ഇനി ഫൊക്കാന ഇന്റർനാഷണൽ: സണ്ണി മറ്റമന പ്രസിഡൻറ്; ഡോ. കല ഇൻ്റർനാഷണൽ ചെയർ; പ്രവർത്തനോത്ഘാടനം നവംബർ 9 ന് ന്യൂയോർക്കിൽ

ന്യൂയോർക്ക്: വടക്കേ അമേരിക്കൻ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിലെ അവിഭാജ്യഘടകമായ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷന്‍സ് ഇൻ നോർത്ത് അമേരിക്ക (FOKANA) അതിന്റെ അലകും പിടിയും രൂപമാറ്റം വരുത്തി ഫൊക്കാന ഇന്റർനാഷണൽ ആകുന്നു. നാൽപത്തിയൊന്ന് വർഷത്തെ പാരമ്പര്യവും പ്രൗഢിയും നിലനിർത്തിക്കൊണ്ട് ആനുകാലിക പ്രതിസന്ധികളിൽ നിന്നും ഉൾക്കൊണ്ട കരുത്തും കർമശേഷിയും ഊർജമാക്കി ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒരുമിച്ചു കൂടാനുള്ള പൊതു വേദിയായി മാറുകയാണ് ഫൊക്കാന. കഴിഞ്ഞ കാലങ്ങളിൽ ഫൊക്കാനയെ വളർത്തി വലുതാക്കിയ തലതൊട്ടപ്പന്മാരുൾപ്പടെയുള്ള ഭാരവാഹികൾ 2024 നവംബര്‍ ഒൻപതാം തീയതി ന്യൂയോർക്കിൽ സമ്മേളിക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

നാല്പത്തിയൊന്നിന്റെ നിറവിൽ എത്തി നിൽക്കുന്ന ഫൊക്കാനയെ നയിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘടനാ പ്രതിനിധികളാണ് മുന്നോട്ടു വന്നിരിക്കുന്നത്. സംഘടനക്ക് സാർവദേശീയ മുഖം നൽകുക എന്ന കാഴ്ചപ്പാടിലായിരിക്കും പുതിയ ഭാരവാഹികൾ പ്രവർത്തിക്കുക.

ഇരുപത്തിരണ്ടു രാജ്യങ്ങളിൽ നിന്നും ഇതിനകം തന്നെ അംഗ സംഘടനകൾ മുന്നോട്ടു വന്നിട്ടുണ്ട്. യുവാക്കളും സ്ത്രീകളും സംരംഭകരും ഉൾപ്പടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കഴിവു തെളിയിച്ചവരെ ഉൾപ്പെടുത്തി ഫൊക്കാനയെ പ്രവാസികളുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്കാകും പ്രഥമ പരിഗണന. ദീർഘകാലം ഫൊക്കാനയിൽ വിവിധ നിലകളിൽ പ്രവർത്തിച്ചു പരിചയ സമ്പന്നരായ സണ്ണി മറ്റമന (പ്രസിഡന്റ്), എബ്രഹാം ഈപ്പൻ (ജനറൽ സെക്രട്ടറി), സണ്ണി ജോസഫ് (ട്രഷറര്‍), ഡോ. കല (ഇൻറർനാഷണൽ കോഓർഡിനേറ്റിംഗ് ചെയർപേഴ്സൺ), റജി കുര്യൻ (ഇൻ്റർനാഷണൽ കോഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ അറുപതംഗ എക്സിക്യൂട്ടീവ് കമ്മറ്റി ആയിരിക്കും 2024-26 വർഷത്തിൽ ഫൊക്കാനയെ നയിക്കുക. നവംബറില്‍ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ചു നടത്തുന്ന പത്രസമ്മേളനത്തിൽ ഫൊക്കാനയുടെ നിലപാടുകൾ വ്യക്തമാക്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

