“പണി” എട്ടിന്റെ പണിയാക്കി മാറ്റിയ ജോജു ജോർജിന്റെ മാന്ത്രികസ്പർശം: സിനിമാ റിവ്യൂ

ഗു ണ്ടാവിളയാട്ടവും മാഫിയതേർ വാഴ്ചയും ബോംബെ അധോലോകത്തിൽ അഴിഞ്ഞാടുന്നത് , മലയാളികൾ പല സിനിമകളിലൂടെ ആസ്വദിച്ചിട്ടുള്ളതാണ്. എന്നാൽ തൃശൂർ ഗഡികൾ, സ്വരാജ് റൗണ്ടിന് ചുറ്റും ചെണ്ടമേളവും പുലിക്കളിയും കാവടിയും ഇടക്കിടയ്ക്ക് വെടിക്കെട്ടും തകർത്തടിക്കുന്നതിനിടയിൽ, എട്ടിന്റെ പണിയുമായി ഒരു ക്രൈം ത്രില്ലർ സുഗമമായി അരങ്ങേറ്റിയ സിനിമയാണ് “പണി”.

ക്രിമിനൽ ചായ്‌വുള്ള രണ്ട് ചെറുപ്പക്കാർ ഒരു ദമ്പതികളുടെ സമാധാനപരമായ ദാമ്പത്യജീവിതം അപ്രതീക്ഷിതമായി തടസ്സപ്പെടുത്തുമ്പോൾ, പ്രതികാരത്തിന്റെ ഭാഗമായി തൃശ്ശൂരിലെ ആൾക്കൂട്ട ജീവിതങ്ങളെ തകിടം മറിക്കുന്ന കുറെ സംഭവങ്ങൾ പിന്തുടരുന്നത് തീയേറ്ററിനുള്ളിൽ കാണികളെ ശ്വാസമടക്കി ഇരുത്തുന്നതിൽ വിജയിച്ചിരിക്കുന്നു.

ഒരു പെണ്ണിനെ, അതും ഒരു കുടുംബിനിയെ തൊടാനും പിടിക്കാനുമുള്ള ഡോൺ എന്ന ഞരമ്പുരോഗിയുടെ ചൊറിച്ചിൽ, നിരവധി ഗുണ്ടാകളെ വകവരുത്തുന്നതിൽ വരെ കലാശിക്കുന്ന കുശാഗ്രബുദ്ധി തന്മയത്വമായി കൈകാര്യം ചെയ്തിരിക്കുന്നു.
പോലീസിന്റെ സ്ഥിരം വലവീശൽ തന്ത്രങ്ങൾ ഒരു വശത്ത് നടക്കുന്നുവെങ്കിലും, ഇന്നത്തെ തലമുറയുടെ ഒളിപ്പോരിന്റെ സമവാക്യങ്ങളിൽ എത്തിപ്പെടാൻ പരാജയപ്പെടുന്നതും നന്നായി ചിത്രീകരിച്ചിരിക്കുന്നു.

ജോജു ജോർജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ഇന്ത്യൻ മലയാളം ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘പണി’. ജോജു, സാഗർ സൂര്യ, ജുനൈസ് വിപി, ബോബി കുര്യൻ, അഭിനയ, അഭയ് ഹിരണ്മയി, സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ, റിനോഷ് ജോർജ്, ജയരാജ് വാര്യർ, ബാബു നമ്പൂതിരി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. വിഷ്ണു വിജയ്, സാം സിഎസ്, സന്തോഷ് നാരായണൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. 2023 ഒക്ടോബർ 9 ന് കേരളത്തിലെ തൃശൂരിൽ ഷൂട്ടിങ് ആരംഭിച്ച ‘പണി ‘ 2024 ഒക്ടോബർ 24ന് തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ
ജോജു ജോർജ് എന്ന മഹാനടന്റെ ഇതര സാമർഥ്യങ്ങൾക്കും ഒരു പൊൻതൂവൽ ആകുമെന്ന് തോ ന്നുന്നു.

ജോജു ജോർജിന്റെ സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ച ‘പണി’, റിവഞ്ച് ത്രില്ലർ വിഭാഗത്തിലേക്കുള്ള നവോന്മേഷദായകവും ശക്തവുമായ എൻട്രിയാണ്, പക്ഷേ പണി പാളിയോ എന്ന് പലയിടത്തും സംശയം ജനിപ്പിക്കുന്നു. പണിയുടെ ഇതിവൃത്തം നേരായതും ചുരുക്കം ചില വാചകങ്ങളിൽ സംഗ്രഹിക്കാവുന്നതുമാണ്, എന്നാൽ ജോജുവിന്റെ ശ്രദ്ധേയമായ രചനയും സംവിധാനവുമാണ് സിനിമയെ സവിശേഷമായ ഒന്നിലേക്ക് ഉയർത്തുന്നത്. സിനിമാ ഇൻഡസ്‌ട്രിയിൽ തനിക്കു നിശ്ചയിച്ചിരിക്കുന്ന അതിർവരമ്പുകൾ ഭേദിക്കാനുള്ള ജോജുവിന്റെ ശ്രമം പ്രശംസനീയമാണ്, കൂടാതെ താൻ ആ ദൗത്യത്തിന് തയ്യാറാണെന്ന് പണി വ്യക്തമാക്കുന്നു. എതിരാളികൾ നായകന്മാരെ ചുറ്റിപ്പറ്റിയുള്ള മിക്ക സിനിമകളിൽ നിന്നും വ്യത്യസ്തമായി, ‘പണി’ ഹൈടെക് ഒരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

