്തിയത്.
15 മിനിറ്റോളം മത്സരം വീക്ഷിച്ച പ്രിയങ്ക, ഗ്രൗണ്ടിൽ കളിക്കാർക്ക് ഹസ്‌തദാനം നൽകി. കോച്ചുമാരായ ജിത്തു സി, സുനിൽ കെസി, റഫറി കബീർ എന്നിവരുമായും പ്രിയങ്ക ഗാന്ധി ഏറെ നേരം സംസാരിച്ചു. കെസി വേണുഗോപാൽ എംപി എപി അനിൽ കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഈ ഉപതിരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന പ്രിയങ്ക ഗാന്ധി, എൽഡിഎഫിൻ്റെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ സത്യൻ മൊകേരിക്കെതിരെയും കോഴിക്കോട് കോർപ്പറേഷനിൽ രണ്ടുതവണ കൗൺസിലറായ ബിജെപിയുടെ നവ്യ ഹരിദാസിനെതിരെയുമാണ് മത്സരിക്കുന്നത്.
അടുത്തിടെ നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ വിജയിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധി സീറ്റ് ഒഴിഞ്ഞതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നവംബർ 13നാണ് ഉപതെരഞ്ഞെടുപ്പ്.