മുൻ രാഷ്ട്രപതിയായിരുന്ന ശ്രീ കെ ആർ നാരായണൻ 1983 ൽ ഇന്ത്യൻ അംബാസിഡർ ആയിരിക്കവേ മുൻകൈയെടുത്തു സ്ഥാപിച്ച ‘സംഘടനകളുടെ സംഘടന’യായ ഫൊക്കാനക്ക് ഇന്ന് ലോക മലയാളി സംഘടനയിൽ പ്രഥമ സ്ഥാനമാണുള്ളത്. പക്ഷെ, 2024 ൽ ജൂലൈയിൽ നടന്ന കൺ‌വന്‍ഷനും അതിനോടനുബന്ധിച്ചു നടക്കേണ്ടിയിരുന്ന ജനറൽ കൗണിസില്‍ മീറ്റിംഗും തിരഞ്ഞെടുപ്പും ഒരുപറ്റം സ്ഥാനമോഹികൾ വിദഗ്ധമായി, കുത്സിത പ്രവർത്തനങ്ങളിലൂടെ തട്ടിയെടുത്തു സംഘടനയുടെ പ്രതിച്ഛായക്ക് മങ്ങലേല്പിക്കുകയുണ്ടായി. ഈ സംഭവങ്ങൾ കേവലം ഒരു കടലാസു സംഘടനയെ മുൻനിർത്തി Fokana Inc എന്ന പേരുണ്ടാക്കി, യഥാർത്ഥ ഫൊക്കാനയുടെ ഫണ്ടുകൾ തട്ടിയെടുക്കാനുള്ള ഹീന ശ്രമമാണ് നടത്തിയത്. മുൻ ഭാരവാഹികളും, അംഗസംഘടനകളും, മുൻ പ്രസിഡന്റുമാരും മറ്റു മുതിർന്ന ഭാരവാഹികളും ഒരുപോലെ ആവശ്യപ്പെട്ടതനുസരിച്ച് നിരവധി ചർച്ചകൾക്കും അഭിപ്രായരൂപീകരണത്തിനും ശേഷമാണു യഥാർഥ ഫൊക്കാന നിലനിൽക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി ലോകമലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കി മുന്നോട്ടുപോകാൻ തങ്ങൾ തീരുമാനിച്ചത് എന്നും ഭാരവാഹികൾ അറിയിച്ചു.

2008 ൽ മെരിലാൻഡ് സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത, യഥാര്‍ത്ഥ ഫൊക്കാനയുടെ പേരിനോട് സാമ്യമുള്ള (ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ചുരുക്കപ്പേരായ FOKANA അടര്‍ത്തിയെടുത്ത്), സ്വന്തമായ നിയമാവലിയോ അംഗസംഘടനകളോ ഭാരവാഹികളോ ഇല്ലാത്ത ഒരു പേപ്പർ സംഘടനയുടെ മറവിൽ, വിരലിലെണ്ണാവുന്ന ചില കുബുദ്ധികൾ മലയാളി സമൂഹത്തെയും, ഗവണ്മെന്റ് ഏജൻസികളെയും ഗണ്മെന്റിനെ തന്നെയും കബളിപ്പിച്ച്, നിയമവിരുദ്ധമായ പ്രവർത്തനങ്ങളോട് ഫൊക്കാന നേതൃത്വത്തിന് താത്പര്യമില്ലെന്ന് മാത്രമല്ല, അതുമൂലം ഉണ്ടാകാവുന്ന നിയമ കുരുക്കുകൾക്ക് തങ്ങൾ ഉത്തരവാദികൾ ആയിരിക്കില്ല എന്നും ഭാരവാഹികൾ അറിയിക്കുന്നു.

നവംബര്‍ ഒൻപതാം തീയതി നടക്കുന്ന ഫൊക്കാന ഇന്റർനാഷണല്‍ എക്സിക്യൂട്ടീവ് യോഗമാണെങ്കിൽ കൂടി ഫൊക്കാനയെ സ്നേഹിക്കുന്ന എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പത്രക്കുറിപ്പിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റോബർട്ട് അരീച്ചിറ (845) 309-6849, ഡോ. അജു ഉമ്മൻ (347) 869-7641 എന്നിവരുമായി ബന്ധപ്പെടാനും അഭ്യർത്ഥിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News