ഗിരിയും (ജോജു) അവന്റെ സുഹൃത്തുക്കളും കുടുംബവുമായി വിരാജിക്കുന്ന തൃശ്ശൂരിൽ തങ്ങളുടേതായ പേര് ഉണ്ടാക്കാൻ ശ്രമിക്കുന്ന ഹിറ്റ്മാൻമാരുടെ (ക്വട്ടേഷൻ ഗുണ്ടാസംഘങ്ങളുടെ) അതിമോഹിയായ ഒരു ജോഡിയെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്.

ഡോൺ (സാജൻ സൂര്യ) എന്ന അതിമോഹിയായ ഗുണ്ടാപയ്യനു തന്റെ കാമപൂരണങ്ങൾക്കും മറ്റു അതിക്രമങ്ങൾക്കും കുട പിടിച്ചു ശാന്തനായി സന്തത സഹചാരിയായി അന്ത്യം വരെ ജുനൈസ് നൽകുന്ന കൂട്ടുകെട്ടിന്റെ വിജയമാണ് ‘പണി’ യെ ഒരു റിവഞ്ച് ത്രില്ലർ ശ്രേണിയിൽ സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.

ഗിരിയെയും കൂട്ടരെയും പിന്തുടരുന്നതിലും പിരിമുറുക്കം നിലനിറുത്തുന്നതിലും, അവരുടെ തകർച്ച പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിപ്പിക്കുന്നതിലും, ജോജു നിലനിർത്തിയ ഉദ്വേഗമാണ് പണിയേ വ്യത്യസ്തമാക്കുന്നത്.

ഛായാഗ്രഹണമായിരുന്നു മറ്റൊരു പ്രത്യേകത. ചില ഷോട്ടുകൾ, പ്രത്യേകിച്ച് കാർ ചേസ് സീക്വൻസ്, അത്യുജ്ജ്വലമായി എക്സിക്യൂട്ട് ചെയ്തിരിക്കുന്നു. ക്ലൈമാക്‌സിലെ ‘ഡിഫൻഡർ’ രംഗം കാവ്യാത്മകമായി ശ്രേഷ്ഠമാക്കിട്ടിരിക്കുന്നു. കൂടാതെ, പണിയിലെ സ്ത്രീകളുടെ ചിത്രീകരണം അശ്ലീലതയിലേക്കു കടന്നുപോകാതെ ശരിയായി ചെയ്തുവെന്ന് പറയാം, അവിടെ അവരെ വെറും കാഴ്ചക്കാരായി കാണിക്കുന്നില്ല, മറിച്ച് സജീവമായി പങ്കെടുക്കുന്നവരും കാറുകൾ ഓടിക്കുന്നവരും തോക്കുകൾ ചൂണ്ടുന്നവരും ഉത്തരവാദിത്വങ്ങൾ സ്വന്തമായി കൈകാര്യം ചെയ്യുന്നവരുമാണ്. സീമയുടെ കഥാപാത്രം വളരെ ഹൃസ്വമായിരുന്നെങ്കിലും, ഈ കഥയെ ഉജ്ജ്വലമാക്കിയിരിക്കുന്നു.

കഥയുടെ അവസാനത്തിൽ, ജോജുവിന്റെ സഹോദരിയുടെ കലിപ്പ് തീർക്കാൻ ഡോണിന്റെ നിർജീവമായ ശരീരഭാഗങ്ങളിൽ വെടിയുതിർക്കുന്നതു പോലും പണിയുടെ വീര്യം കൂട്ടിയിട്ടുണ്ട്,.

മൊത്തത്തിൽ, ജോജു കൊടുത്ത ‘പണി’ഒരു അസാധാരണ സിനിമയാണ്. തൃശ്ശൂരിന്റെ അതിശയിപ്പിക്കുന്ന ഡ്രോൺ ഷോട്ടുകളും ചിത്രത്തിന്റെ ഉജ്ജ്വലമായ നിർവ്വഹണവും കൂടിച്ചേർന്ന് അതിനെ വലിയ സ്‌ക്രീനിൽ കണ്ടിരിക്കേണ്ട ഒന്നാക്കി മാറ്റിയിരിക്കുന്നു. തിയേറ്ററുകളിൽ അത് അനുഭവിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുത്.

കാഴ്‌ചക്കാരെ സംബന്ധിച്ചിടത്തോളം, “ക്രൂകേട് ഹൌസ്” എന്ന അഗതാ ക്രിസ്റ്റി നോവലിന്റെ ആഴവും ഗൂഢാലോചനകളും ഉള്ള ഒരു ആകർഷകമായ ക്രൈം ത്രില്ലർ സിനിമായാണ് പണി – അതും പൂർണ്ണമായും തൃശൂർ ശൈലിയിൽ!!

Print Friendly, PDF & Email

Leave a Comment

More News