സുരേഷ് ഗോപിയുടെ “ഒറ്റ തന്ത” പ്രയോഗം: സ്കൂള്‍ കായിക മേളയ്ക്ക് അദ്ദേഹത്തെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവേദികളില്‍ എന്തും വിളിച്ചു പറയുന്ന നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍‌കുട്ടി പറഞ്ഞു. വേദിയില്‍ കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന ഭയമുള്ളതിനാലാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. എന്തും എവിടെ വെച്ചും വിളിച്ചുപറയുന്ന പ്രകൃതക്കാരനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ “ഒറ്റത്തന്ത” പ്രയോഗത്തിൽ മാപ്പ് പറയുകയാണെങ്കിൽ സുരേഷ് ഗോപിക്ക് കായികമേളയ്ക്ക് വരാമെന്നും മന്ത്രി പറഞ്ഞു.

ഒരുപാട് ചരിത്ര സംഭവങ്ങൾ കേരള രാഷ്ട്രീയത്തിൽ നടന്നിട്ടുണ്ട് എന്ന് പറഞ്ഞ അദ്ദേഹം സുരേഷ് ഗോപിയുടെ ഒറ്റതന്ത പ്രയോഗം ചരിത്രത്തിൽ രേഖപ്പെടുത്തും എന്നും കേരള സ്കൂൾ കായികമേളയുടെ പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് സന്ദർശിച്ചതിനു പിന്നാലെ പ്രതികരിച്ചു. തൃശ്ശൂർ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ വെല്ലുവിളിച്ചു കൊണ്ടാണ് ചേലക്കരയിലെ ബിജെപി തെരഞ്ഞെടുപ്പ് യോഗത്തിൽ സുരേഷ് ഗോപി വിവാദമായ ഒറ്റത്തന്ത പരാമർശം നടത്തിയത്.

ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നവംബർ നാലിന് കൊച്ചിയിൽ തുടക്കമാകും. 17 വേദികളിലായി 24000 ത്തോളം കുട്ടികൾ മത്സരിക്കുന്ന കായികമേളയിൽ ചരിത്രത്തിൽ ആദ്യമായി രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികളും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ഇത്തവണത്തെ കായികമേളയുടെ ബ്രാൻഡ് അംബാസിഡർ പി ആർ ശ്രീജേഷ് ആണ്. കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ മെഡൽ സമ്മാനമായി ലഭിക്കും. അതേസമയം കായികമേളയ്ക്കുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News